കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ സഹകരണ മേഖലയെ തകർക്കുമെന്ന് സഹകരണ വേദി.

adminmoonam

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ സഹകരണ മേഖലയെ തകർക്കുമെന്ന് സഹകരണ വേദി പറഞ്ഞു.സഹകരണമേഖലയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന കേന്ദ്രസർക്കാരിൻറെയും ആർബിഐ യുടെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ്ൻറെയും പുതിയ നിയമങ്ങളും വ്യവസ്ഥകളും അനുസരണയുള്ള കുഞ്ഞാടിനെ പോലെ സംസ്ഥാന സർക്കാർ പ്രാവർത്തികമാക്കുകയാണെന്നും സഹകരണ മേഖല തകർന്നാലും തങ്ങൾക്ക് രാഷ്ട്രീയ ലാഭം മാത്രം മതിയെന്നുള്ള സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് സഹകരണ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു

ബാങ്കിംഗ് ഭേദഗതി ഓർഡിനൻസ് വഴി ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തനം മേഖലയുള്ള മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സോസൈറ്റികൾ, സംസ്ഥാന പ്രാഥമിക കാർഷിക വികസന ബാങ്കുകൾ, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം തളർത്തപ്പെടുത്തുന്നു. ഈ സ്ഥാപനങ്ങളൾക്ക്‌ മേലിൽ ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ അവകാശമില്ല. 1976 ൽ നിക്ഷേപ സമാഹരണം ആരംഭിച്ച കാലഘട്ടം മുതൽ കേരളത്തിലെ പ്രാഥമിക സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുവാനുള്ള ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു ഏജൻസികളുടെയും സഹായമില്ലാതെ തന്നെ കേരളത്തിലെ സഹകരണ
മേഖല സ്വന്തം കാലിൽ നിൽക്കുവാനുള്ള കരുത്ത് സമ്പാദിച്ചു. അത് തകർക്കുന്ന നടപടിയാണ് ഇതുവഴി ഉണ്ടാകാൻ പോകുന്നതെന്ന് വേദി കുറ്റപ്പെടുത്തി.

കേരളത്തിലെ അർബൺ സഹകരണ ബാങ്കുകൾ ഇപ്പോൾതന്നെ ആർ ബി ഐ യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവയെ ഞെരിച്ച് കൊല്ലാനും ആർബിഐയുടെ സമ്പൂർണ നിയന്ത്രണത്തിന് കീഴിലാക്കുവാനാണ് പുതിയ ഭേദഗതി നിയമം. ഫെഡറൽ സംവിധാനത്തിന് തന്നെ യോജിക്കാത്ത ഈ സമീപനം വഴി അർബൻ ബാങ്കുകളുടെ ജനാധിപത്യ സ്വഭാവം നഷ്ടമാകുന്നു. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുള്ള ഭരണസമിതിയും ചീഫ് എക്സിക്യൂട്ടീവും മേലിൽ ഉണ്ടാകില്ല. റീ യൂണിഫിക്കേഷൻ വഴി നിലവിലുള്ള സ്ഥാപനങ്ങൾ പലതും മറ്റേതെങ്കിലും സ്ഥാപനങ്ങളുമായി കൂട്ടിയോജിപ്പിക്കപ്പെടുമെന്ന് കരകുളം പറഞ്ഞു.

സഹകരണമേഖലയെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപകരെ ആകർഷിക്കാനും ഉതകുന്ന തരത്തിലാണ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് നിശ്ചയിക്കാറുള്ളത്. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെ അട്ടിമറിച്ച് സഹകരണ സംഘങ്ങളിലെ പലിശ കുറയ്ക്കുകയും ട്രഷറി ഫിനാൻഷ്യൽ എൻറർപ്രൈസസ്സ് എന്നീ സ്ഥാപനങ്ങളിൽ ഉയർന്ന പലിശയും നിശ്ചയിക്കുന്നതു സഹകരണ മേഖലയെ തകർക്കാൻ ആണ്.

ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് നിരന്തരമായി നടത്തുന്ന നിയമനിർമ്മാണങ്ങൾ സഹകരണമേഖലയ്ക്ക് കടുത്ത വെല്ലുവിളി നേരിടുന്നു . കേരളത്തിലെ ചെറിയ സഹകരണസംഘങ്ങൾ പോലും ഇപ്പോൾ ഇൻകം ടാക്സ്ൻറെ പിടിയിലാണ്. സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള വലിയ തുകകൾ ടാക്സ് ആയി നിശ്ചയിക്കപ്പെടുകയും അതൊക്കെ ഏകപക്ഷീയമായി പിടിച്ചെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സഹകരണ ജനാധിപത്യ വേദിയും കേരളത്തിലെ സഹകാരികളും നടത്തിയ യോജിച്ച പോരാട്ടത്തിൽ മുട്ടുമടക്കിയ ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് മായി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ ഇപ്പോൾ പാലിക്കപ്പെടുന്നില്ല. സംഘങ്ങൾ മറ്റു സ്ഥാപനങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് രണ്ട് ശതമാനം ടിഡിസും ഒരു വർഷം ഒരു കോടി രൂപയിൽ കൂടുതൽ പണം പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി എന്നതും സാമാന്യ നീതിക്കു നിരക്കുന്നതല്ല. ഇതിനെ സംസ്ഥാന സർക്കാർ ചോദ്യംചെയ്യുന്നു പോലുമില്ല എന്ന് കരകുളം പറഞ്ഞു.

വരൾച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും കോവിഡ് വന്നാലും സർക്കാരിന് ഏറ്റവും വലിയ സഹായഹസ്തം നൽകുന്നത് സഹകരണ സ്ഥാപനങ്ങൾ ആണ്. അതിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല. സഹകരണ സംഘങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അല്ല. ഇവിടെ ഇടതുസർക്കാർ തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നത്. കോവിഡ് കാലത്ത് പോലും യുഡിഎഫ് സംഘങ്ങളോട് ചിറ്റമ്മ നയമാണ് പുലർത്തുന്നത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ഉള്ള സഹകരണ സ്ഥാപനങ്ങളിൽ വ്യാപകമായി പിരിച്ചുവിടലും അന്വേഷണവും നടത്തുന്നു. സഹകരണ മേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന സംസ്ഥാന ജില്ലാതല പരിപാടികൾകൾ എൽഡിഎഫിൻറെ പ്രചരണ ആയുധമാക്കി ഉപയോഗിക്കുന്നു. കെയർ ഹോം പദ്ധതിയുടെ ഭാഗമായി സഹകരണ മേഖല 14 ജില്ലകളിൽ നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ
ഉദ്ഘാടനത്തിൽ പ്രതിപക്ഷ നേതാവിനെയും സ്ഥലം എം പി യെ യും നിർത്തി പത്രപരസ്യം നൽകിയത് തരംതാഴ്ന്ന നടപടിയായി പോയെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള ആരോപിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!