കെയർ ഹോം – രണ്ടാംഘട്ടത്തിലെ ഫ്ലാറ്റ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മിച്ചു നൽകുന്നതിന്റെ രണ്ടാം ഘട്ടമായ ഫ്ലാറ്റ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കളക്ടർമാരുടെയും റിപ്പോർട്ട് കിട്ടിയാലുടൻ ഇത് സംബന്ധിച്ച് തുടർ നടപടികൾ ആരംഭിക്കും. റവന്യൂ വകുപ്പിന്റെ ഏതു ഭൂമിയിലാണ് കെട്ടിടം നിർമിക്കേണ്ടത് എന്നത് സംബന്ധിച്ച വ്യക്തതയാണ് ജില്ലാ കളക്ടർമാരിൽ നിന്നും ലഭിക്കേണ്ടത്.

സഹകരണ വകുപ്പിന്റെ കീഴിലുള്ള കേപ്പിലെ എഞ്ചിനീയർമാരോടാണ് ഇത് സംബന്ധിച്ച് പ്ലാനും എസ്റ്റിമേറ്റും പദ്ധതിയും തയ്യാറാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.ഓരോ ജില്ലകളിലും നഗരപ്രദേശത്തിനോട് ചേർന്നാണ് ഫ്ലാറ്റ്നുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നാലു നിലകളിലുള്ള കെട്ടിടത്തിൽ 500 മുതൽ 700 വരെ സ്ക്വയർഫീറ്റുള്ള ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്.

 

സഹകരണ സംഘങ്ങളുടെ 100% സഹകരണത്തോടെ, കെയർ ഹോം പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയ അതേ രീതിയിലാണ് രണ്ടാംഘട്ടവും പൂർത്തീകരിക്കുക. ആദ്യഘട്ടത്തിൽ 2000 വീടുകളാണ് നിർമ്മിച്ച നൽകുന്നതെങ്കിൽ രണ്ടാം ഘട്ടത്തിൽ 2000 ഫ്ലാറ്റുകളാണ് നിർമ്മിച്ച് നൽകുന്നത്.

Leave a Reply

Your email address will not be published.