കേരള സഹകരണ റിസ്‌ക്ഫണ്ട്: പുതിയ വ്യവസ്ഥകളുമായി രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

moonamvazhi

കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്നു ഏതാനും വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി സഹകരണസംഘം രജിസ്ട്രാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വ്യവസ്ഥകള്‍ ഇവയാണ്:  1. വായ്പയെടുത്ത അംഗം വായ്പാകാലാവധിയിലോ കാലാവധി കഴിഞ്ഞ് ആറു മാസത്തിനുള്ളിലോ മരിച്ചാല്‍ മരിച്ചയാളുടെ പേരില്‍ അന്നേ ദിവസം ബാക്കിനില്‍ക്കുന്ന വായ്പാമുതലോ മൂന്നു ലക്ഷം രൂപയോ, ഏതാണു കുറവ് ആ തുക, ഫണ്ടില്‍നിന്നു നല്‍കാവുന്നതാണ്. ഒന്നില്‍ക്കൂടുതലാളുകള്‍ ചേര്‍ന്നു എടുത്ത കോ-ഒബ്ലിഗന്റ് ഉള്‍പ്പെട്ട കൂട്ടായ വായ്പയാണെങ്കില്‍ ( SHG, JLG, കുടുംബശ്രീ വായ്പകളുള്‍പ്പെടെയുള്ളവ ) അതിലൊരു വായ്പക്കാരന്‍ മരിച്ചാല്‍ ആ വായ്പക്കാരന്റെ മരണത്തീയതിയില്‍ ബാക്കിനില്‍ക്കുന്ന തുകയില്‍ ആനുപാതികമായ തുകയും ഫണ്ടില്‍നിന്നു നല്‍കാം.
2. വായ്പാകാലാവധിക്കുള്ളില്‍ വായ്പക്കാരനു മാരകരോഗം പിടിപെട്ട് വായ്പാബാധ്യത തീര്‍ക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ വായ്പാമുതലിനത്തില്‍ പരമാവധി 1,25,000 രൂപ മറ്റു നിബന്ധനകള്‍ക്കു വിധേയമായി ആനുകൂല്യം നല്‍കേണ്ടതാണ്. കോ-ഒബ്ലിഗന്റ് ഉള്‍പ്പെട്ട കൂട്ടായ വായ്പയാണെങ്കില്‍ ആനുപാതികത്തുക മാത്രമേ ചികിത്സാസഹായമായി കിട്ടൂ. ഇങ്ങനെ ധനസഹായം കിട്ടിയയാള്‍ മരിച്ചാല്‍ അര്‍ഹതയുള്ള ധനസഹായത്തില്‍നിന്നു കിട്ടിയ ആനുകൂല്യം കിഴിച്ചു ബാക്കിസംഖ്യയ്‌ക്കേ അര്‍ഹതയുണ്ടാകൂ.
3.  മരിച്ചതോ മാരകരോഗം ബാധിച്ചതോ ആയവരുടെ പേരിലുള്ളതും മരിച്ചതോ മാരകരോഗം പിടിപെട്ടതോ ആയ തീയതിയില്‍ 70 വയസ്സില്‍ കൂടാത്തതോ ആയ വായ്പക്കാരുടെ വായ്പകള്‍ക്കുമാത്രമാണു മരണാനന്തര ആനുകൂല്യവും ചികിത്സാധനസഹായവും കിട്ടുക. ഈ ഭേദഗതി നിലവില്‍ വരുമ്പോള്‍ മുന്‍കാലങ്ങളില്‍ നല്‍കിയതും ബാക്കിനില്‍പ്പുള്ളതുമായ വായ്പകളേയും ഈ ഭേദഗതിപ്രകാരം വര്‍ധിപ്പിച്ച നിരക്കിലുള്ള വിഹിതം, ഭേദഗതിഉത്തരവിന്റെ തീയതിമുതല്‍ ആറു മാസത്തിനകം അടച്ച് വായ്പാമുതലില്‍ മൂന്നു ലക്ഷംവരെയുള്ള ധനസഹായം ലഭ്യമാക്കാം. ഒരാള്‍ എത്ര വായ്പകളെടുത്താലും നിയമാനുസൃത റിസ്‌ക്ഫണ്ട് വിഹിതം അടച്ച് ഓരോ വായ്പയേയും പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. ഇങ്ങനെ ചേര്‍ക്കുന്ന ഓരോ വായ്പക്കും വായ്പക്കാരന്റെ മരണത്തീയതിയില്‍ ബാക്കിനില്‍പ്പുള്ള മുതലിനത്തില്‍ പരമാവധി മൂന്നു ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ടാകും. എന്നാല്‍, ഒരാള്‍ ഒരു സംഘത്തില്‍നിന്നോ പല സംഘങ്ങളില്‍നിന്നോ എത്ര വായ്പകളെടുത്താലും പരമാവധി ആറു ലക്ഷം രൂപവരെ മാത്രമേ റിസ്‌ക്ഫണ്ട് ധനസഹായമായി അനുവദിക്കുകയുള്ളു.
4.  വായ്പത്തുകയുടെ പരിധി പരിഗണിക്കാതെ അര്‍ഹമായ എല്ലാ വായ്പകളും ഈ പദ്ധതിയില്‍പ്പെടുത്താം. എന്നാല്‍, അത്തരം വായ്പകള്‍ക്കും വായ്പാമുതലിനത്തില്‍ പരമാവധി മൂന്നു ലക്ഷം രൂപവരെയേ ആനുകൂല്യം കിട്ടൂ.
