കേരളം മനസുവെച്ചാല്‍ 167 രൂപയ്ക്ക് സിമന്റ് എത്തും ഷാര്‍ജയില്‍നിന്ന്
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്നിര്മ്മിതിക്കൊരുങ്ങുമ്പോള് ചൂഷണങ്ങളും കാത്തിരിക്കുന്നുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുന്നതിനനുസരിച്ച് കൊള്ളലാഭം തേടി സിമന്റ് കമ്പനികളെത്തും. മെറ്റലിനും വിലകൂടും. എന്നാല്‍, കേരളം മനസുവെച്ചാല്‍ ഷാര്‍ജയില്‍നിന്ന് 167 രൂപയ്ക്ക് സിമന്റ് എത്തിക്കാനാകും. കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ചെയര്മാന് സി.എന്‍.വിജയകൃഷ്ണന് മുഖ്യമന്ത്രിക്ക് നല്കിയ കത്തിലാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് കരുതല്‍ നിര്‍ദ്ദേശമുള്ളത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിന് ടണ്‍ സിമന്റും മെറ്റലും ഉപയോഗിക്കുന്നുണ്ട്. സിമന്റ് കമ്പനികള്‍ കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ 300 രൂപയ്ക്ക് താഴെയാണ് വില ഈടാക്കുന്നത്. എന്നാല്‍, കേരളത്തില്‍ 400 രൂപവരെയാണ് നിരക്ക്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിന് തടയിടേണ്ടതുണ്ട്. അതിനായി ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനി പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കണം. 200 രൂപ നിരക്കില്‍ കേരളത്തില്‍ സിമന്റ് നല്കാന് ഇവരോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ഉചിതമായിരിക്കും.
കമ്പനികള്‍ സിമന്റിന്റെ വിലകുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പൊതുമേഖലയിലെ മലബാര്‍ സിമന്റ്സ് ഈ രീതി സ്വീകരിച്ച് മാതൃക കാട്ടണം. മലബാര്‍ സിമന്റ്സിന് വരുന്ന നഷ്ടം സര്‍ക്കാരിന് വഹിക്കാവുന്നതാണ്. ലോകത്തിലെ മികച്ച സിമന്റ് ഉദ്പാദിപ്പിക്കുന്ന ‘ഷാര്‍ജ സിമന്റ്’ 50 കിലോ സമിന്റ് 167 രൂപ നിരക്കില്‍ കൊച്ചിയിലെത്തിച്ചുനല്കാന് തയ്യാറാണെന്നാണ് അറിവ്. നികുതി ഉള്‍പ്പടെയുള്ള നിരക്കാണിത്. ഇങ്ങനെ സിമന്റിറക്കി, ‘കേരള പുനര്‍നിര്‍മ്മാണം’ എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കാന്‍ സര്‍ക്കാരിന് കഴിയും. ഇതിന്റെ ഏജന്‍സികളായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയോ, കണ്സ്യൂമര്ഫെഡിനെയോ ചുമതലപ്പെടുത്താം. അല്ലെങ്കില്‍, ലാഡര്‍, ഊരാളുങ്കല്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളെ ഏല്പിക്കാം.
ഇതേ മാതൃകയില്‍ ക്വാറി ഉടമകളുടെയും യോഗം വിളിച്ച് 50 ശതമാനം വിലക്കുറവില്‍ മെറ്റലടക്കമുള്ള സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു.
[mbzshare]