കേരള സഹകരണ മാതൃകയില്‍ ആപ്പിള്‍ കര്‍ഷകരെ സംഘടിപ്പിക്കും- അഖിലേന്ത്യാ കിസാന്‍ സഭ

Deepthi Vipin lal

ജമ്മു – കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആപ്പിള്‍ കര്‍ഷകരെ അണിനിരത്തി ആപ്പിള്‍ കര്‍ഷക ഫെഡറേഷന്‍ രൂപവത്കരിക്കുമെന്നു അഖിലേന്ത്യാ കിസാന്‍ സഭ അറിയിച്ചു. കേരളത്തിലെ സഹകരണ സംഘങ്ങളുടെ മാതൃകയില്‍ ആപ്പിള്‍ കര്‍ഷകരുടെ ചെറുകിട സഹകരണ സംഘങ്ങളും രൂപവത്കരിക്കും.

കിസാന്‍ സഭ കാശ്മീരില്‍ ആപ്പിള്‍ കര്‍ഷകര്‍ക്കായി നടത്തിയ ദേശീയ ശില്‍പ്പശാലയിലാണ് ഈ തീരുമാനമുണ്ടായത്. തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചു കേന്ദ്ര സര്‍ക്കാരിനു അവകാശപത്രിക സമര്‍പ്പിക്കാനും കിസാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ 2500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.

ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കര്‍ഷകരുടെ പതിനൊന്നംഗ സമിതി രൂപവത്കരിക്കുമെന്നു കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള അറിയിച്ചു. 14,400 കോടി രൂപയുടെ ആപ്പിള്‍വിപണിയില്‍ കര്‍ഷകര്‍ക്കു കിട്ടുന്നതു വെറും 4300 കോടിയാണ്. ബാക്കി കോര്‍പ്പറേറ്റുകളും വ്യാപാരികളും ഇടനിലക്കാരും തട്ടിയെടുക്കുകയാണ്. ഇതിനൊരു മാറ്റം വരണം. ചെറിയ സഹകരണ സംഘങ്ങള്‍ ചൂഷണത്തിനു തടയിടും – അദ്ദേഹം പറഞ്ഞു.

കേരള മാതൃകയിലുള്ള സംഘങ്ങള്‍ കെട്ടിപ്പടുക്കാന്‍ കേരളത്തില്‍ നിന്നുള്ള കിസാന്‍ സഭാ അംഗങ്ങള്‍ സഹായിക്കണമെന്നു കാശ്മീരിലെ മുന്‍ എം.എല്‍.എ.യായ സി.പി.എം. നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി അഭ്യര്‍ഥിച്ചു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷി കര്‍ഷകരുടെ വിലപേശല്‍ശേഷി വര്‍ധിപ്പിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഒമ്പതു ലക്ഷം കുടുംബങ്ങളാണ് ആപ്പിള്‍കൃഷിയെ ആശ്രയിച്ച് കഴിയുന്നത്. ഇതില്‍ 77 ശതമാനം കൃഷിയും കാശ്മീരിലാണ്. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുവത്കരിക്കുന്നതിനെതിരെ ശക്തമായ കര്‍ഷക മുന്നേറ്റം രൂപപ്പെടുത്താനുള്ള നീക്കത്തിന്റെ ആദ്യപടിയാണു കിസാന്‍ സഭയുടേതെന്നു നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!