കേരള ബാങ്ക് വിഷയത്തിൽ കോൺഗ്രസും പ്രതിപക്ഷവും ആശങ്കപ്പെട്ടതുപോലെയാണ് ആർ.ബി.ഐ നിലപാടുകൾ വരുന്നുതെന്ന് മുൻ എം.എൽ.എ അഡ്വക്കേറ്റ് കെ. ശിവദാസൻ നായർ.
ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് ഉണ്ടാക്കുമ്പോൾ കോൺഗ്രസും പ്രതിപക്ഷവും ആശങ്കപ്പെട്ട് കാര്യങ്ങളാണ് ഇപ്പോൾ ആർ.ബി.ഐ യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പ്രമുഖ സഹകാരിയും മുൻ എം.എൽ.എയുമായ അഡ്വക്കേറ്റ് കെ. ശിവദാസൻ നായർ പറഞ്ഞു. കോഴിക്കോട് ,വയനാട്,ഇടുക്കി സഹകരണ ബാങ്കുകൾക്കുള്ള എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാൻ ഉള്ള അനുമതി നിഷേധിച്ച ആർ.ബി.ഐയുടെ നിലപാട് ഇതിന്റെ ആദ്യ സൂചനയാണ്. ഇത് കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ സഹകരണമേഖലയ്ക്ക് വലിയ നഷ്ടം ഉണ്ടാക്കും. കേരള ബാങ്ക് വിഷയത്തിൽ സംസ്ഥാന സർക്കാർ തുറന്ന മനസ്സോടെ പുനർവിചിന്തനം നടത്തണം. ഇനിയും വൈകിയിട്ടില്ല. കോൺഗ്രസും പ്രതിപക്ഷവും ചർച്ചയ്ക്ക് തയ്യാറാണെന്നും സഹകരണമേഖലയുടെ ഭാവിയെ മുൻനിർത്തി തുറന്ന മനസ്സോടെ രാഷ്ട്രീയം മാറ്റിവെച്ച് ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ സഹകരണ മേഖലയിൽ റിസർവ്വ് ബാങ്ക് കൂടുതൽ പിടിമുറുക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം തന്നെ. അതിൽ സംസ്ഥാന സർക്കാർ പെട്ടുപോയി. സംസ്ഥാനത്തെ സഹകരണമേഖലയിൽ റിസർവ് ബാങ്കും ഇൻകം ടാക്സും കൂടുതൽ പിടിമുറുക്കുകയാണ്. സഹകരണമേഖലയ്ക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ എല്ലാം തന്നെ നഷ്ടമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സഹകരണ ബാങ്കിംഗ് മേഖലയെ റിസർവ് ബാങ്ക് വാണിജ്യ വൽക്കരിക്കുന്നതിന്റെ തുടക്കമാണിത്. ഇത് സംസ്ഥാന സർക്കാരും സഹകാരികളും തിരിച്ചറിയണം.
കേരള ബാങ്കിൽ, കോർ ബാങ്കിംഗ്, ആർ.ടി.ജി.എസ്, എൻ.ഇ. എഫ്.ടി, മൊബൈൽ ബാങ്കിംഗ് തുടങ്ങിയവ ലഭ്യമാകണമെങ്കിൽ ആർ.ബി.ഐ നിഷ്കർഷിക്കുന്ന നിബന്ധനകൾ പൂർത്തീകരിക്കുകയും അത് ബോധ്യപ്പെടുത്തുകയും വേണം. ഇതിന് ചുരുങ്ങിയത് മൂന്ന് വർഷം എടുക്കും. ഈ കാലയളവിൽ കേരളത്തിലെ സഹകരണ മേഖല തകരും. അത് അനുവദിച്ചുകൂടാ. നിലവിൽ സഹകരണമേഖലയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകരുത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്നത് കൂടുതലും സാധാരണക്കാരും കൃഷിക്കാരും ആണ്. സഹകരണ മേഖല വാണിജ്യ സ്വഭാവത്തിലേക്ക് മാറുമ്പോൾ സാധാരണക്കാരും കൃഷിക്കാരും സഹകരണ മേഖലയിൽ നിന്ന് അകലും. ഇതാണ് കേരള ബാങ്ക് വരുന്നതിന്റെ ഏറ്റവും വലിയ ഭവിഷ്യത്ത്. ഇതു മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണം എന്തുകൊണ്ടോ സംസ്ഥാനസർക്കാരിന് ഇല്ലാതെ പോയി. തികച്ചും രാഷ്ട്രീയമായും വാശിയോടെയും കാര്യങ്ങളെ കണ്ടു. കേരളത്തിലെ സഹകരണ മേഖലക് കോട്ടം സംഭവിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ സഹകാരി സമൂഹം ഒറ്റക്കെട്ടായിരുന്ന് ഈ വിഷയം സർക്കാരിനെ ബോധ്യപ്പെടുത്തുകയും ഇതിന്റെ ദോഷങ്ങൾ ബോധ്യപ്പെടുത്തി കേരള ബാങ്ക് വിഷയത്തിൽ ശരിയായ തീരുമാനം എടുപ്പിക്കാൻ ശ്രമിക്കണമെന്നും ശിവദാസൻ നായർ പറഞ്ഞു.