കെ.സി.ഇ.യു. കേരള ബാങ്ക് ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധ സമരം നടത്തി
സഹകരണ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ച നടപടി കേരള ബാങ്ക് തിരുത്തുക, കേരള ബാങ്കില്‍ നിക്ഷേപിച്ച സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് ഇ.പി.എഫ്. അംഗീകാരം ലഭ്യമാക്കി ആദായനികുതിയിളവ് ( സെക്ഷന്‍ 80 പി ) ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) സംസ്ഥാനത്തെങ്ങും കേരള ബാങ്കിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി.
കോഴിക്കോട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലായ് റോഡിലുള്ള റീജ്യണല്‍ ഓഫീസിനും ജില്ലയിലെ 63 ബ്രാഞ്ചുകള്‍ക്കും മുമ്പില്‍ സമരം നടന്നു. റീജ്യണല്‍ ഓഫീസിനു മുമ്പിലെ സമരം ജില്ലാ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനക്കമ്മിറ്റിയംഗം ഇ. സുനില്‍ കുമാര്‍, ജില്ലാക്കമ്മിറ്റിയംഗം വി. അശോകന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. ജില്ലാ എക്‌സിക്യുട്ടീവംഗം വി. മനോജ് അധ്യക്ഷത വഹിച്ചു. കെ. ബൈജു സ്വാഗതവും എം.സി. ബിനേഷ് നന്ദിയും പറഞ്ഞു. കക്കോടിയില്‍ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍, മാവൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. ധര്‍മരാജന്‍, അഴിയൂരില്‍ പി. ശ്രീധരന്‍, മുക്കത്ത് കെ.സി.ഇ.യു. ജില്ലാ പ്രസിഡന്റ് കെ. ബാബുരാജ്, മറ്റിടങ്ങളില്‍ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ ഗിരീഷ് കുമാര്‍, പ്രബിത പി, എ.കെ. മോഹനന്‍, എം.കെ. ഗീത, സജിത്ത് എന്നിവര്‍ സംസാരിച്ചു.