കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യനീക്കമെന്ന് വിമര്‍ശനം

moonamvazhi

വരുമോ സഹകരണ വന്‍ശക്തികളും
ഐക്യദാര്‍ഢ്യ സമ്പദ്ഘടനയും ? – 2

2023 ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന
രണ്ടാമതു സഹകരണ എക്‌സ്‌പോയില്‍ 28 നു നടന്ന സെമിനാര്‍
സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍
ഇടപെടലിനെക്കുറിച്ചും അതു സഹകരണമേഖലയിലുണ്ടാക്കുന്ന
പ്രതിസന്ധികളെയുംകുറിച്ചായിരുന്നു. കേന്ദ്ര സഹകരണവകുപ്പ്
രൂപംകൊണ്ട ശേഷം കൈക്കൊള്ളുന്ന നടപടികളൊക്കെ
സഹകരണഫെഡറലിസത്തിനു വിരുദ്ധമാണെന്നു
സെമിനാറില്‍ സംസാരിച്ചവര്‍ വിമര്‍ശനമുയര്‍ത്തി.

സ്വാതന്ത്ര്യത്തിനുമുമ്പു ബ്രിട്ടീഷുകാര്‍പോലും വികേന്ദ്രീകൃതവികസനത്തിനു സഹകരണം പ്രൊവിന്‍ഷ്യല്‍ വിഷയമായിരിക്കണമെന്ന നിലപാട് എടുക്കുകയും സ്വാതന്ത്ര്യത്തിനുശേഷവും ആ സ്പിരിറ്റ് ഉള്‍ക്കൊണ്ടു സഹകരണം സംസ്ഥാനവിഷയമായി തുടരുകയും ചെയ്‌തെങ്കിലും സഹകരണത്തെ കേന്ദ്രനിയന്ത്രണത്തിലാക്കുന്ന ഏകാധിപത്യനീക്കമാണു കേന്ദ്രസര്‍ക്കാരിന്റെതെന്നു ഏപ്രില്‍ 28 നു ‘കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളും സഹകരണമേഖല നേരിടുന്ന വെല്ലുവിളികളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു മുന്‍സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2021 ജൂലായ് ആറിനു കേന്ദ്ര സഹകരണവകുപ്പുണ്ടാക്കിയശേഷമുള്ള ഓരോ നീക്കവും സഹകരണ ഫെഡറലിസത്തിനു വിരുദ്ധമാണ്. 2002 ലെ വര്‍ഗീയതാരാഷ്ട്രീയം ഉപയോഗിച്ചു ഗുജറാത്തിലെ സഹകരണപ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കിയ തന്ത്രം ഇന്ത്യയില്‍ എല്ലായിടത്തുമാക്കാനാണു ശ്രമം. ഇന്ത്യയിലെ സഹകരണനിക്ഷേപത്തിന്റെ 65-70 ശതമാനവും കേരളത്തില്‍നിന്നാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ സഹകരണപ്രസ്ഥാനത്തിനു നല്‍കിയ പിന്തുണയാണു കേരളമാതൃകയുടെ വിജയത്തിനു കാരണം. വിവരസസാങ്കേതികവിദ്യാമേഖലയില്‍പ്പോലും കേരളത്തില്‍ സഹകരണസംഘങ്ങള്‍ വിജയിച്ചിട്ടുണ്ട്. സഹകരണം സംസ്ഥാനവിഷയമായതുകൊണ്ടാണ് അതു സാധിച്ചത്. കേന്ദ്രനീക്കങ്ങള്‍ പ്രത്യക്ഷത്തില്‍ നല്ലതാണെന്നു തോന്നും. പക്ഷേ, അതൊക്കെ വളഞ്ഞവഴിയില്‍ സഹകരണപ്രസ്ഥാനത്തെ കൈപ്പിടിയിലൊതുക്കാനും അധികാരകേന്ദ്രീകരണത്തിനും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താനുമാണെന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകും – കടകംപള്ളി പറഞ്ഞു.

2022 ഫെബ്രുവരിയില്‍ ‘സഹകരണത്തിലൂടെ സമൃദ്ധി’ പദ്ധതി പ്രഖ്യാപിച്ചു. ജൂണില്‍ 65,000 പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ 2560 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ജൂലായില്‍ വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ രൂപവത്കരിക്കാന്‍ സഹായിക്കുന്നുവെന്ന ഭാവത്തില്‍ കരട് മാതൃകാനിയമം സംസ്ഥാനങ്ങള്‍ക്ക് അയച്ചു. 2023 ജനുവരി അഞ്ചിന് അത് അന്തിമമാക്കി നടപ്പാക്കണമെന്നു ആവശ്യപ്പെട്ടു. 2022 സെപ്റ്റംബറില്‍ പുതിയ ദേശീയസഹകരണനയം രൂപവത്കരിക്കാന്‍ കമ്മറ്റിയെ വച്ചു. ആ നയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. സഹകരണസംഘങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ ദേശീയഡാറ്റാബേസ് തയാറാക്കുന്നു. പ്രാഥമിക കാര്‍ഷികവായ്പാസഹകരണസംഘങ്ങളെക്കുറിച്ചുള്ള ഡാറ്റാബേസ് പൂര്‍ത്തിയായെന്നു സാരം. 2022 ഡിസംബറില്‍ ബഹുസംസ്ഥാന സഹകരണസംഘം നിയമം ഭേദഗതി ചെയ്യാനുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സംയുക്ത പാര്‍ലമെന്ററിസമിതി അത് അംഗീകരിച്ചുകഴിഞ്ഞു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമമാവും. 2023 ജനുവരി 11ന് ബഹുസംസ്ഥാന സഹകരണ കയറ്റുമതിസംഘം, ബഹുസംസ്ഥാന വിത്ത്‌സഹകരണസംഘം, ബഹുസംസ്ഥാന ജൈവഉല്‍പ്പന്നവിപണനസഹകരണസംഘം എന്നിവ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഇവയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഫെബ്രുവരി 11നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്രക്യാബിനറ്റ് സഹകരണമന്ത്രി അധ്യക്ഷനായി ഒരു മന്ത്രിതലകമ്മറ്റി രൂപവത്കരിക്കുകയും അഞ്ചു വര്‍ഷത്തിനകം രണ്ടു ലക്ഷം പുതിയ പാക്‌സ്, ഡെയറി, ഫിഷറീസ് സംഘങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാനാണെന്നു 2023 ഫെബ്രുവരി 27നു കേന്ദ്രസഹകരണരജിസ്ട്രാര്‍ 32 ഒഴിവുകള്‍ ഡെപ്യൂട്ടേഷനിലൂടെ നികത്താന്‍ ഇറക്കിയ വിജ്ഞാപനം തെളിയിക്കുന്നു. നിയമിക്കപ്പെടുന്നവരുടെ ചുമതലകള്‍ അതിലുണ്ട്. സഹകരണസംഘങ്ങളെ ബഹുസംസ്ഥാന സഹകരണസംഘങ്ങളാക്കി മാറ്റി രജിസ്‌ട്രേഷന്‍ നല്‍കുക, കേന്ദ്ര-സംസ്ഥാന സഹകരണനിയമങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കുക, സംസ്ഥാനങ്ങളിലെ സഹകരണസംഘം നിയമങ്ങളിലെ വ്യവസ്ഥകള്‍ നിരീക്ഷിക്കുക തുടങ്ങിയവയാണ് ഈ ഉദ്യോഗസ്ഥര്‍ക്കു നിശ്ചയിച്ചിട്ടുള്ള ചുമതലകള്‍. ഈ നീക്കങ്ങളെ ഒരുമിച്ചു ചെറുക്കാന്‍ വൈകരുത്- സുരേന്ദ്രന്‍ പറഞ്ഞു.

