കേന്ദ്ര സോഫ്റ്റ്‌വെയറിലെ ഡേറ്റയില്‍ ആശങ്ക പങ്കിട്ട് കേരളം; നേട്ടം വിവരിച്ച് കേന്ദ്രം

[mbzauthor]

രാജ്യത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുസോഫ്റ്റ് വെയറില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളം. കേരളം ഒഴികെയുള്ള എല്ലാം സംസ്ഥാനങ്ങളും ഈ നെറ്റ് വര്‍ക്കിന്റെ ഭാഗമാകാന്‍ സമ്മതിച്ചിട്ടുണ്ട്. 63,000 പാക്‌സുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ളതാണ് പദ്ധതി. ഇതില്‍ 60,000 പാക്‌സുകളില്‍ പദ്ധതി നടപ്പാക്കാന്‍ ഇതിനകം അനുമതി നല്‍കി കഴിഞ്ഞു. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലാണ് ഇത് നടപ്പാക്കേണ്ടത്. അതില്‍ കേരളം ഇതുവരെ സന്നദ്ധമായിട്ടില്ല.

ഒട്ടേറെ ആശങ്കകളാണ് ഈ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് കേരളം ചൂണ്ടിക്കാട്ടുന്നത്. സംഘങ്ങളുടെ നിലവിലുള്ള വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്ര സോഫ്റ്റ് വെയറില്‍ ലഭ്യമാകുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നതാണ് ഇതില്‍ ആദ്യത്തേത്. പൊതുസോഫ്റ്റ് വെയര്‍ പ്രാഥമിക കാര്‍ഷികവായ്പ സംഘങ്ങളില്‍ നടപ്പാക്കുന്നതിന് പൊതുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഭാവിയില്‍ പദ്ധതി സംബന്ധിച്ച തുടര്‍ച്ച, സാങ്കേതികമായ വിവരങ്ങള്‍ തുടങ്ങിയവയലെല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ ലഭ്യമല്ലെന്ന് സഹകരണ വകുപ്പ് പറയുന്നു.

സംഘങ്ങളെ സംബന്ധിച്ച് സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കഴിയുമോയെന്നതും വ്യക്തതയില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. സംഘങ്ങളുടെ ഡേറ്റ വിവിധ ഏജന്‍സികളുടെ ആവശ്യത്തിന് ലഭ്യമാക്കുന്നതാണെന്ന വ്യവസ്ഥ സഹകാരികളുടെയും അംഗങ്ങളുടെയും ഉത്തമതാല്‍പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സംഘങ്ങളുടെ പ്രവര്‍ത്തന വ്യാപ്തി കണക്കിലെടുത്തുകൊണ്ട് സ്വന്തമായ ഒരു സോഫ്റ്റ് വെയര്‍ സംസ്ഥാനത്ത് വികസിപ്പിക്കാനാണ് തീരുമാനം.

2516 കോടിരൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് നല്‍കിയ പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളം സ്വന്തം സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതുകൊണ്ട് കേന്ദ്രസഹായം നഷ്ടപ്പെടില്ലെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. സ്വന്തമായി സോഫ്റ്റ് വെയര്‍ തയ്യാറാക്കുകയും കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാകുകയും ചെയ്ത സംഘങ്ങള്‍ക്ക് അതിന്റെ ചെലവിന്റെ ഒരു ഭാഗമെന്ന നിലയില്‍ 50,000 രൂപ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തമായ സോഫ്റ്റ് വെയര്‍ പദ്ധതി നടപ്പാക്കുന്നവര്‍ക്കും ധനസഹായം ലഭിക്കുന്നതിന് വ്യവസ്ഥയുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ദേശീയ നെറ്റ് വര്‍ക്കിന്റെ ഭാഗമാകുമ്പോള്‍ മാത്രമാണ് കേന്ദ്രസഹായം ലഭിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുസോഫ്റ്റ് വെയറിന്റെ ചെലവ് സംഘങ്ങള്‍ തന്നെ വഹിക്കേണ്ടിവരും.

പൊതുസോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ എല്ലാ കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്രം വിശദീകരിക്കുന്നു. പാക്സുമായി ബന്ധപ്പെട്ട എല്ലാബിസിനസ് പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും. ധാന്യസംഭരണം മുതല്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതുവരെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഇതിലൂടെ കഴിയും. അഞ്ചുലക്ഷം കോടിയുടെ ക്രഡിറ്റ് ബിസിനസാണ് പാക്സുകളിലൂടെ നടക്കുന്നതെന്നാണ് കണക്ക്. അഞ്ചുവര്‍ഷം സംഘങ്ങള്‍ക്ക് നബാര്‍ഡിന്റെ പിന്തുണയും പരിശീലനവും ഉണ്ടാകും. ഇതിനായി സിസ്റ്റം ഇന്റഗ്രേറ്റര്‍മാരെ നിയമിക്കും. ഓഡിറ്റിങ് ഓണ്‍ലൈന്‍ രീതിയിലേക്ക് കൊണ്ടുവരും. ഹ്രസ്വകാല ക്രഡിറ്റ് രീതി മുഴുവന്‍ ഓണ്‍ലൈന്‍ രീതിയിലാകും. വായ്പയ്ക്കുള്ള അപേക്ഷ അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി ഓണ്‍ലൈനായി നല്‍കാനാകും. കേന്ദ്ര-സംസ്ഥാന പദ്ധതികളെല്ലാം ഇതുമായി ബന്ധിപ്പിക്കും. അതിന് അര്‍ഹതയുള്ളവര്‍ക്ക് നേരിട്ട് അപേക്ഷിക്കാനാകും. എന്തൊക്കെ കേന്ദ്രപദ്ധതികളാണ് ലഭ്യമെന്നത് സംബന്ധിച്ച് സംഘങ്ങള്‍ക്ക് അറിയാനാകും. ഇതിനുള്ള അപേക്ഷ നേരിട്ട് നല്‍കാം. അതിനുള്ള മാതൃക ഡി.പി.ആര്‍. അടക്കം ഓണ്‍ലൈനില്‍ സംഘങ്ങള്‍ക്ക് ലഭിക്കും.

ഇന്ത്യയിലുടനീളം 13 കോടി കര്‍ഷകര്‍ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കണക്ക്. ഒരു ലക്ഷം സംഘങ്ങളാണുള്ളത്. ഇതില്‍ 63,000 പാക്സുകളാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകീകൃത നെറ്റ് വര്‍ക്കിന് കീഴില്‍ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക വായ്പ സംഘങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്ന് കേന്ദ്രം വിശദീകരിക്കുന്നു. നിലവാരമുള്ള അക്കൗണ്ടിങ് രീതിയില്ല, രേഖകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ല, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിച്ചിട്ടില്ല, അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നു. ഇതെല്ലാം പരിഹരിക്കുന്ന വിധത്തിലാണ് നബാര്‍ഡ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. ഇതിലൂടെ
പാക്സുകളെ സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുമായും നബാര്‍ഡുമായും ബന്ധിപ്പിക്കും. സോഫ്റ്റ് വെയറുകള്‍ സംഘങ്ങളുടെ പ്രാദേശിക പ്രവര്‍ത്തന സ്വഭാവത്തിന് അനുസരിച്ച് മാറ്റാനാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തോടെയാകും ദേശീയ ശൃംഖലയുടെ ഭാഗമാകുക.

[mbzshare]

Leave a Reply

Your email address will not be published.