കേരളബാങ്കിന് യു.പി.ഐ. ഇടപാടിനായി കോബാങ്ക് ആപ്പ്; സഹകരണ ഉല്പന്നങ്ങള്ക്ക് പൊതുമാര്‍ക്കറ്റിങ് പ്ലാറ്റ്ഫോം
പൊതുജനങ്ങള്‍ക്ക് യു.പി.ഐ. ഇടപാടും ഡിജിറ്റല്‍ ബാങ്കിങ് സേവനവും സാധ്യമാക്കുന്നതിനായി കോബാങ്ക് ആപ്പ് സംവിധാനം ഏര്‍പ്പെടുത്തി കേരളബാങ്ക്. കേരളബാങ്കിന്റെ വാര്‍ഷിക പൊതുയോഗ ചടങ്ങിലാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. ഇതിനൊപ്പം, പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ദൗത്യം ഏറ്റെടുക്കാനും കേരളബാങ്ക് തീരുമാനിച്ചു. സഹകരണ ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താന്‍ പൊതുമാര്‍ക്കറ്റിങ് പ്ലാറ്റ് ഫോം ഒരുക്കാനാണ് തീരുമാനം. ഇതിനായി പുതിയ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ പൊതുയോഗത്തില്‍ പ്രാഥമിക സഹകരണ ബാങ്ക് പ്രതിനിധികളെ അറിയിച്ചു.
സുതാര്യവും സുരക്ഷിതവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം സാധാരണ ഗ്രാമീണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള ബാങ്ക് സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ആവിഷ്കരിച്ച മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനാണ് കോഓപ് ബാങ്ക് മൊബൈല്‍ ബാങ്കിംഗ് സംവിധാനം. മൊബൈല്‍ ബാങ്കിംഗ് സൗകര്യം, മറ്റേതൊരു ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അടയ്ക്കുന്നതിനും ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനും സൗകര്യം എന്നിവ കോബാങ്ക് ആപ്പില്‍ ഉണ്ടാകും. എം.പി.ഐ.എന്‍, ടി.പി.ഐ.എന്‍., ബയോമെട്രിക് ഉപയോഗപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനം എന്നിവയും ആപ്പിന്റെ പ്രത്യേകതയാണ്.
ഐ.എം.പി.എസ്, ആര്.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. സംവിധാനം വഴി പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുള്ള സൗകര്യം സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഇതിലൂടെ ലഭിക്കും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടി.എം. തുടങ്ങിയ യു.പി.ഐ. സേവനങ്ങള്‍ ഇനിമുതല്‍ സഹകരണ ബാങ്കുകളിലെ ഇടപാടുകര്‍ക്ക് ലഭിക്കും. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ സൗകര്യം ലഭ്യമാണ്. സഹകരണ മന്ത്രി വി.എന്‍.വാസവനാണ് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് കേരള ബാങ്കിന്റെ കോബാങ്ക് ആപ്പ് ഉദ്ഘാടനം ചെയ്തത്. സഹകരണ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിന് നാന്ദികുറിക്കുന്നതാണ് കോബാങ്ക് മൊബൈല്‍ ബാങ്കിംഗ് സംവിധാനമെന്ന് മന്ത്രി പറഞ്ഞു.
കേരള ബാങ്കില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് മറ്റ് വാണിജ്യ ബാങ്കുകള്‍ നല്കുന്ന എല്ലാ ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുന്ന കെ.ബി. പ്രൈം മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനും, പ്രാഥമിക സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കായുള്ള കെ.ബി പ്രൈം പ്ലസ് മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനും കഴിഞ്ഞ മെയ് മാസം കേരളബാങ്ക് കൊണ്ടുവന്നിരുന്നു. കേരള ബാങ്കിന്റെ രൂപീകരണ വ്യവസ്ഥകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച സുപ്രധാന വ്യവസ്ഥകളില്‍ ഒന്നായ ഏകീകൃത കോര്‍ബാങ്കിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഗുണഫലമാണ് ഇന്ന് ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെ എത്തിക്കാന്‍ സഹായിച്ചത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കുന്ന ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ പ്രതിനിധികളായി കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് പ്രസിഡന്റ് സാബു എബ്രഹാം, ശ്രീമതി പി. ലതിക എന്നിവര്‍ കേരള ബാങ്കിന്റെ എടിഎം കാര്‍ഡിന്റെ മാതൃക ഏറ്റുവാങ്ങി കോബാങ്ക് പദ്ധതിയില്‍ അംഗമായി.
ഇതിന് പുറമെയാണ് കേരളത്തിലെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിനായി സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വദേശത്തും വിദേശത്തും വിപണി സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പൊതു മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം രൂപീകരിക്കുന്നത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,21,204 കോടി രൂപയുടെ ബിസിനസാണ് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10,347 കോടിയാണ് ബിസിനസ് വര്‍ദ്ധനവ് ഉണ്ടായത്. കര്‍ഷകര്‍ക്ക് മാത്രമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5607 കോടിയാണ് കേരള ബാങ്ക് വിതരണം ചെയ്തത്.
കേരള ബാങ്കിന്റെ ഐടി സംയോജനം ഫലപ്രദമായി നടപ്പാക്കിയതിലൂടെ കേരള ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്കാന് കഴിഞ്ഞത് വലിയ നേട്ടമായി കരുതാമെന്ന് പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളില്‍ എത്തുന്ന നിക്ഷേപങ്ങള്‍ കേരളത്തിന്റെ വികസനത്തിന് മാത്രമായി ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കേരളീയരുടെ പണം മറ്റു വാണിജ്യ ബാങ്കുകള്‍ വഴി മറുനാട്ടിലേക്ക് പോകുന്നത് തടയുന്നത് സഹകരണ മേഖലയാണ്.
പൊതുയോഗത്തില്‍ മലപ്പുറം ഉള്‍പ്പെടെയുള്ള സംഘങ്ങളിലെ 1600 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ബാങ്കിന്റെ പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ അധ്യക്ഷനായ യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന് സ്വാഗതം പറഞ്ഞു. അജണ്ട അവതരണം ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജന് നിര്‍വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് വി. രവീന്ദ്രന്, ഭരണസമിതി അംഗങ്ങള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന് എന്നിവര്‍ പങ്കെടുത്തു.