കേരള ബാങ്ക്;സഹകരണ സംഘങ്ങളെ വിശ്വാസത്തിലെടുക്കാൻ ശിൽപശാലകൾ

[email protected]

കേരള സഹകരണ ബാങ്ക് രൂപീകരണത്തിനുള്ള നടപടികൾ മുന്നോട്ട് പോകുമ്പോൾ സഹകരണ സംഘങ്ങളെ വിശ്വാസത്തിലെടുക്കാൻ സഹകരണ വകുപ്പ് ശിൽപശാലകൾ സംഘടിപ്പിക്കുന്നു. കേരള ബാങ്ക് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുകയാണ് ലക്ഷ്യം. ആദ്യ ശിൽപശാല കോഴിക്കോട് നടന്നു. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളുടെ സാധ്യതകളും എന്ന വിഷയത്തിൽ നടത്തിയ ശിൽപശാല സഹകരണ സംഘം രജിസ്ട്രാർ എസ്.ഷാനവാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതായും കേരള ബാങ്കെന്ന് രജിസ്ട്രാർ പറഞ്ഞു. സഹകരണ വായ്പാ മേഖല ത്രിതല ഘടനയിൽ നിന്നും ദ്വിതലത്തിലേക്ക് മാറ്റി പുനസംഘടിപ്പിക്കുന്നതിലൂടെ കേരള ബാങ്കും സംസ്ഥാനത്തിന്റെ വികസന മാതൃകകളുടെ തുടർച്ചയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ സി.അബ്ദുൾ മുജീബ് വിഷയം അവതരിപ്പിച്ചു.സഹകരണ മേഖലക്കൊപ്പം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തെ മാറ്റത്തിനുള്ള ചവിട്ടു പടിയാവും കേരള ബാങ്കെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എം.രാമനുണ്ണി, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ ജിൽസ് മോൻ, കേരള പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ. രമേശ് ബാബു എന്നിവർ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാർ കെ.ഉദയഭാനു സ്വാഗതവും കെ. ഡി.സി ബാങ്ക് ജനറൽ മാനേജർ ഇൻ ചാർജ് കെ.പി.അജയകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News