ഫെഡറല്‍
സ്വഭാവത്തെ
ലംഘിക്കുന്നു

സഹകരണമേഖലയില്‍ സംസ്ഥാനനിയമസഭകള്‍ക്കുള്ള നിയമനിര്‍മാണാധികാരങ്ങളിലേക്കു കടന്നുകയറിക്കൊണ്ടുള്ള പാര്‍ലമെന്റ്‌നിയമം മൗലികമായ ഫെഡറല്‍സ്വഭാവത്തെ ലംഘിക്കുന്നതാണെന്നു സെമിനാറില്‍ അധ്യക്ഷത വഹിച്ച അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. ഈ നിയമം ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ ആരൊക്കെ വേണമെന്നു തീരുമാനിക്കാന്‍ പൊതുയോഗത്തിനും നിയമസഭയ്ക്കുമുള്ള അധികാരമാണു നഷ്ടപ്പെടുക. അവ ചില ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന കാരണം പറഞ്ഞാണ് ഈ നീക്കം. ബാങ്ക് എന്നു പേരുള്ളതുകൊണ്ടുമാത്രം റിസര്‍വ് ബാങ്കിനും കേന്ദ്രസ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകളെ നിയന്ത്രിക്കാന്‍ കഴിയുംവിധം കൊണ്ടുവന്ന നിയമത്തിന്റെ സാധുത വിവിധ ഹൈക്കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളസര്‍ക്കാരും ഇതു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ ഹര്‍ജിയും ഒന്നിച്ചു പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതില്‍ മാത്രമല്ല, ഒട്ടേറെ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യത്തിനു വിരുദ്ധമായ നിയമഭദഗതികള്‍ വരുന്നുണ്ട്. ഇവയ്‌ക്കെതിരായ ചെറുത്തുനില്‍പ്പുകളുടെ ഭാഗമായിരിക്കണം ഇത്തരം സെമിനാറുകള്‍ – അദ്ദേഹം പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് തയാറാക്കിയ പ്രബന്ധം അദ്ദേഹത്തിനുവേണ്ടി ബി. ഉണ്ണിക്കൃഷ്ണന്‍ വായിച്ചു. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും പൂര്‍ണഅംഗങ്ങളല്ലാത്തവരില്‍നിന്നു നിക്ഷേപം സ്വീകരിക്കരുതെന്നുമുള്ള നിയമം, സഹകരണബാങ്കുകളിലെ ആദായനികുതിവേട്ട, സംസ്ഥാനനിയമത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്കു ബഹുസംസ്ഥാന സഹകരണസംഘങ്ങളില്‍ ലയിക്കാമെന്ന ഭേദഗതി, കേന്ദ്രം തയാറാക്കിയ കരടുനിയമം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം, വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ ശൃംഖല രൂപവത്കരിച്ചു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തനം തടയാനും നബാര്‍ഡില്‍നിന്നും മറ്റുമുള്ള സഹായം നിഷേധിക്കാനുമുള്ള നീക്കം, പ്രാഥമികസംഘങ്ങള്‍ കേന്ദ്രം നിര്‍ദേശിച്ച മാതൃകയില്‍ത്തന്നെ ഡിജിറ്റലൈസേഷനും ഏകീകൃതസോഫ്റ്റ്‌വെയറും നടപ്പാക്കണമെന്ന നിര്‍ദേശം, നബാര്‍ഡിന്റെയും എന്‍.സി.ഡി.സി.യുടെയും ആനുകൂല്യങ്ങള്‍ കുറയ്ക്കുകയും പലിശ കൂട്ടുകയും ചെയ്ത നടപടി, പേമെന്റ് ബാങ്കുകളെയും സ്മാള്‍ ഫിനാന്‍സ് ബാങ്കുകളെയും പ്രോത്സാഹിപ്പിക്കുകയും സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്ന നടപടി, പല നിധികമ്പനിയും തകര്‍ന്നിട്ടും ഫലപ്രദമായ നടപടി എടുക്കാതെ അവയെ പ്രോത്സാഹിപ്പിക്കുന്ന നടപടി എന്നിവയൊക്കെ കേന്ദ്രഇടപെടലിന് ഉദാഹരണങ്ങളാണെന്നു പ്രബന്ധത്തില്‍ മെഹബൂബ് പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ ആതുരശുശ്രൂഷാരംഗത്തെ കോര്‍പ്പറേറ്റുവത്കരണത്തില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാനുള്ള മാര്‍ഗമായി ആശുപത്രിസഹകരണമേഖലയെ വളര്‍ത്താന്‍ ശ്രമിക്കെയാണു ഫെഡറല്‍ഘടനയെ തകര്‍ക്കുന്നതും ബഹുസംസ്ഥാനസഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ കേന്ദ്രനടപടി വന്നതെന്നു പെരിന്തല്‍മണ്ണ ഇ.എം.എസ.് സഹകരണആശുപത്രി ചെയര്‍മാന്‍ വി. ശശികുമാര്‍ പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു സമാനമാണിത്. സഹകരണത്തെയും തദ്ദേശഭരണത്തെയും ആശ്രയിച്ച് ഒരു ബദല്‍ കെട്ടിപ്പടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കിതു വിഘാതം സൃഷ്ടിക്കും. ജനകീയപ്രതിഷേധത്തിലൂടെയും നിയമനടപടികളിലൂടെയും ഇതിനെ നേരിടണം – അദ്ദേഹം പറഞ്ഞു.

സഹകരണതത്വങ്ങള്‍ക്കു വിരുദ്ധമാണു കേന്ദ്രനീക്കമെന്നു ചെമ്പഴന്തി എസ്.എന്‍. കോളേജ് അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി. എ.ജെ. പറഞ്ഞു. ഡിജിറ്റലൈസേഷന്റെ ഭാഗമായി സഹകരണബാങ്കുകളുടെ അക്കൗണ്ടുകള്‍ തമ്മില്‍ എന്തിനു ലിങ്ക് ചെയ്യണം എന്നു ചിന്തിക്കണം. നബാര്‍ഡിനെ നിയന്ത്രണഏജന്‍സിയാക്കാനുള്ള നീക്കവും സംസ്ഥാനസര്‍ക്കാരിന്റെ അധികാരത്തിലുള്ള ഇടപെടലാണ്. ബഹുസംസ്ഥാന സഹകരണസംഘങ്ങള്‍ക്കുമേല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കു നിയന്ത്രണമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്രനീക്കം ധൃതരാഷ്ട്രാലിംഗനമാണെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.ബി. ജയപ്രകാശ് പറഞ്ഞു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ടി. അയ്യപ്പന്‍നായര്‍ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ എ. ഷറീഫ് നന്ദിയും പറഞ്ഞു.