5.  2022 ഒക്ടോബര്‍ 11 മുതല്‍ നല്‍കുന്ന ഓരോ വായ്പത്തുകയില്‍നിന്നും 0.7 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞതു 100 രൂപയും പരമാവധി രണ്ടായിരം രൂപയും അതിന്റെ ജി.എസ്.ടി.യും ബന്ധപ്പെട്ട സംഘം വായ്പക്കാരനില്‍നിന്ന് ഈടാക്കി ബോര്‍ഡിലേക്ക് അടയ്ക്കണം. ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്ത നിലവിലുള്ള വായ്പക്കാരെ ബാക്കിനില്‍പ്പ് വായ്പത്തുക അടിസ്ഥാനമാക്കി റിസ്‌ക്ഫണ്ട് വിഹിതം ഈടാക്കി 2022 ഒക്ടോബര്‍ 11 മുതല്‍ ആറു മാസത്തിനകം പദ്ധതിയില്‍ ചേര്‍ക്കാം.
6.  കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്നു റിസ്‌ക്ഫണ്ട് ധനസഹായമായി ആറു ലക്ഷം രൂപയില്‍ക്കൂടുതല്‍ കിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നു രേഖപ്പെടുത്തി വായ്പക്കാരന്റെ അവകാശി സമര്‍പ്പിച്ച പ്രഖ്യാപനത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷക്കൊപ്പം നല്‍കണം.
7.  കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്നു ചികിത്സാധനസഹായമായി 1,25,000 രൂപയില്‍ക്കൂടുതല്‍ കിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നു രേഖപ്പെടുത്തി വായ്പക്കാരന്‍ സമര്‍പ്പിച്ച പ്രഖ്യാപനത്തിന്റെ പകര്‍പ്പ് അപേക്ഷക്കൊപ്പം നല്‍കണം.
8.  വികസന ക്ഷേമനിധി ഫണ്ട് മാനേജിങ് കമ്മിറ്റിയാണു ധനസഹായം അനുവദിക്കുന്ന അധികാരി. അസി. രജിസ്ട്രാര്‍ /  മാനേജര്‍മാരുടെയും ജോ. രജിസ്ട്രാര്‍ /  സെക്രട്ടറിയുടെയും പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കേണ്ടത്. അനുവദിച്ചുകഴിഞ്ഞാല്‍ തുക ബന്ധപ്പെട്ട സംഘത്തിനു ട്രാന്‍സ്ഫര്‍ ചെയ്യണം. ബന്ധപ്പെട്ട അനന്തരാവകാശിയെയും അറിയിക്കണം. മരണത്തീയതിയില്‍ മൂന്നു ലക്ഷം രൂപവരെ മാത്രം ബാക്കിനില്‍പ്പുള്ള വായ്പയില്‍ ആ തീയതിക്കുശേഷം മുതലിനത്തില്‍ തിരിച്ചടവു നടത്തിയിട്ടുണ്ടെങ്കില്‍ ബോര്‍ഡില്‍നിന്നു ഈ തുകയ്ക്കു ധനസഹായം കിട്ടുന്നമുറയ്ക്കു അധികമായി അടച്ച തുക വായ്പക്കാരന്റെ അനന്തരാവകാശിക്കു സംഘം തിരികെ നല്‍കണം.
9.  വായ്പക്കാരന്‍ മരിച്ചാല്‍ അന്നേദിവസം വായ്പക്കാരന്റെ പേരില്‍ ബാക്കിനില്‍ക്കുന്ന മുതലില്‍ പരമാവധി മൂന്നു ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടില്‍നിന്നു സംഘത്തിനു നല്‍കാം.
10.  വായ്പക്കാരില്‍നിന്നു ഓരോ മാസവും ഈടാക്കുന്ന പുതുക്കിയ നിരക്കിലുള്ള റിസ്‌ക്ഫണ്ട് പ്രീമിയം തുക തൊട്ടടുത്ത മാസം പതിനഞ്ചിനുള്ളില്‍ ബോര്‍ഡിന്റെ പേരില്‍ കേരള ബാങ്കിലുള്ള ബന്ധപ്പെട്ട അക്കൗണ്ടില്‍ അടയ്ക്കണം. ഇപ്രകാരം അടയ്ക്കാതെയോ വായ്പക്കാരില്‍നിന്നു പ്രീമിയംതുകയും ജി.എസ്.ടി.യും ഈടാക്കാതെയോ വായ്പക്കാരനു റിസ്‌ക്ഫണ്ട് ആനുകൂല്യം നഷ്ടപ്പെട്ടാല്‍ ഉത്തരവാദി സംഘത്തിലെ ചീഫ് എക്‌സിക്യുട്ടീവായിരിക്കും.
11.  ബോര്‍ഡില്‍ നിന്ന് അനുവദിക്കുന്ന റിസ്‌ക്ഫണ്ട് ആനുകൂല്യത്തുകയില്‍ മുതലിനത്തില്‍ അനുവദിക്കുന്ന തുക മുതലിലും പലിശയിനത്തിലെ തുക പലിശയിലും മാത്രമേ വായ്പക്കാരന്റെ വായ്പക്കണക്കില്‍ വരവു വെക്കാവൂ. അല്ലാതെ, സംഘത്തിന്റെ സസ്പന്‍സ് അക്കൗണ്ടില്‍ വരവു വെയ്ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News