കേരളബാങ്ക് വഴി സഹകരണ മേഖലയിലേക്ക് വീണ്ടും 1670 കോടി നബാര്‍ഡ് സഹായം

Deepthi Vipin lal

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഗ്രാമീണജീവിതത്തെ മോചിപ്പിക്കാന്‍ നബാര്‍ഡ് സഹകരണ സംഘങ്ങളിലൂടെ കൂടുതല്‍ പണം ചെലവഴിക്കുന്നു. കേരളബാങ്ക് വഴി വിതരണം ചെയ്യാന്‍ 1670 കോടിരൂപയാണ് ഇതിനായി നബാര്‍ഡ് അനുവദിച്ചത്. 1000 കോടി രൂപ ഗ്രാമീണ ബാങ്കിനും നല്‍കിയിട്ടുണ്ട്. ഒന്നാം കോവിഡ് തരംഗത്തില്‍ 2500 കോടിരൂപ നബാര്‍ഡ് നല്‍കിയിരുന്നു. ഇതില്‍ 1500 കോടിരൂപ നല്‍കിയതും കേരളബാങ്കിനാണ്.

4.40ശതമാനം പലിശയ്ക്കാണ് നബാര്‍ഡ് വായ്പ നല്‍കുന്നത്. ഇത് കേരളബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും, അവരില്‍നിന്ന് കര്‍ഷകര്‍ക്കും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. കേരളബാങ്കിന് നല്‍കുന്ന 1670 കോടിരൂപയില്‍, 870 കോടി രൂപ ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനും 800 കോടി രൂപ ഹൃസ്വകാല കാര്‍ഷികേതര വായ്പകള്‍ നല്‍കുന്നതിനും ഉപയോഗിക്കാമെന്നാണ് നബാര്‍ഡ് അറിയിച്ചിട്ടുള്ളത്. കേരള ഗ്രാമീണ ബാങ്കിനുള്ള 1000 കോടി രൂപയുടെ ധനസഹായം ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനാണ്.

ഒന്നാം കോവിഡ് തരംഗത്തിന്റെ ആഘാതം പരിഹരിക്കാന്‍ ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ പണം ചെലവിടണമെന്ന് നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. 25,000 കോടിരൂപയാണ് ഇത്തരത്തില്‍ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ഗ്രാമീണ ബാങ്കുകള്‍ക്കുമായി നബാര്‍ഡ് അനുവദിച്ചത്. ഇതില്‍ കേരളത്തിന് ലഭിച്ച വിഹിതമാണ് 2500 കോടി. 2021 മെയ് 5ന് ഇത് തിരിച്ചടയ്ക്കേണ്ടതായിരുന്നു. എന്നാല്‍, വിനാശകരമായ രീതിയില്‍ കോവിഡ് രണ്ടാം തരംഗം വന്നതോടെ തിരിച്ചടവ് കാലാവധി ജൂണ്‍ 30വരെ നബാര്‍ഡ് നീട്ടിയിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് സ്പെഷല്‍ ലിക്വിഡിറ്റി വായ്പകള്‍ കേരളബാങ്ക് വിതരണം ചെയ്തത്. മെയ് അഞ്ചിന് മുമ്പായി ഈ വായ്പ മുഴുവനായി പ്രാഥമിക ബാങ്കുകള്‍ തിരിച്ചടയ്ക്കണമെന്ന് കേരളബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ കര്‍ഷകരില്‍നിന്ന് തിരിച്ചടവ് ഉണ്ടായിട്ടില്ലെങ്കിലും കേരളബാങ്കിന് പണം നല്‍കാന്‍ പ്രാഥമിക ബാങ്കുകള്‍ നിര്‍ബന്ധിതരായി. അതിനാല്‍, ജൂണ്‍ 30വരെ കാലാവധി നീട്ടിയ നബാര്‍ഡ് നടപടി പ്രാഥമിക ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ലഭിക്കാത്ത നടപടിയായെന്ന് സഹകാരികള്‍ പറയുന്നു.

പുതിയ വായ്പകള്‍ ഏത് രീതിയിലാണ് വിതരണം ചെയ്യുന്നതെന്ന് കേരളബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഇതിനായി പ്രത്യേകം സ്‌കീം തയ്യാറാക്കിയേക്കും. ഒന്നാം തരംഗത്തില്‍ തയ്യാറാക്കിയ സ്പെഷല്‍ ലിക്വിഡിറ്റി പാക്കേജ് അനുസരിച്ചാണ് ഇപ്പോള്‍ അനുവദിക്കുന്ന 2670 കോടിയുമെന്നാണ് നബാര്‍ഡ് അറിയിച്ചിട്ടുള്ളത്. കാര്‍ഷികേതര വായ്പകള്‍ക്കും ഈ തുക വിനിയോഗിക്കാമെന്ന വ്യവസ്ഥയുള്ളതിനാല്‍ കേരളബാങ്കിന് എം.എസ്.എം.ഇ. വായ്പ സ്‌കീമിലേക്ക് കൂടുതല്‍ പണം ചെലവിഴിക്കാനാകും.

Leave a Reply

Your email address will not be published.