കാര്‍ഷികമേഖല
രക്ഷപ്പെടാന്‍
ഇറക്കുമതിനയം മാറണം

പുതിയ കൃഷിരീതികള്‍ വഴി കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാമെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതിനയം മാറ്റാതെ കാര്‍ഷികമേഖല രക്ഷപ്പെടില്ലെന്നു സഹകരണ എക്‌സ്‌പോയില്‍ ഏപ്രില്‍ 27 ന് ‘ആധുനിക കൃഷിസമ്പ്രദായം – സഹകരണമേഖലയുടെ ഇടപെടല്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

പാലക്കാട് ചിറ്റൂരില്‍ 40-50 തേങ്ങ മാത്രം കിട്ടിയിരുന്നിടത്തു പ്രിസിഷന്‍ ഫാമിങ്, കമ്മൂണിറ്റി ഫാമിങ് തുടങ്ങിയവ വഴി 150-200 തേങ്ങ കിട്ടുന്നുണ്ടെങ്കിലും വില 20-22 രൂപയില്‍നിന്ന് ഒമ്പതു രൂപയായി. ഇന്‍ഡോനേഷ്യയില്‍നിന്നുള്ള തേങ്ങ ഇറക്കുമതിയാണു കാരണം. മൈക്രോ ഇറിഗേഷനും പ്രിസിഷന്‍ ഇറിഗേഷനും വഴി ചിറ്റൂരില്‍ ഒരു കര്‍ഷകന്‍ ഒരേക്കറില്‍ 52 ടണ്‍ തക്കാളി ഉല്‍പ്പാദിപ്പിച്ചു. തമിഴ്‌നാട്ടിലെ ഇസ്രയേലി സാങ്കേതികവിദ്യ അധിഷ്ഠിതമാക്കിയ ധര്‍മഗിരിമാതൃക അനുകരിച്ച് പാലക്കാട്ട് ആദ്യം 30 കുടുംബങ്ങളെക്കൊണ്ട് പ്രിസിഷന്‍ ഫാമിങ് പോലുള്ള കാര്യങ്ങള്‍ ചെയ്തപ്പോഴുണ്ടായ ഉല്‍പ്പാദനവര്‍ധന കണ്ട് 350 കൃഷിക്കാര്‍ ഇപ്പോള്‍ പ്രിസിഷന്‍ ഫാമിങ് ചെയ്യുന്നുണ്ട്. നൂറ്റമ്പതോളം കൃഷിക്കാര്‍ കമ്മൂണിറ്റി ഫാമിങ്ങും നടത്തുന്നു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുണ്ടാക്കി ആറ് ഉല്‍പ്പന്നങ്ങളും ഇറക്കി. ഇത്തരം മാര്‍ഗങ്ങളിലൂടെ തക്കാളി 206, കാപ്‌സിക്കം 438, വെണ്ട 287, വഴുതന 166, ബീന്‍സ് 117, ബേബികോണ്‍ 52 എന്നീ ശതമാനത്തില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാം. നെല്ലിന്റെയും കുരുമുളകിന്റെയും വാഴപ്പഴത്തിന്റെയുമൊക്കെ ഉല്‍പ്പാദനം വന്‍തോതിലാക്കാം. പാലക്കാട്ടെ പെരുമാട്ടി സര്‍വീസ് സഹകരണബാങ്ക് ഇസ്രയേലി സാങ്കേതികവിദ്യ നല്‍കുന്ന കമ്പനിയുടെ ഏജന്‍സി എടുത്തിട്ടുണ്ട്. അഞ്ചും പത്തും സെന്റില്‍ വീടുവച്ചു താമസിക്കുന്നവരെക്കൊണ്ടു ശാസ്ത്രീയമായി ആധുനിക കമ്മൂണിറ്റിക്കൃഷി ചെയ്യിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാം. സബ്‌സിഡി കൊടുത്തു ലിക്വിഡ് ഫെര്‍ട്ടിലൈസര്‍ ഉപയോഗവും പ്രോത്സാഹിപ്പിക്കണം – മന്ത്രി പറഞ്ഞു.

1976 ല്‍ അഞ്ചേക്കറുള്ള കൃഷിക്കാരന്റെ മാസവരുമാനം ജില്ലാ കളക്ടറുടെയും മന്ത്രിമാരുടെയും മാസവരുമാനത്തെക്കാള്‍ കൂടുതലായിരുന്നു എന്നു മന്ത്രി കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇന്നു പക്ഷേ, കിട്ടുന്ന വരുമാനം ജീവിക്കാന്‍ തികയില്ല. അതുകൊണ്ട് അവര്‍ മക്കളെ കര്‍ഷകരാക്കാന്‍ ആഗ്രഹിക്കുന്നില്ല. മൂല്യവര്‍ധിതോല്‍പ്പന്നത്തിന്റെ ഒരുവിഹിതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നു കാര്‍ഷികക്കമ്മീഷന്‍ പറഞ്ഞു. അതിനായി കൃഷികല്യാണ്‍ സെസ് നടപ്പാക്കിയെങ്കിലും ജി.എസ്.ടി. വന്നതോടെ അതും നിന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്നവര്‍പോലും കോടീശ്വരരാകുമ്പോള്‍ കര്‍ഷകര്‍ ദരിദ്രരായി തുടരുന്നു. കേരളത്തില്‍ നെല്‍ക്കൃഷി എട്ടു ലക്ഷം ഏക്കറില്‍നിന്ന് ഒന്നര ലക്ഷം ഏക്കറിലായി ചുരുങ്ങി. 141 കോടി ജനങ്ങള്‍ക്കു മൂന്നുനേരം ഭക്ഷണം നല്‍കുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കേണ്ടതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായിട്ടും പുതിയ ഇറക്കുമതിനയത്തിന്റെ ഫലമായി 40 രാജ്യങ്ങളില്‍നിന്നു പാല്‍ ഇറക്കുമതി തുടങ്ങിയിരിക്കുകയാണ്. ഇതു ക്ഷീരമേഖലയെ തകര്‍ക്കും. ഇവിടെയുണ്ടാക്കുന്നത് എ വണ്‍ മില്‍ക്കാണ.് ഇറക്കുമതി ചെയ്യുന്നത് എ റ്റു മില്‍ക്കാണ്. അതാണു കൂടുതല്‍ ആരോഗ്യപ്രദം എന്നാണു വാദം. ഇവിടെ അതു വെച്ചൂര്‍പശുവില്‍ കിട്ടും. പക്ഷേ, ഒരു പശുവില്‍നിന്ന് ഒരു ലിറ്ററേ കിട്ടൂ. ബ്രസീല്‍ സഹായത്തോടെ രാജസ്ഥാനിലെ ഗിര്‍പശുക്കളില്‍ 20 ലിറ്റര്‍ എ റ്റു മില്‍ക്ക് കിട്ടുന്ന ഇനങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അതുവന്നാല്‍ ആളുകള്‍ ആ പാലല്ലേ വാങ്ങൂ. സഹകരണബാങ്കുകളിലെ കാര്‍ഷികകടം വന്‍തോതില്‍ കൂടുകയാണ്. കേരളത്തില്‍ കാര്‍ഷികബജറ്റ് വേണ്ടതാണ്. ആധുനികശാസ്ത്രീയമാര്‍ഗങ്ങളോടൊപ്പം മത്സരശേഷിയും വളര്‍ത്തുന്നവിധത്തില്‍ കൃഷിവകുപ്പിന്റെ ആസൂത്രണവിഭാഗം ഉല്‍പ്പാദനപ്ലാന്‍ തയാറാക്കണം – കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഓരോ പഞ്ചായത്തിനും
യോജിച്ച കൃഷിരീതി
വേണം

