കേരള ബാങ്കിനായി ജില്ലാ ബാങ്കുകളുടെ ഡാറ്റ മാറ്റുന്നതും പ്രതിസന്ധിയിൽ
കേരള ബാങ്കിനായി സംസ്ഥാന ജില്ലാ ബാങ്കുകളുടെ ലയനം എളുപ്പമാകില്ല. ജില്ലാ ബാങ്കുകളിൽ സോഫ്റ്റ് വെയർ ഏകീകരിക്കാനുള്ള നടപടികൾ വൈകും. മാത്രവുമല്ല ഡാറ്റ മാറ്റുന്നതിന് നിലവിലുള്ള സോഫ്റ്റ് വെയർ കമ്പനികൾക്ക് ജില്ലാ ബാങ്കുകൾ കോടികൾ നൽകേണ്ടി വരും. പുതിയ സോഫ്റ്റ് വെയറിലേക്ക് ഡാറ്റ കൈമാറുന്നതിന് സമയമെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം
14 ജില്ലാ സഹകരണ ബാങ്കുകളിൽ അഞ്ച് സോഫ്റ്റ് വെയറാണ് നിലവിലുള്ളത്.ഈ അഞ്ചു കമ്പനികളുമായി ജില്ലാ ബാങ്കുകൾ പ്രത്യേകം കരാറിലാണ് ഏർപ്പെട്ടിട്ടുള്ളത്. സോഫ്റ്റ് വെയറിൽ നിന്ന് മാറണമെങ്കിൽ ആറു മാസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ചില കമ്പനികളുടെ കരാറിലെ വ്യവസ്ഥ. അതായത് പുതിയ സോഫ്റ്റ് വെയറിലേക്ക് ഡാറ്റ മാറ്റുന്നതിന് ആറു മാസം മുമ്പ് കമ്പനികൾക്ക് നോട്ടീസ് നൽകണം. ഇതു വരെ ഒരു ജില്ലാ ബാങ്കും നോട്ടീസ് നൽകിയിട്ടില്ല .നൽകിയതിന് ശേഷം ആറു മാസം കഴിഞ്ഞാലേ ഡാറ്റ മാറ്റാനാകൂ. അതായത് സോഫ്റ്റ് വെയർ ഏകീകരണം പൂർത്തിയാക്കി ഈ വർഷം സംസ്ഥാന- ജില്ലാ ബാങ്കുകളുടെ ലയനം നടക്കില്ല. പെട്ടെന്ന് ലയിപ്പിച്ചാൽ തന്നെ ഓരോ ജില്ലാ ബാങ്കും നിലവിലെ സോഫ്റ്റ് വെയറിൽ പ്രവർത്തിക്കേണ്ടി വരും.
ഒമ്പത് ജില്ലാ ബാങ്കുകളിൾ ഫിനാക്കിൾ സോഫ്റ്റ് വെയറാണുള്ളത്.ഇൻഫോസിസിന്റെ താണ് സോഫ്റ്റ് വെയറെങ്കിലും ഇതിന്റെ വിതരണം നടത്തുന്നത് വിപ്രോ എന്ന കമ്പനിയാണ്.വിപ്രോയും ജില്ലാ ബാങ്കുകളും തമ്മിലുള്ള കരാറിൽ സോഫ്റ്റ് വെയറിൽ നിന്ന് പുറത്ത് കടക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല വിപ്രോയുമായുള്ള കരാർ കാലാവധി അവസാനിച്ചതായാണ് വിവരം. ഈ ഒൻപത് ജില്ലാ ബാങ്കുകളിലെയും ഡാറ്റ മാറ്റുന്നതിന് 69 കോടി രൂപയെങ്കിലും നൽകണമെന്ന് ആ കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം.
ഫിനാക്കിൾ – 7 എന്ന വേർഷനിലുള്ള സോഫ്റ്റ് വെയറാണ് ഒൻപത് ജില്ല ബാങ്കുകളിലുമുള്ളത്.ഇതിപ്പോൾ നിലവിലില്ല.ഫിനാക്കിൾ – 10 ആണ് ഇപ്പോഴത്തെ വെർഷൻ.ഇത് രണ്ട് പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഡാറ്റ മാറ്റൽ ബുദ്ധിമുള്ള ജോലിയാണെന്നും ഒരു ജില്ലാ ബാങ്കിൽ നിന്നും ആറു കോടി രൂപയെങ്കിലും നൽകണമെന്നുമാണ് കമ്പനിയുടെ വാദം
[mbzshare]