കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനത്തെ തകർക്കുമെന്ന് എം.എം ഹസൻ

[email protected]

കേരള ബാങ്ക് രൂപീകരണവുമായി സർക്കാർ മുന്നോട്ട് പോകുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. ജില്ലാ ബാങ്കുകളെ ഇല്ലാതാക്കിക്കൊണ്ട് കേരള ബാങ്ക് കൊണ്ടു വരരുത്. ഇതിന് റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി ലഭിക്കാൻ പോകുന്നില്ല. നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനവിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം.എം ഹസൻ പറഞ്ഞു. സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ഏകദിന ഉപവാസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ബാങ്കിന്റെ പേരിൽ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, കാലാവധി കഴിഞ്ഞ് 14 മാസമായ ശമ്പള പരിഷ്ക്കരണത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെ.ശബരീനാഥ് എം എൽഎ, ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു

ജൂലയ് 25 ന് സഹകരണമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രശ്നങ്ങൾക്ക് പരിഹരമായില്ലെങ്കിൽ ഓഗസ്റ്റിൽ ദ്വിദിന പണിമുടക്കും നടത്താനാണ് സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published.