കേരള കാര്‍ഷികസര്‍വകലാശാലയിലെ കാര്‍ഷികസാമ്പത്തികശാസ്ത്രവിഭാഗം മേധാവി ഡോ. പ്രേമ പ്രബന്ധം അവതരിപ്പിച്ചു. ആധുനികരാജ്യങ്ങള്‍ കൂടുതല്‍ കാര്‍ഷികോല്‍പ്പാദനവുമായി വന്നപ്പോള്‍ ഇന്ത്യ പിന്നിലായെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ കൃഷിസ്ഥലം കുറവായതിനാല്‍ ഉല്‍പ്പാദനക്ഷമതയിലൂന്നിയ ആധുനിക-ശാസ്ത്രീയ കൃഷിരീതികള്‍ വഴി ഓരോ ഇനത്തിലും ഉല്‍പ്പാദനസാധ്യതയുടെ പരമാവധി ഉല്‍പ്പാദിപ്പിക്കണം. കൃഷിവകുപ്പ് ഫാം പ്ലാന്‍ അധിഷ്ഠിതമായ ഉല്‍പ്പാദനത്തിനായി ഒരു കൃഷിഭവനില്‍ ഒരു ഫാം വച്ച് തുടങ്ങിയിട്ടുണ്ട്. ഓരോ പഞ്ചായത്തിനും യോജിച്ച കൃഷിരീതി നടപ്പാക്കണം. അമിതോല്‍പ്പാദനത്തിനും വിലയിടിവിനും പരിഹാരം മൂല്യവര്‍ധനയാണ്. ഒരേതരം ഉല്‍പ്പന്നങ്ങളെ ഒരുമിച്ചുകൂട്ടി ഒറ്റ ലോഗോയില്‍ വില്‍ക്കുന്നതു നന്നാവും. ലംബമാനകൃഷി, പോളിഹൗസ്‌കൃഷി, ഡ്രോണ്‍ കൊണ്ടു കീടബാധ കണ്ടെത്തിയുള്ള സൂക്ഷ്മഇടപെടല്‍, കാലാവസ്ഥക്കനുസൃതമായ കൃഷി, വെള്ളം ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന വിളകളുടെ കൃഷി തുടങ്ങിയവ അവലംബിക്കണം. ഭക്ഷണസംസ്‌കാരവും മാറണം. ഇഫ്‌കോ നാനോസാങ്കേതികവിദ്യയിലധിഷ്ഠിതമായ വളങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന വളങ്ങളെക്കാള്‍ അഞ്ചിരട്ടിവരെ ഫലപ്രദമാണിത്. കമ്പ്യൂട്ടര്‍അധിഷ്ഠിത സാങ്കേതികവിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന കൃഷികളുമുണ്ട്്. അതിനു മൂലധനം കൂടുതല്‍ വേണം. അക്കാര്യത്തില്‍ സഹകരണസംഘങ്ങള്‍ക്കു സഹായിക്കാനാവും. വിപണി കണ്ടെത്താനും സംഭരണശാലകള്‍ ഉണ്ടാക്കാനും മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താനും പരിശീലനങ്ങള്‍ സംഘടിപ്പിക്കാനും സഹകരണസ്ഥാപനങ്ങള്‍ക്കു സഹായിക്കാനാവും. അഗ്രിബിസിനസ്സിലും കയറ്റുമതിയിലുമൊക്കെ ഏര്‍പ്പെടാന്‍ കാര്‍ഷികവിദ്യാഭ്യാസം വേണം. ഇതിലും സഹകരണസംഘങ്ങള്‍ സഹായിക്കണം- ഡോ. പ്രേമ പറഞ്ഞു.

കാര്‍ഷികോല്‍പ്പാദനസംഘാടനത്തിനു ദിശാനിര്‍ദേശം നല്‍കാന്‍ കോ-ഓപ്പറേറ്റീവ് ഇന്റര്‍വെന്‍ഷന്‍ ഓഫ് ടെക്‌നോളജി ഇന്‍ അഗ്രിക്കള്‍ച്ചര്‍ (സിറ്റ) 15 പ്രോജക്ടുകള്‍ നടത്തിവരികയാണെന്ന് ആസൂത്രണബോര്‍ഡിന്റെ അഗ്രിചീഫ് എസ്.എസ്. നാഗേഷ് അറിയിച്ചു. ഇതില്‍ സബ്‌സിഡി വ്യക്തികള്‍ക്കല്ല കൂട്ടായ്മയ്ക്കാണു നല്‍കുന്നത്. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ വഴി കര്‍ഷകരെ ഒരുമിപ്പിച്ച് ആ പ്രദേശത്തിനാവശ്യമായ ഉല്‍പ്പാദനം മുതല്‍ വിതരണം വരെ നിര്‍വഹിക്കുന്ന ശൃംഖലയാണിത്. 35 കോടി രൂപ ഇതിനു വകയിരുത്തിയിട്ടുണ്ട്്. 2026 ഓടെ 500 സ്വയംസുസ്ഥിര കാര്‍ഷികപ്രോജക്ടുകള്‍ ആണു ലക്ഷ്യം. സാങ്കേതികത, മാനേജ്‌മെന്റ്, വായ്പ തുടങ്ങിയ മേഖലകളിലെ 10 വിദഗ്ധര്‍ ഇതു നിരീക്ഷിക്കും. ആനിക്കാട് നഴ്‌സറി പ്രോജക്ട് ആണ് ആദ്യത്തെത്. കൃഷിവകുപ്പിന്റെതാണു സാങ്കേതികസഹായം. സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന പദ്ധതിയാണിത്. ഇതു യന്ത്രവത്കരണം മാത്രമല്ല. സാമ്പ്‌ളിങ്ങിലൂടെയും ടെസ്റ്റിങ്ങിലൂടെയുമെല്ലാം കൃഷിച്ചെലവു മൂന്നിലൊന്നായി കുറയ്ക്കാം. ഡ്രോണ്‍ പോലുള്ള സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ കേരളം പിന്നിലാണ്. അമിത രാസവളപ്രയോഗം ദോഷമാണെങ്കിലും മിതമായി വളം പ്രയോഗിച്ചില്ലെങ്കില്‍ വിള നശിക്കും. കര്‍ഷകരുടെ കൂട്ടായ പ്രവര്‍ത്തനം സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂട്ടായ പ്രവര്‍ത്തനശേഷിയെ എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം ഉല്‍പ്പാദനം വര്‍ധിക്കും. ഡാറ്റാഅധിഷ്ഠിതവൈദഗ്ധ്യവും സിറ്റയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹായവും തേടും. കിട്ടുന്ന വിളവും കിട്ടാവുന്ന വിളവും തമ്മിലുള്ള വ്യതിയാനം സിറ്റ പദ്ധതി വഴി നെല്ലിന്റെ കാര്യത്തില്‍ 95 ശതമാനം കുറയ്ക്കാം. തെങ്ങ് -275, കവുങ്ങ് -257, റബ്ബര്‍ -43, കുരുമുളക് -408, കാപ്പി -246 എന്നിങ്ങനെയാണു മറ്റു വിളകളുടെ കാര്യത്തില്‍ ഇതു കുറയ്ക്കാവുന്ന ശതമാനം. ശാസ്ത്രീയവും സുരക്ഷിതവുമായ കൃഷിരീതികളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാവുന്ന പദ്ധതിയാണു സിറ്റ. കാര്‍ഷികരംഗത്തേക്കു യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാമെന്നും പ്രതീക്ഷിക്കുന്നു. ലോകത്തു 40 ശതമാനം കൃഷി സ്റ്റാര്‍ട്ടപ്പുകളാണു നടത്തുന്നത്. അതിലേറെയും യുവാക്കളുടെതാണ്- നാഗേഷ് ചൂണ്ടിക്കാട്ടി.

