കേരള ബാങ്ക് – ഓര്‍ഡിന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്.

adminmoonam

കേരള ബാങ്കില്‍ ലയിക്കാതെ നില്‍ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.
ഈ ഓര്‍ഡിനന്‍സ്  ഭരണഘടനയുടെ 213 -ാം വകുപ്പിന്റെ നഗ്നമായ ലംഘനവും സഹകരണ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവിലുള്ള കേരള സഹകരണ ആക്ടിലെ സെക്ഷന്‍ 14  അനുസരിച്ച് ജനറല്‍ ബോഡി പ്രമേയം പാസ്സാക്കിയാല്‍ മാത്രമേ ഒരു സഹകരണ ബാങ്കിനെ മറ്റൊന്നില്‍ ലയിപ്പിക്കാനാവൂ. നേരത്തെ പ്രമേയം പാസ്സാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നായിരുന്നു നിബന്ധന. അങ്ങനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കേവല ഭൂരിപക്ഷം മതിയെന്ന് ഓര്‍ഡിന്‍സിറക്കി സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെക്കൊണ്ടും പ്രമേയം പാസ്സാക്കിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. മലപ്പുറം ജില്ലാ ബാങ്ക് മാത്രം ഇതിനെതിരെ പൊരുതി നിന്നു. രണ്ടു തവണ പ്രമേയം മലപ്പുറം ജില്ലാ ബാങ്ക് ജനറല്‍ ബോഡി തള്ളിക്കളഞ്ഞു. അപ്പോഴാണ് മലപ്പുറം ജില്ലാ ബാങ്കിനെ രജിസ്ട്രാര്‍ വഴി ബലമായി ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലാ ബാങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണസമിതിയെ ഭരണം ഏല്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പാണ് ഓര്‍ഡിന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇത് കോടതി വിധിയേയും അട്ടിമറിക്കുന്നതാണ്. അതിനാല്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് രമേശ് ചെന്നിത്തല ഗവര്‍ണറോട് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published.