കേരളബാങ്കിന് വഴിയൊരുക്കാന്‍ 15 ഉപസമിതികള്‍
കേരളബാങ്ക് രൂപീകരണത്തിനുള്ള നടപടികള്‍ക്കായി 15 ഉപസമിതികള്‍ക്ക് രൂപംനല്‍കി. ടാസ്‌ക്‌ഫോഴ്‌സിന്റെ പങ്കാളിത്തമോ മേല്‍നോട്ടമോ ഇല്ലാതെയാണ് എല്ലാസമിതികളും രൂപീകരിച്ചിട്ടുള്ളത്. സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണസംഘം രജിസ്ട്രാര്‍, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല. ഈ ചുമതല നല്‍കികൊണ്ട് ഇവരെ മൂന്നുപേരെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാബാങ്ക് ജനറല്‍ മാനേജര്‍മാരാണ് മറ്റ് സമിതികളിലെ അംഗങ്ങള്‍. ഓരോ ജില്ലാബാങ്ക് ജനറല്‍മാരേയും ഓരോ സമിതിയുടെ അധ്യക്ഷരാക്കിയിട്ടുണ്ട്. മൂന്ന് അംഗങ്ങളാണ് ഓരോ സമിതിയിലുമുള്ളത്. അംഗങ്ങളും ജില്ലാബാങ്ക് ജനറല്‍ മാനേജര്‍മാരാണ്.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ ഇന്റഗ്രേഷന്‍ കമ്മിറ്റിയാണ് ആദ്യത്തേത്. കോഴിക്കോട് ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ അബ്ദുള്‍ മുജീബാണ് ഇതിന്റെ അധ്യക്ഷന്‍. മറ്റ് കമ്മിറ്റികളും അതിന്റെ അധ്യക്ഷന്മാരും ഇങ്ങനെയാണ്. നോണ്‍ ബാങ്കിങ് അസറ്റ് റിവ്യൂ കമ്മിറ്റി-തിരുവനന്തപുരം ജനറല്‍ മാനേജര്‍ കുമാര്‍, ബാലന്‍സ്ഷീറ്റ് അക്കൗണ്ട്‌സ് കണ്‍സോഷിഡേഷന്‍ കമ്മിറ്റി- കോട്ടയം ജനറല്‍ മാനേജര്‍ റോയ് അബ്രഹാം, ബ്രാന്‍ഡിങ് അഡ്വര്‍ടൈസ്‌മെന്റ് -മലപ്പുറം ജനറല്‍ മാനേജര്‍ ഫിറോസ് ഖാന്‍, ഐ.ടി. ഇന്റഗ്രേഷന്‍-തൃശൂര്‍ ജനറല്‍മാനേജര്‍ ഡോ.എം.രാമനുണ്ണി, ജീവനക്കാരുടെ പുനര്‍വിന്യാസം-ഇടുക്കി ജനറല്‍ മാനേജര്‍ രാജേഷ്, എന്‍.പി.എ.മാനേജ്‌മെന്റ്-ആലപ്പുഴ ജനറല്‍ മാനേജര്‍ ജോളി ജോണ്‍, ന്യൂ പ്രോഡക്ട് ആന്‍ഡ് സര്‍വീസസ്-എറണാകുളം ജനറല്‍ മാനേജര്‍ ഓമനക്കുട്ടന്‍, എംപ്ലോയീസ് ബെനഫിറ്റ് ആന്‍ഡ് ഇന്റഗ്രേഷന്‍- പത്തനംതിട്ട ജനറല്‍ മാനേജര്‍ റോയ്, കേഡര്‍ സംയോജനം-കൊല്ലം ജനറല്‍ മാനേജര്‍ സുനില്‍ ചന്ദ്രന്‍, നിയമപരമായ കാര്യങ്ങള്‍-വയനാട് ജനറല്‍ മാനേജര്‍ ഗോപകുമാര്‍, സ്‌പെഷല്‍ ഓഡിറ്റ്-കാസര്‍ക്കോട് ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍, ട്രഷറി മാനേജ്‌മെന്റ് – സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ സഹദേവന്‍. കോ-ഓര്‍ഡിനേഷനുവേണ്ടി രൂപീകരിച്ച സമതിയുടെ അധ്യക്ഷനായും സഹദേവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അദ്ദേഹത്തെ സഹായിക്കാന്‍ രജിസ്ട്രാര്‍ ഓഫീസിലെ അയ്യപ്പന്‍ നായരെക്കൂടി അംഗമാക്കിയിട്ടുണ്ട്.
ഈ കമ്മിറ്റികള്‍ ആവശ്യമുള്ളപ്പോള്‍ യോഗം ചേര്‍ന്ന് വിവരങ്ങള്‍ ക്രോഡീകരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് ശേഷം നവംബര്‍ ഒമ്പതിന് എല്ലാകമ്മിറ്റികളുടെയും യോഗം മന്ത്രിയുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തില്‍ അതത് സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പവര്‍ പോയിന്റ് പ്രസന്റേഷനായി അവതരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.