ചെറിയ ഇടറോഡുകളിലൂടെയും മറ്റും കൊണ്ടുപോകാവുന്ന കൊച്ചുകാര്‍ഷികയന്ത്രങ്ങള്‍ കുറവാണെന്നു കഞ്ഞിക്കുഴി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് പറഞ്ഞു. വായ്പാരീതി, വിപണനം, യന്ത്രവത്കരണം എന്നിവയില്‍ ആധുനികീകരണം ആവശ്യമാണ്. ഇവയിലും യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിലും സഹകരണസംഘങ്ങള്‍ക്കു സഹായിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധിതോല്‍പ്പന്നങ്ങളും സംയോജിതകൃഷിരീതികളും ഏറെ പ്രയോജനകരമാണെന്നു കര്‍ഷകപുരസ്‌കാരജേത്രി ഷിമി ഷാജി പറഞ്ഞു. സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. അയ്യപ്പന്‍ നായര്‍ സ്വാഗതവും സഹകരണ അസി. രജിസ്ട്രാര്‍ (വിപണനം) എം.പി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

മത്സ്യസമ്പത്ത്
കുറയുന്നു

കയര്‍, കൈത്തറി, ഫിഷറീസ് മേഖലകളിലേക്കു പുതിയ ആളുകള്‍ കാര്യമായി വരുന്നില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു 29 നു ‘കയര്‍, കൈത്തറി, ഫിഷറീസ് വ്യവസായ സഹകരണസംഘങ്ങളുടെ വികസനത്തിന് ഒരു കര്‍മപദ്ധതി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പറഞ്ഞു. മത്സ്യസമ്പത്തു കുറയുകയാണ്. യന്ത്രവത്കരണം മൂന്നു മേഖലയിലു ആയാസം കുറച്ചിട്ടുണ്ട്. നൂതനസംവിധാനങ്ങള്‍ മൂന്നിലും വേണം. മൂല്യവര്‍ധനയും വരുത്തണം. കയര്‍-മത്സ്യമേഖലകള്‍ തമ്മിലുണ്ടായിരുന്ന ബന്ധം ഇപ്പോഴില്ല. കയര്‍കൊണ്ട് ഉണ്ടാക്കിയിരുന്ന മത്സ്യബന്ധനോപാധികളുടെ സ്ഥാനം പ്ലാസ്റ്റിക് കൈയടക്കി. കാലാവസ്ഥാവ്യതിയാനം മൂലം വര്‍ഷത്തില്‍ പകുതിയും കടലില്‍ പോകാനാവാത്ത സ്ഥിതിയായി. ആ ദിവസങ്ങളില്‍ അവര്‍ക്കു സാമ്പത്തികസഹായം നല്‍കുന്ന ആദ്യസംസ്ഥാനം കേരളമാണ്- അദ്ദേഹം പറഞ്ഞു.

അസംസ്‌കൃതവസ്തുക്ഷാമം, അവയുടെ വലിയ വില, മികച്ച വേതനവും ആനുകൂല്യങ്ങളും, കാലത്തിനൊത്ത വൈവിധ്യവത്കരണമില്ലായ്മ എന്നിവ മൂലം ഇവിടെ കയര്‍വ്യവസായം നടത്തുന്നതിന്റെ 60-70 ശതമാനം തുകയ്ക്ക് അന്യസംസ്ഥാനത്തു വ്യവസായം നടത്താമെന്നതാണ് അവസ്ഥയെന്നു അധ്യക്ഷപ്രസംഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു. തമിഴ്‌നാട്ടില്‍ ഈ വ്യവസായം വളരുകയാണ്. ഇവിടെ മിക്ക സംഘവും പ്രവര്‍ത്തിക്കുന്നില്ല. കയര്‍വ്യവസായത്തിനു കേരളത്തില്‍ എത്രനാള്‍ നിലനില്‍ക്കാനാവുമെന്നു സംശയം. ഒന്നാംപിണറായിസര്‍ക്കാര്‍ സംഘങ്ങളുടെ കടം ഒഴിവാക്കുകയും പ്രവര്‍ത്തനധനസഹായം നല്‍കുകയും ചെയ്തത് ആശ്വാസമായി. ഗുണമേന്‍മ വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. അതിനുള്ള സര്‍ക്കാര്‍കമ്മറ്റിറിപ്പോര്‍ട്ട് ഉടനെ വരും. 640 മത്സ്യസംഘങ്ങളുണ്ടെങ്കിലും ലേലം നടക്കുന്നതു നൂറില്‍ താഴെയെണ്ണത്തിലാണ്. മത്സ്യഫെഡ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതു 420 സംഘങ്ങള്‍ മാത്രമാണെന്നതു നിരവധി സംഘങ്ങള്‍ നിര്‍ജീവമാണെന്നു വ്യക്തമാക്കുന്നു. കേന്ദ്രധനകാര്യസ്ഥാപനങ്ങളുടെ വായ്പകളും സംസ്ഥാനസര്‍ക്കാരിന്റെ സഹായവും കൊണ്ടാണു സംഘങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്. ഓരോ കാലത്തെ മത്സ്യബന്ധനരീതിക്കനുസരിച്ചു വായ്പകൊടുക്കുന്നതു സംഘം വഴിയാണ്. 70 ശതമാനം തിരിച്ചടവുണ്ടെങ്കിലേ സഹായം കിട്ടൂ. ഇതു സാധിക്കും എന്നുറപ്പില്ലാത്തതിനാല്‍ വികസനപരീക്ഷണങ്ങള്‍ക്കു സംഘങ്ങള്‍ തയാറാകാറില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിനു സഹായം കിട്ടും. പക്ഷേ, കടക്കെണി പേടിച്ചു സംഘങ്ങള്‍ തയാറല്ല. അതുകൊണ്ടു തിരിച്ചടവുനിബന്ധന ഭേദഗതി ചെയ്യണം. പാര്‍ട്ടി-മുന്നണി വ്യത്യാസമില്ലാതെ പല സംഘങ്ങളിലായി 45 കോടി രൂപയുടെ ക്രമക്കേടുണ്ടായി. പല ഭരണസമിതിയംഗങ്ങള്‍ക്കും സഹകരണകാഴ്ചപ്പാടില്ല. പലേടത്തും ഉദ്യോഗസ്ഥര്‍ക്കു മതിയായ യോഗ്യതയില്ല. ബികോം (സഹകരണം) എങ്കിലും ഉള്ളവരാകണം ഉദ്യോഗസ്ഥര്‍. സംഘം നിശ്ചലമായാല്‍ ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടിലാകും – അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് വ്യവസായകമ്മീഷണര്‍ സിജി തോമസ് വൈദ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. തമിഴ്‌നാട്ടില്‍ കയര്‍വ്യവസായം വര്‍ധിച്ചെങ്കിലും കൂടുതലും സ്വകാര്യമേഖലയിലാണെന്ന് അവര്‍ പറഞ്ഞു. സഹകരണമേഖലയെ ഏറ്റവും ആധുനികമായി കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ 1500 ഫിഷറീസ് സംഘങ്ങളിലായി ഏഴര ലക്ഷം അംഗങ്ങളും 150 കോടി രൂപയുടെ വിറ്റുവരവുമുണ്ട്. ഈ സംഘങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കു മണ്ണെണ്ണ വിതരണം ചെയ്യുകയും മത്സ്യബന്ധന നിരോധനകാലത്തു സാമ്പത്തികസഹായം നല്‍കുകയും ജലസംഭരണികളില്‍ മത്സ്യബന്ധനാവകാശങ്ങള്‍ നേടിക്കൊടുക്കുകയും റേഷന്‍കടകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ 1113 കൈത്തറിനെയ്ത്തുസംഘങ്ങളുണ്ട്. അപ്പെക്‌സ് സംഘമായ കോ-ഓപ്‌ടെക്‌സിനു വര്‍ഷം 200 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഇ-കോമേഴ്‌സ വെബ്‌സൈറ്റുമുണ്ട്. അതില്‍ എട്ടു കോടി രൂപയുടെ വില്‍പന നടക്കുന്നു. ഇന്ത്യയിലെമ്പാടുമായി 154 വില്‍പ്പനശാലകളുണ്ട്. ഡിസൈനിലും ഫാഷനിലുമൊക്കെ ആധുനികീകരണമുണ്ട്. കണ്‍സള്‍ട്ടന്‍സിപ്രക്രിയയെ ഇത്തരം കാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നു. കേരളത്തിലും മറ്റും ഏതൊക്കെ നിറം സാരികളാണു വില്‍ക്കേണ്ടതെന്നുവരെ, കണ്‍സള്‍ട്ടന്‍സി പ്രക്രിയയിലൂടെ വില്‍പ്പനസാധ്യതയുടെ അടിസ്ഥാനത്തില്‍, ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു നിശ്ചയിക്കുന്നത്. ആറു സഹകരണ സ്പിന്നിങ് മില്ലുകളുണ്ട്. അവ ന്യായവിലയ്ക്കു നൂല്‍ നല്‍കും. രണ്ടു മാസത്തേക്കു 300 യൂണിറ്റ് വൈദ്യുതി സൗജന്യം നല്‍കാറുണ്ട്. വസ്ത്രങ്ങള്‍ക്കു റിബേറ്റും നല്‍കും. സംഘങ്ങള്‍ക്ക് ആറു ശതമാനം പലിശയിളവും നല്‍കും. ഭവനിര്‍മാണസബ്‌സിഡി പോലുള്ള സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളുമുണ്ട്. തമിഴ്‌നാട് സഹകരണ ടെക്‌സ്റ്റൈല്‍സ് പ്രോസസിങ് മില്‍സുണ്ട്. ആധുനികവും ഒട്ടും ദ്രവമാലിന്യമില്ലാത്തവിധത്തിലുമാണ് ഇതു നടത്തുന്നത്. 58 ബ്ലോക്കുതല സഹകരണക്ലസ്റ്ററുകള്‍ ഈ രംഗത്തുണ്ട്. വിപുലമായ ഡിസൈനിങ്, വിപണനസൗകര്യങ്ങളോടെ മിനി, മെഗാ പാര്‍ക്കുകള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണ്. 226 പവര്‍ലൂം സംഘങ്ങളുമുണ്ട്. അവയ്ക്കു സൗജന്യ സാരിപദ്ധതിയ്ക്കും മറ്റുമായി 500 കോടി രൂപയും സൗജന്യ സ്‌കൂള്‍യൂണിഫോം പദ്ധതിക്കായി 260 കോടി രൂപയും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചു. മൊത്തത്തില്‍ 1000 കോടിയിലേറെ വിറ്റുവരവും 16 കോടിയോളം ലാഭവുമുണ്ട് – അവര്‍ പറഞ്ഞു.

