കേരളബാങ്ക് സി.ഇ.ഒ. പി.എസ്. രാജന്റെ കാലാവധി നീട്ടി; പുതിയ നിയമനത്തിന് അനുമതിയായില്ല
കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്റെ കാലാവധി മൂന്നുമാസം കൂടി നീട്ടി. ഇത് മൂന്നാംതവണയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്. നേരത്തെ രണ്ടുതവണയായി ഒരുവര്‍ഷം അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കിയിരുന്നു. 2019 ഡിസംബര്‍ 30നാണ് പി.എസ്. രാജന്‍ കേരളബാങ്കിന്റെ സി.ഇ.ഒ.യായി നിയമിക്കപ്പെടുന്നത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം.
പുതിയ സി.ഇ.ഒ.യെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേകം സമിതിയെ നിയോഗിച്ചിരുന്നു. ഒരു പ്രമുഖ പൊതുമേഖല സ്ഥാപനത്തിന്റെ ഉന്നത തസ്തികയില്‍ ജോലി ചെയ്തിരുന്ന ഒരാളെ സി.ഇ.ഒ.യായി നിയമിക്കാന്‍ കണ്ടെത്തിയതായാണ് വിവരം. എന്നാല്‍, ഈ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. കേരളബാങ്കിന്റെ സി.ഇ.ഒ. നിയമനം റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയാവണമെന്നാണ് വ്യവസ്ഥ. നിയമനം നല്‍കാന്‍ യോഗ്യതയുള്ളവരുടെ പാനലാണ് റിസര്‍വ് ബാങ്കിന് നല്‍കേണ്ടത്.
2024 ഫിബ്രവരി 9ന് പി.എസ്. രാജന്റെ സി.ഇ.ഒ. കാലാവധി അവസാനിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ഇ.ഒ. സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുമാസം കൂടി കാലാവധി നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരളബാങ്കിന്റെ സുഖകരമായ പ്രവര്‍ത്തനത്തിന് സി.ഇ.ഒ. തസ്തിക അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം നടക്കുന്നതുവരെ പി.എസ്.രാജന്റെ കാലാവധി നീട്ടിയത്.