‘കേരള സഹകരണ സംരക്ഷണ നിധി’ക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു

moonamvazhi

സഹകരണ സംഘങ്ങളെ സഹായിക്കാനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ‘കേരള സഹകരണ സംരക്ഷണ നിധി’ക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിനെയാണ് സ്‌പെഷല്‍ ഓഫീസറാക്കിയത്. സഹകരണ സംരക്ഷണ നിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപിപ്പിക്കുകയാണ് സ്‌പെഷല്‍ ഓഫീസറുടെ ചുമതല.

കേരളത്തിലെ സഹകരണ സംഘങ്ങളുടെ സുസ്ഥിരതയും സമഗ്രവികസനവും ഉറപ്പുവരുത്തുന്നതിനായി കേരള സഹകരണ സംരക്ഷണ നിധി രൂപീകരിക്കുന്നതെന്നാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഇത് സംബന്ധിച്ച് ഒരു വ്യക്തത ഉണ്ടായിരുന്നില്ല. പുതിയ ബജറ്റില്‍ സഹകരണ സംരക്ഷണ നിധിക്കായി ബജറ്റില്‍ 4.20 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ കരുതല്‍ ധനവും സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് സംരക്ഷണനിധി രൂപീകരിക്കുകയെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നിധിയുടെ രൂപീകരണവും വിതരണവും എങ്ങനെയാകണമെന്നത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ കരട് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സഹകരണ ചട്ടത്തിലടക്കം ഭേദഗതി വരുത്തേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതിനുള്ളത്. ഇത്തരം കാര്യങ്ങളില്‍ വകുപ്പ് തലത്തില്‍ ഏകോപനമുണ്ടാക്കുകയാണ് സ്‌പെഷല്‍ ഓഫീസറുടെ ചുമതല. ജനുവരി 17ന് സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് സ്‌പെഷല്‍ ഓഫീസറുടെ നിയമിച്ചത്. സഹകരണ വകുപ്പിലെ 100 ദിന കര്‍മ്മപരിപാടിയുടെ വിലയിരുത്തലിനാണ് യോഗം ചേര്‍ന്നത്.

ലാഭത്തിന്റെ 15 ശതമാനമാണ് സഹകരണ സംഘങ്ങള്‍ കരുതലായി മാറ്റിവെക്കുന്നത്. ഇത് അതത് സംഘങ്ങളുടെ പേരിലാണ് കേരളബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍നിന്ന് ഒരുവിഹിതമാണ് സംരക്ഷണ നിധിയിലേക്ക് മാറ്റുന്നത്. നിലവിലെ ചട്ടം അനുസരിച്ച് അതത് സംഘങ്ങളുടെ ആവശ്യത്തിന് അല്ലാതെ കരുതല്‍ നിക്ഷേപം ഉപയോഗിക്കാനാകില്ല. ഈ ചട്ടത്തിലാണ് മാറ്റം വരുത്തേണ്ടത്. എന്നാല്‍, സഹകരണ സംരക്ഷണ നിധി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുന്ന വിധത്തിലാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ 500 കോടിരൂപ സഹകരണ സംരക്ഷണ നിധിയില്‍ ഉറപ്പാക്കണമെന്നാണ് സഹകരണ വകുപ്പ് കണക്കാക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കരുതല്‍ ധനം മാത്രവും ഇതിലേക്ക് മാറ്റാന്‍ സാധ്യതയുള്ളത്. കരുതല്‍ നിക്ഷേപത്തിന് കേരളബാങ്ക് നല്‍കുന്ന പലിശ, നിധിയിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് നല്‍കും. ഇങ്ങനെ നിധിയിലേക്ക് നല്‍കുന്ന നിക്ഷേപവും നിശ്ചിത കാലപരിധിക്ക് ശേഷമോ അടിയന്തര സാഹചര്യത്തിലോ പലിശയടക്കം പിന്‍വലിക്കാനാകും. ഇതിന്റെ വിശദാംശങ്ങളടങ്ങുന്നതാണ് രജിസ്ട്രാര്‍ തയ്യാറാക്കിയ പദ്ധതിരേഖ.

Leave a Reply

Your email address will not be published.

Latest News