നീലഗിരിയില്‍
16 തേയില
സഹകരണസംഘങ്ങള്‍

വ്യവസായ സഹകരണസംഘങ്ങളില്‍ കയറും കരകൗശലവുമടക്കം നിരവധി മേഖലകളിലായി 283 സംഘങ്ങളുണ്ട്. 68,500 ആളുകള്‍ ജോലി ചെയ്യുന്നു. 1237 കോടിയുടെ വിറ്റുവരവുണ്ട്. ലാഭം 37 കോടി. നീലഗിരിയില്‍ 16 തേയില സഹകരണസംഘങ്ങളുണ്ട്. ഇലക്ട്രോണിക് തേയിലലേലകേന്ദ്രവും തുടങ്ങി. സ്റ്റാര്‍ച്ച്-സാഗോ ഉല്‍പ്പാദകര്‍ക്കായി ഒരു സഹകരണസംഘമുണ്ട്. വ്യവസായ സഹകരണസംഘങ്ങള്‍ക്കു മാത്രമായി 1000 കോടി രൂപ നിക്ഷേപമുള്ള ഒരു ബാങ്കുണ്ട്. സഹകരണമേഖലയില്‍ ഔഷധ-രാസപരിശോധനാലാബ് ഉണ്ട്. ഇതിന് 24 ലക്ഷം രൂപ വാര്‍ഷികലാഭമുണ്ട്. തിരുവണ്ണാമലയിലും കാഞ്ചീപുരത്തും പാമ്പുപിടിത്തക്കാരുടെ സഹകരണസംഘമുണ്ടെന്നതു പ്രത്യേകതയാണ്. വ്യവസായമടക്കം എല്ലാ മേഖലയിലുമായി നാലായിരത്തോളം സംഘമാണുള്ളത്. എല്ലാത്തിലും കൂടി അരക്കോടിപ്പേര്‍ ജോലി ചെയ്യുന്നു. 2500 കോടി രൂപയുടെ വിറ്റുവരവും 57 കോടി രൂപയുടെ ലാഭവുമുണ്ട്. രണ്ടര ശതമാനം മാത്രമാണു ലാഭം. തമിഴ്‌നാട്ടിലും സഹകരണസംഘങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. ബ്രാണ്ടിങ്, വിപണനം, മൂല്യവര്‍ധന, ഉചിതമായ വിലനിര്‍ണയനയം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയെപ്പറ്റി സഹകരണരംഗത്തു കാര്യമായ ചിന്തയില്ല. അടിസ്ഥാനസൗകര്യകാര്യത്തില്‍ താല്‍ക്കാലിക വികാസമല്ലാതെ വന്‍തോതിലുള്ള മാറ്റമില്ല. അതുകൊണ്ടു ഗുണനിലവാരത്തില്‍ കാര്യമായ മാറ്റമില്ല. പ്രശ്‌നപരിഹാരങ്ങളുടെ ഭാഗമായി മേഖലകള്‍ക്കായി പ്രത്യേക സമീപനം സ്വീകരിക്കാന്‍ നാലഞ്ചു മേഖലകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വ്യവസായ സഹകരണസംഘമുണ്ടാക്കാന്‍ രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണ്ടെന്നതടക്കമുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരുന്നുണ്ട്. വ്യവസായ സഹകരണസംഘങ്ങള്‍ക്കായുള്ള ബാങ്കിനെ വിവിധ പരിഷ്‌കാരങ്ങള്‍ വരുത്തി ശക്തമാക്കാന്‍ ശ്രമിക്കുന്നു. ഏറ്റവും സര്‍ക്കാര്‍ഇടപെടല്‍ നടന്നതു കയര്‍സഹകരണസംഘങ്ങളിലാണ്. തമിഴ്‌നാട്ടില്‍ തെങ്ങുകയറാന്‍ ധാരാളം ആളെ കിട്ടുന്നതുകൊണ്ടു പച്ചത്തേങ്ങ കിട്ടും. തമിഴ്‌നാട്ടിലും 25 ശതമാനം തേങ്ങത്തൊണ്ടും ഉപയോഗിക്കപ്പെടാതെ പോകുകയാണ്. തെങ്ങുകര്‍ഷകര്‍ക്കായി കൂട്ടായ പ്രവര്‍ത്തനത്തിനും വിപണനംവരെയുള്ള കാര്യങ്ങള്‍ക്കുമായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം രൂപവത്കരിച്ചു. ഇതു പരീക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കയറിതരമേഖലകള്‍ക്കും പറ്റിയ മാതൃകയാണിത്. കേരളസര്‍ക്കാര്‍ അടക്കം ഈ പരിശ്രമത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെയെല്ലാം ക്ഷണിക്കുകയാണ്- സിജി തോമസ് വൈദ്യന്‍ പറഞ്ഞു.

