കാലിക്കറ്റ് സിറ്റി ബാങ്കടക്കം ആറ് സ്ഥാപനങ്ങള്‍ക്ക് ചെറുകിട ധനകാര്യ ബാങ്ക്സ്ഥാപിക്കാന്‍ അനുമതിയില്ല

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിനു ചെറുകിട ധനകാര്യ ബാങ്ക്
സ്ഥാപിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കാനാവില്ലെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനും ചെറുകിട ധനകാര്യ ബാങ്ക് തുടങ്ങാനുള്ള പെര്‍മിറ്റ് നല്‍കാനാവില്ലെന്നു ആര്‍.ബി.ഐ. വ്യക്തമാക്കി.

അപേക്ഷ നല്‍കിയ പതിനൊന്നു ബാങ്കുകളില്‍ ആറെണ്ണത്തിനാണു റിസര്‍വ് ബാങ്ക് ചെറുകിട ധനകാര്യ ബാങ്ക് ലൈസന്‍സും യൂണിവേഴ്സല്‍ ബാങ്ക് ലൈസന്‍സും നിഷേധിച്ചത്. യു.എ.ഇ. എക്സ്ചേഞ്ച് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദ റീപാട്രിയേറ്റ്സ് കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്റ് ഡവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് , ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ പങ്കജ് വൈഷ് തുടങ്ങിയവയാണു അനുമതി നിഷേധിക്കപ്പെട്ട മറ്റു സ്ഥാപനങ്ങള്‍. മറ്റുള്ളവയുടെ കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. ആറ് അപേക്ഷകളുടെ പരിശോധനയാണു കഴിഞ്ഞത്. ഇവയൊന്നും ബാങ്കുകള്‍ സ്ഥാപിക്കാനുള്ള തത്വത്തിലുള്ള അംഗീകാരത്തിനു അനുയോജ്യമല്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

കേരളത്തില്‍ നിന്നു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് മാത്രമാണ് ചെറുകിട ധനകാര്യ ബാങ്കിനുള്ള അപേക്ഷ നല്‍കിയിരുന്നത്. സര്‍വീസ് സഹകരണ ബാങ്ക് എന്ന പേരു മാറ്റാതെ അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണു കാലിക്കറ്റ് സിറ്റി ബാങ്കിനു അനുമതി നിഷേധിച്ചത് എന്നാണു റിസര്‍വ് ബാങ്ക് വൃത്തങ്ങളില്‍ നിന്നറിയുന്നത്. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എന്ന പേരു മാറ്റി കാലിക്കറ്റ് സിറ്റി സര്‍വീസ് സൊസൈറ്റി എന്നാക്കണമെന്നാണു വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് ബാങ്കുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പറ്റില്ല. ഇതിനാലാണു കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്കിന്റെ അപേക്ഷ നിരസിക്കപ്പെട്ടത്.


അതേസമയം, അഖില്‍ കുമാര്‍ ഗുപ്ത, ഡിവാര ക്ഷേത്രീയ ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റ് എന്‍ഡ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്കു എസ്.എഫ്.ബി. ലൈസന്‍സ് അനുവദിക്കുന്ന കാര്യം പരിശോധനയിലാണ്.

സ്വകാര്യ മേഖലയില്‍ ഓണ്‍ ടാപ്പ് യൂണിവേഴ്സല്‍ ബാങ്ക് ലൈസന്‍സ് അനുവദിക്കുന്നതിനു 2016 ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കു ബാങ്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ഫിറ്റ് ആന്റ് പ്രോപ്പര്‍ മാനദണ്ഡപ്രകാരം പ്രമോട്ടര്‍മാര്‍ക്കു പണമിടപാടിലും വിശ്വാസ്യതയിലും കുറഞ്ഞതു പത്തുവര്‍ഷത്തെ നല്ല റെക്കോഡ് ഉണ്ടായിരിക്കണം. തുടക്കത്തില്‍ ഒരു ബാങ്കിനു കുറഞ്ഞ പെയ്ഡപ് വോട്ടിങ് ഇക്വിറ്റി മൂലധനമായി 500 കോടി രൂപയുണ്ടായിരിക്കണമെന്നും റിസര്‍വ് ബാങ്ക് മാനദണ്ഡത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. പ്രമോട്ടര്‍ക്കോ ഹോള്‍ഡിങ് കമ്പനിക്കോ പെയ്ഡപ്പ് വോട്ടിങ് ഇക്വിറ്റി മൂലധനത്തിന്റെ 40 ശതമാനവും കൈയിലുണ്ടായിരിക്കണം.

ചെറുകിട ധനകാര്യ ബാങ്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് ഘട്ടംഘട്ടമായാണു പരിശോധിക്കുക. ആദ്യഘട്ടത്തില്‍ റിസര്‍വ് ബാങ്ക് നിയോഗിക്കുന്ന, പുറത്തുനിന്നുള്ള ഉപദേശകസമിതിക്കാണ് എല്ലാ അപേക്ഷകളും അയയ്ക്കുക. ഈ സമിതി തങ്ങളുടെ ശുപാര്‍ശ റിസര്‍വ് ബാങ്കിനയയ്ക്കും. തുടര്‍ന്ന്, റിസര്‍വ് ബാങ്ക് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റി ഈ അപേക്ഷകള്‍ പരിശോധിച്ച് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡിനയയ്ക്കും. സെന്‍ട്രല്‍ ബോര്‍ഡാണു ബാങ്ക് തുടങ്ങാന്‍ തത്വത്തില്‍ അംഗീകാരം നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published.