കേരളാബാങ്കിന് വിലക്കിട്ട് ഹൈക്കോടതി
കേരളാബാങ്ക് രൂപവത്കരണത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്ക്. കോടതി അനുമതിയില്ലാതെ ഇനി ഇതു സംബന്ധിച്ച് ഉത്തരവുകളോ മറ്റ് നടപടികളോ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ജില്ലാബാങ്കുകളുടെ പൊതുയോഗം നടത്താന്‍ അനുമതി നല്‍കണമെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. മുന്‍കൂട്ടി തീരുമാനിച്ചതിനാല്‍ ഇതിന് അനുമതി നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, കര്‍ശന ഉപാധികളോടെയാവും പൊതുയോഗം നടക്കുക.
പരാതിക്കാരായ വിവിധ സഹകരണ സംഘങ്ങള്‍ക്കുവേണ്ടി ജോര്‍ജ് പൂന്തോട്ടമടക്കം അഞ്ച് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. പൊതുയോഗം നബാര്‍ഡിന്റെ നിരീക്ഷണത്തില്‍ നടക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭരണകക്ഷിയായ സി.പി.എം. പൊതുയോഗം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇവരുടെ വാദം. പൊതുയോഗത്തിന് പുറത്തുനിന്ന് പാര്‍ട്ടിക്കാരെത്തുമെന്നും അതിനാല്‍ ശരിയായ രീതിയില്‍ നടപടിക്രമങ്ങള്‍ പാലിക്കാനോ നിര്‍ഭയമായി തീരുമാനമെടുക്കാനോ കഴിയില്ലെന്നും ഇവര്‍ വാദിച്ചു. അങ്ങനെയെങ്കില്‍, നബാര്‍ഡ് നിരീക്ഷണത്തില്‍ പൊതുയോഗം നടത്തിയാല്‍ എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു. ഇതേത്തുടര്‍ന്നാണ് ജില്ലാബാങ്കുകളുടെ പൊതുയോഗം കളക്ടറുടെ നിരീക്ഷണത്തില്‍ നടത്തട്ടെയെന്ന് കോടതി നിര്‍ദ്ദേശിച്ചത്.
ഏഴ് ജില്ലാബാങ്കുകളിലെ അംഗങ്ങളായ സഹകരണ ബാങ്കുകളാണ് കോടതിയെ സമീപിച്ചിരുന്നത്. ഈ ജില്ലകളിലാണ് കളക്ടറുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കളക്ടര്‍മാര്‍ മുഴുവന്‍ സമയവും പൊതുയോഗത്തില്‍ ഹാജരുണ്ടാവണം. ഇവര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അവരുടെ ക്യാമറ ഉപയോഗിച്ച് പൊതുയോഗത്തിന്റെ ദൃശ്യം പകര്‍ത്തണം. ഈ ദൃശ്യങ്ങള്‍ മറ്റൊരുവിഭാഗത്തിനും നല്‍കാതെ ഹൈക്കോടതിക്ക് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.