സര്‍ക്കാര്‍സ്‌കൂളുകളില്‍ സൗജന്യ കൈത്തറിയൂണിഫോം ഏര്‍പ്പെടുത്തി നെയ്ത്തുചുമതല കൈത്തറി സഹകരണസംഘങ്ങളെ ഏല്‍പ്പിച്ചതുപോലെ, സര്‍ക്കാര്‍ ആശുപത്രികളിലെ ബെഡ്ഷീറ്റുകളുടെ ഉല്‍പ്പാദനം കൂടി കൈത്തറിസംഘങ്ങളെ ഏല്‍പ്പിക്കണമെന്നു ഹാന്റക്‌സ് ചെയര്‍മാന്‍ ടി. മനോഹരന്‍ ആവശ്യപ്പെട്ടു. ഹാന്റക്‌സിന് 80 വില്‍പ്പനശാലയിലായി 40 കോടി രൂപയുടെ വില്‍പ്പനയാണു കിട്ടുന്നത്. സൗജന്യകൈത്തറിയൂണിഫോം പദ്ധതി ആശ്വാസമാണെങ്കിലും കൂലിയും സംഘങ്ങളുടെ നിര്‍വഹണച്ചെലവുകള്‍ക്കും മറ്റുമുള്ള തുകയും കൃത്യമായി കിട്ടുന്നില്ല. 20 കോടിയോളം രൂപ പ്രാഥമികസംഘങ്ങള്‍ക്കു കുടിശ്ശിക കൊടുക്കാനുണ്ട്. സര്‍ക്കാര്‍ സഹായിക്കണം. എല്ലാ പ്രവര്‍ത്തനവും യൂണിഫോം നെയ്ത്തില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടു തൊഴിലാളികളുടെ കലാവിരുതു പ്രകടമാക്കാന്‍ കഴിയുന്നില്ല. കേരള ബാങ്കിന്റെതു കഴുത്തറപ്പന്‍പലിശയാണ്. സംഘങ്ങള്‍ക്കു കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കണം – അദ്ദേഹം പറഞ്ഞു. കയര്‍സഹകരണമേഖലയില്‍ കാലത്തിനൊത്ത മാറ്റങ്ങളും സാങ്കേതികവിദ്യാവിപുലീകരണവും ഉല്‍പ്പന്നങ്ങളുടെ പുനര്‍രൂപകല്‍പ്പനയും വേണമെന്നു സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി പറഞ്ഞു. അപ്പെക്‌സ് സ്ഥാപനങ്ങള്‍ വിതരണശൃംഖലാ മാനേജ്‌മെന്റ് ഫലപ്രദമാക്കണമെന്നും അവര്‍ പറഞ്ഞു. സഹകരണ അഡീഷണല്‍ രജിസ്ട്രാര്‍ (വായ്പ) ആര്‍. ജ്യോതിപ്രസാദ് സ്വാഗതവും സലിം എ.ആര്‍. നന്ദിയും പറഞ്ഞു.

സമ്പൂര്‍ണ
ഡിജിറ്റലൈസേഷന്‍
അനിവാര്യം

സഹകരണമേഖലയുടെ കുതിച്ചുചാട്ടത്തിനു സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ അനിവാര്യമാണെന്നു സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് ഏപ്രില്‍ 30 ന് ‘ഇ-ഗവേണന്‍സ് സഹകരണമേഖലയില്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പറഞ്ഞു. സഹകരണവകുപ്പിലെ എല്ലാ കാര്യവും കടലാസ്‌രഹിതമാക്കണം. സഹകരണബാങ്കുകള്‍ പൂര്‍ണ ഡിജിറ്റലാകണം. ഓഡിറ്റ് മുഴുവന്‍ ഇലക്ട്രോണിക്കാക്കണം. കേരള ബാങ്ക് എത്രയുംവേഗം ഈ രീതിയിലേക്കു മാറണം. അപ്പോള്‍ താഴെയുള്ളവയും മാറും. ഇ-ഗവേണന്‍സ് നടപ്പാക്കുമ്പോള്‍ 15 ദിവസംകൊണ്ടു നടക്കുന്ന കാര്യങ്ങള്‍ അഞ്ചു നിമിഷംകൊണ്ടു നടക്കും. സമയലാഭവും അതുവഴി മറ്റു കാര്യങ്ങള്‍ക്കു സമയം ലഭിക്കുന്നതുംവഴി ഈ ഗവേണന്‍സിനാണ് ഏറ്റവും കൂടുതല്‍ സാമ്പത്തികവരുമാനവും സാമൂഹികവരുമാനവും നേടിത്തരാനാവുന്നത്. ഒപ്പം ഭരണകാര്യക്ഷമതയും വേഗതയും വിശ്വാസ്യതയും വര്‍ധിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.

