കേന്ദ്രത്തിന്റെ വിവരശേഖരണത്തില്‍ നിലപാടറിയിക്കാതെ സര്‍ക്കാര്‍; സംഘങ്ങള്‍ ആശയക്കുഴപ്പത്തില്‍

moonamvazhi

സഹകരണ സംഘങ്ങളുടെ വിവരം തേടിയുള്ള കേന്ദ്ര അപ്പക്‌സ് ഏജന്‍സികളുടെ നോട്ടീസില്‍ നിലപാടെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് ആണ് ഇപ്പോള്‍ അംഗ സംഘങ്ങളില്‍നിന്ന് കേന്ദ്ര സഹകരണ ഡേറ്റ സെന്ററിലേക്കുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനത്തെ നിയമപരമായും ജനാധിപത്യ പ്രതിഷേധത്തിലൂടെയും നേരിടുമെന്നാണ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, സഹകരണ സംഘങ്ങള്‍ വിവരം കൈമാറണോ എന്ന കാര്യത്തില്‍ സഹകരണ വകുപ്പ് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

അടിയന്തര പ്രാധാന്യത്തോടെ വിവരം നല്‍കണമെന്നാണ് നാഫെഡ് നല്‍കിയ നോട്ടീസിലുള്ളത്. ഇത് സംബന്ധിച്ച് സഹകരണ സംഘങ്ങളില്‍നിന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. എന്തൊക്കെ വിവരങ്ങളാണ് നാഫെഡ് തേടിയതെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചത്. ഇതിന് ശേഷമാണ് സഹകരണ സംഘം പ്രസിഡന്റുമാരുടെ യോഗം ഓണ്‍ലൈനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായോ മന്ത്രി .യോഗത്തിലോ വിവരങ്ങള്‍ സംഘങ്ങള്‍ കൈമാറേണ്ടതില്ലെന്ന് അറിയിച്ചിട്ടില്ല.

ഇതോടെ സഹകരണ സംഘങ്ങളാണ് ആശയക്കുഴപ്പത്തിലായത്. നാഫെഡ് മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെയും സംസ്ഥാന ഫെഡറേഷനുകളുടെയും കേന്ദ്ര അപ്പക്‌സ് സ്ഥാപനമാണ. ഇത്തരം ഏജന്‍സിക്ക് എന്തൊക്കെ വിവരങ്ങള്‍ അംഗ സംഘങ്ങള്‍ക്ക് കൈമാറാമെന്ന വ്യവസ്ഥ എവിടെയുമില്ല. അതുകൊണ്ടുതന്നെ നാഫെഡ് തേടിയ വിവരങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക തടസ്സങ്ങളൊന്നും സഹകരണ സംഘങ്ങള്‍ക്കില്ല. എന്നാല്‍, ഇതൊരു നയപരമായ പ്രശ്‌നാണ്. കേന്ദ്രത്തിന്റെ ഡേറ്റ സെന്ററിലേക്ക് സംഘങ്ങള്‍ നേരിട്ട് വിവരം കൈമാറേണ്ടതുണ്ടോയെന്നത് തീരുമാനിക്കേണ്ടത് സഹകരണ വകുപ്പാണ്.

ഇത്തരത്തില്‍ വിവരം ശേഖരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംഘങ്ങള്‍ വിവരം നല്‍കുന്നത് ഉചിതമാണോയെന്നതാണ് ചോദ്യം. അതിലാണ് കൃത്യമായ ഉത്തരം നല്‍കാതെ സഹകരണ വകുപ്പ് ഒളിച്ചുകളിക്കുന്നതും സംഘങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും. ഡേറ്റ സെന്ററിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറേണ്ടത് എന്നത് സംബന്ധിച്ച് നേരത്തെ സഹകരണ മന്ത്രാലയം രേഖാമൂലം സംസ്ഥാന സഹകരണ വകുപ്പിന് കത്ത് നല്‍കിയതാണ്. ഇതിലും സംസ്ഥാനം വിയോജിപ്പ് അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!