കേരള ബാങ്കിന് ഇതുവരെ അനുമതി കിട്ടിയിട്ടില്ലെന്ന് മന്ത്രിയുടെ സ്ഥിരീകരണം

[email protected]

കേരള ബാങ്കിന് ഇതുവരെ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സര്‍ക്കാരിന് ഇതുവരെ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല.അനുമതി കിട്ടിയെന്ന പത്രവാര്‍ത്ത ശരിയല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

റിസര്‍വ് ബാങ്ക് ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ആര്‍.ബി.ഐ. വക്താവും പ്രതികരിച്ചു. നബാര്‍ഡിനും അനൗദ്യോഗികമായിപ്പോലും ഇത്തരമൊരു വിവരം ലഭിച്ചിട്ടില്ല. കേരളബാങ്ക് രൂപീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സിനും ആര്‍.ബി.ഐ. തീരുമാനമെടുത്തതിനെക്കുറിച്ച് വിവരമില്ല. ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കിന്റെ തീരുവനന്തപുരം റീജിയണല്‍ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്കും വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നല്‍കാനായിട്ടില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ കേരളബാങ്കിന് അനുമതി നല്‍കിയതായാണ് വാര്‍ത്ത. എന്നാല്‍, ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് അറിയില്ലെന്ന് ആര്‍.ബി.ഐ. വക്താവ് പ്രതികരിച്ചു. മാത്രവുമല്ല, ഈ അടുത്ത ദിവസങ്ങളിലൊന്നും റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേര്‍ന്നിട്ടില്ലെന്ന് ഇതിലെ ഒരംഗവും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.