സദ്ഭരണോപാധിയാണ് ഇ-ഗവേണന്‍സ് എന്നു ജാര്‍ഖണ്ഡ് കൃഷി, മൃഗസംരക്ഷണ, സഹകരണവകുപ്പു സെക്രട്ടറി പി. അബൂബക്കര്‍ സിദ്ധിഖി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സുതാര്യതയും കാര്യക്ഷമതയും ഉത്തരവാദിത്തവും പ്രാപ്യതയും പങ്കാളിത്തവും അതിന്റെ പ്രത്യേകതകളാണ്. ജാര്‍ഖണ്ഡില്‍ വരള്‍ച്ചക്കാലത്തു 38 ലക്ഷം കര്‍ഷകര്‍ക്കു ധനസഹായം നല്‍കിയതു ഇ-ഗവേണന്‍സ് ഇനീഷ്യേറ്റീവിലൂടെയാണ്. എല്ലാക്കാര്യവും ഓണ്‍ലൈനായിരുന്നു. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ അക്ഷയകേന്ദ്രങ്ങള്‍കൂടിയാക്കി മാറ്റി. വളംസബ്‌സിഡിവിതരണവും മറ്റും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയിലൂടെ നിരീക്ഷിച്ചു. വിത്തുദുരുപയോഗവും പരിഹരിച്ചു. നെല്ലുസംഭരണവും പണം നല്‍കലും ഓണ്‍ലൈനായാണു നടത്തിയത്. 1400 പ്രാഥമിക സഹകരണസംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടക്കുന്നു. സഹകരണമേഖലയില്‍ കാര്യങ്ങള്‍ അറിയാന്‍ മൊബൈല്‍ആപ്പുണ്ട്. ഇതു പ്രയോജനപ്പെടുത്താന്‍ ഭാഷ പ്രധാനമാണ്. ജാര്‍ഖണ്ഡില്‍ ഹിന്ദിപോലും എല്ലാവര്‍ക്കും അറിയില്ല. 14 ലക്ഷമാണു ജാര്‍ഖണ്ഡിലെ സഹകരണ അംഗസംഖ്യ. ഇനിയും ഏറെ വളരാനുണ്ട്. ഇ-ഗവേണന്‍സ് എല്ലാ മേഖലയിലും വരുമ്പോള്‍ സഹകരണമേഖലയ്ക്കു നല്ല പങ്കു വഹിക്കാനുണ്ടാകും -അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യാസ്വീകരണത്തില്‍ സഹകരണസ്ഥാപനങ്ങള്‍ ഇനിയും മുന്നേറാനുണ്ടെന്നു നബാര്‍ഡ് കേരള സി.ജി.എം. ഡോ. ജി. ഗോപകുമാരന്‍ നായര്‍ പറഞ്ഞു. വീട്ടിലിരുന്നു ബാങ്കിങ് സാധ്യമാവുന്ന കാലത്തു സഹകരണബാങ്കുകള്‍ സാങ്കേതികവിദ്യ ആധുനികീകരിച്ചേ മതിയാകൂ. ഈ സാങ്കേതികവിദ്യ ചെലവേറിയതാണ്. സഹകരണസ്ഥാപനങ്ങള്‍ ചെറിയ യൂണിറ്റുകളാണ്. ഉയര്‍ന്ന ചെലവുള്ള സാങ്കേതികവിദ്യ ചെറിയ സ്ഥാപനത്തില്‍ നടപ്പാക്കിയാലും വലിയ സ്ഥാപനത്തില്‍ നടപ്പാക്കിയാലും ചെലവ് ഒരുപോലെയാണ്. ചെറിയ സ്ഥാപനങ്ങള്‍ക്ക് ഇത്രവലിയ ചെലവില്‍ സാങ്കേതികവിദ്യാനവീകരണം നടപ്പാക്കാന്‍ പ്രയാസമുണ്ടാകും. അതുകൊണ്ടാണു കേന്ദ്രം പൊതുസോഫ്റ്റ്‌വെയര്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നോട്ടുപോയിട്ടുണ്ട്. പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങളെ ബഹുസേവനകേന്ദ്രങ്ങളാക്കാന്‍ നബാര്‍ഡ് സഹായിക്കുന്നുണ്ട്. 112 സഹകരണബാങ്കുകളില്‍ നബാര്‍ഡ് 264 കോടിയുടെ റീഫിനാന്‍സ് സഹായം നല്‍കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഇ-ഗവേണന്‍സിന് ഒരുക്കല്‍
കേരള ബാങ്കിന്റെ
ഉത്തരവാദിത്തം

പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളിലടക്കം സാങ്കേതികവിദ്യാസംയോജനവും ഇ-ഗവേണന്‍സിന് ഒരുക്കലും അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണു കേരള ബാങ്കിനുള്ളതെന്നു കേരള ബാങ്ക് സി.ഇ.ഒ. രാജന്‍ പി.എസ് പറഞ്ഞു. കേരള ബാങ്കിന്റെ കോര്‍ബാങ്കിങ് പ്രവര്‍ത്തനസജ്ജമായി. ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ബാങ്കിങ് നടത്താം. ഇത് ആദ്യഘട്ടമാണ്. ഇനി ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം കൂടി വരുന്നതോടെ ഇ-കോമേഴ്‌സിനു വളരെ സഹായകമാകും. ഇ-സര്‍വീസുകള്‍ കേരളത്തിലെ സഹകരണസംഘങ്ങളുടെ ഉപഭോക്താക്കള്‍ക്കുകൂടി ലഭ്യമാക്കുന്ന വിധമാണു നടപ്പാക്കേണ്ടത്. 99 ശതമാനം ബാങ്കിങ്ങും ബാങ്കില്‍പോകാതെ നടത്താം. കേരള ബാങ്ക് കൊണ്ടുവരുന്ന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ സംവിധാനത്തില്‍ ഇതെല്ലാമുണ്ടാകും. ഡയറക്ട് ബെനഫിറ്റ് സ്‌കീം പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുള്ള സൗകര്യം ഇതിലുണ്ടാവും. ഒരാള്‍ ഒന്നിലേറെ ബാങ്കില്‍നിന്ന് ആനുകൂല്യം കൈപ്പറ്റുന്നത് ഒഴിവാക്കാം. യു.പി.ഐ. സംവിധാനവും വായ്പലഭ്യതാ സംവിധാനങ്ങളുമൊക്കെ കേരള ബാങ്കിന്റെ ഡിജിറ്റല്‍ ആപ്പില്‍ ഉണ്ടാകും. കേരള ബാങ്കിന്റെ മുന്‍കൈയോടെ സഹകരണസമൂഹത്തിനും ഡിജിറ്റലൈസേഷന്റെ എല്ലാ സൗകര്യവും ലഭ്യമാകും -അദ്ദേഹം പറഞ്ഞു.

 

ഇ-ഗവേണന്‍സിന്റെ കാര്യത്തില്‍ ഭരണസമിതിയംഗങ്ങളെ ബോധവത്കരിക്കണമെന്നു ഫോര്‍ട്ടുകൊച്ചി സഹകരണസംഘം പ്രസിഡന്റും കൊച്ചിമുന്‍മേയറുമായ കെ.ജെ. സോഹന്‍ പറഞ്ഞു. സാമ്പത്തികസാക്ഷരത, ബാങ്കിങ്‌സാക്ഷരത തുടങ്ങിയവ താഴെത്തട്ടില്‍ വ്യാപിപ്പിക്കാനും ബോധവത്കരണം ആവശ്യമാണ്. നബാര്‍ഡ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും നിയമങ്ങളില്‍ ഫ്‌ളക്‌സിബിലിറ്റി വേണമെന്നും അദ്ദേഹം പറഞ്ഞു. വലിയ സാമ്പത്തികബാധ്യതയില്ലാതെ സഹകരണസംഘങ്ങളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കാനാവുമെന്ന് യു.എല്‍.സി.സി.എസ്. ഐ.ടി.സെല്‍ സി.ഇ.ഒ. മുരളീഗോപാല്‍ അഭിപ്രായപ്പെട്ടു. രേഖകള്‍ സൂക്ഷിക്കുന്നതിലെ പോരായ്മകള്‍, സേവനം നല്‍കുന്നതിലെ പരിമിതികള്‍, വിവരങ്ങള്‍ നല്‍കുന്നതിലുള്ള അപര്യാപ്തതകള്‍, സാങ്കേതികഅടിസ്ഥാനസൗകര്യമില്ലായ്മ തുടങ്ങിയവ ഇ-ഗവേണന്‍സ് വഴി പരിഹരിച്ചു സംഘങ്ങളുടെ ഭരണം ഫലപ്രദമാക്കാം. ഇതിനു വിവിധആവശ്യകതകള്‍ക്കനുസരിച്ചു സോഫ്റ്റ്‌വെയര്‍ തയാറാക്കാനാവും. ക്ലൗഡ്അധിഷ്ഠിതപ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ഇ-ഗവേണന്‍സിലെ പുരോഗതിയനുസരിച്ചാവും താഴേത്തട്ടുകളിലെ പുരോഗതിയെന്നു മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ പറഞ്ഞു. നിലവിലുള്ളവര്‍ക്കു ബോധവത്കരണവും പരിശീലനവും ഇനി നിയമിതരാകുന്നവര്‍ക്കു പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങും നല്‍കണം. പ്രാഥമികസംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണം തൃണതലയാഥാര്‍ഥ്യം മനസ്സിലാക്കിയാവണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് നന്ദിയും പറഞ്ഞു. ( അവസാനിച്ചു).

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!