കേരള ബാങ്കിന്റെ അടുത്ത മൂന്നു വർഷത്തെ ബിസിനസ് ലക്ഷ്യം 3 ലക്ഷം കോടിയാണെന്ന് സഹകരണ മന്ത്രി

adminmoonam

കേരള ബാങ്കിന്റെ അടുത്ത മൂന്നു വർഷത്തെ ബിസിനസ് ലക്ഷ്യം 3 ലക്ഷം കോടിയാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.അടുത്ത മൂന്നു വർഷത്തിനുള്ളിൽ കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കി മാറ്റുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച ജില്ലാ സഹകരണ ബാങ്ക് ശാഖകൾക്കെല്ലാമായി 65,000 കോടി നിക്ഷേപവും ഒരു ലക്ഷം കോടി ബിസിനസ്സുമാണുള്ളത്. കേരള ബാങ്കിന്റെ കോഴിക്കോട് , വയനാട് ജില്ലകളിലെ ശാഖാ മാനേജർമാരുടെ യോഗത്തെ കോഴിക്കോട് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് ഇന്നുള്ള വളർച്ച കൈവരിച്ചത്. രൂപീകരിക്കപ്പെട്ട നിലയിൽ നിലകൊള്ളാതെ കാലഘട്ടത്തിനനുസരിച്ച് സമാനതകളില്ലാത്ത വലിയ മുന്നേറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. നോട്ട് നിരോധന കാലത്ത് കള്ള പ്രചാരണങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നുമുണ്ടായി. അതെല്ലാം ഒറ്റക്കെട്ടായി സഹകരണ സമൂഹം അതിജീവിച്ചെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്ക് എന്ന പേരാണെങ്കിലും കേരള ബാങ്ക് എന്ന ബ്രാൻഡ് നെയിമിലാണ് ബാങ്ക് പ്രവർത്തിക്കുകയെന്നും, 20.01.2020 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രഥമ ജനറൽബോഡിയിൽ ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കെ.ഡി.സി.ബാങ്കിന്റെ വാർത്താ പത്രികയുടെ വാർഷികപതിപ്പും മന്ത്രി പ്രകാശനം ചെയ്തു. അവലോകന യോഗത്തിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അഡീഷണൽ റജിസ്ട്രാർ എം.ബിനോയ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള ബാങ്ക് കോഴിക്കോട് ജനറൽ മാനേജർ കെ.പി.അജയകുമാർ സ്വാഗതവും വയനാട് ജനറൽ മാനേജർ പി.ഗോപകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!