കാലവും കാര്യവും അറിഞ്ഞാവണം നിയമഭേദഗതി

എഡിറ്റോറിയൽ ഫെബ്രുവരി ലക്കം

സഹകരണമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സഹകരണനിയമത്തിൽ കാതലായ മാറ്റത്തിന് ഒരുങ്ങുകയാണു സർക്കാർ. ഇതിനുള്ള നിയമഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും സഹകാരികളിൽ നിന്നും അഭിപ്രായം തേടിക്കൊണ്ട് സെലക്ട് കമ്മിറ്റിയുടേതായി ചോദ്യാവലിയും പുറത്തിറക്കി. ഇതൊക്കെ നല്ല ശ്രമമായിത്തന്നെ കാണാം. പക്ഷേ, സംസ്ഥാന നിയമത്തിലെ ഭേദഗതിനിർദ്ദേശങ്ങളിൽ പലതും സഹകരണമേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങളും കാലത്തിന്റെ സ്ഥിതിയും പരിഗണിച്ചിട്ടുണ്ടോയെന്നതിൽ സംശയമുണ്ട്. രാജ്യത്തെ സഹകരണമേഖലയെ പൊതുവേയും, കേരളത്തിലെ സഹകരണമേഖലയും, നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ആസൂത്രിതനീക്കം കേന്ദ്രസർക്കാരിൽ ആരോപിക്കുമ്പോഴാണു സംസ്ഥാനനിയമത്തിൽ മാറ്റം കൊണ്ടുവരുന്നത് എന്ന പ്രത്യേകതകൂടി ഇപ്പോഴുണ്ട്. കേന്ദ്രസർക്കാരിനെതിരെ ആരോപിക്കുന്ന കുറ്റം അതിനേക്കാൾ തീക്ഷ്ണമായി സംസ്ഥാന സർക്കാരിൽ ആരോപിക്കാവുന്ന വ്യവസ്ഥകളാണ് നിയമഭേദഗതിബില്ലിലുള്ളത്.

 

സര്‍ക്കാരിനു സ്വമേധയാ സഹകരണസംഘങ്ങളില്‍ ഇടപെടാന്‍ കഴിയുന്നതും അതിന്റെ ഭരണസമിതിയെ അസാധുവാക്കാനാകുന്നതും രാഷ്ട്രീയ അധിനിവേശത്തിനു വഴി തുറക്കും. സഹകരണസ്ഥാപനങ്ങളില്‍ ഏത് അന്വേഷണ ഏജന്‍സിയേയും നിയോഗിച്ച് സര്‍ക്കാരിനു നടപടി സ്വീകരിക്കാനാകുമെന്നതും അവയുടെ സ്വയംഭരണാധികാരം തകര്‍ക്കും. ഇതേസമീപനം കേന്ദ്രസര്‍ക്കാര്‍ കേന്ദ്രനിയമത്തില്‍ കൊണ്ടുവന്നാലുള്ള ഭവിഷ്യത്ത് ആലോചിച്ചുനോക്കാവുന്നതേയുള്ളൂ. കേന്ദ്രനിയന്ത്രണത്തില്‍ വരുന്ന സഹകരണബാങ്കുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഏതു ഘട്ടത്തിലും ഇടപെട്ട് അന്വേഷണം നടത്താമെന്ന അവസ്ഥയെ കേരളത്തിലെ സഹകാരികള്‍ എങ്ങനെ സ്വീകരിക്കുമെന്നതു കണ്ടറിയണം. കമ്പനി നിയമപ്രകാരമോ ചാരിറ്റബിള്‍ സൊസൈറ്റി നിയമപ്രകാരമോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലൊന്നും ഇത്തരം അധികാരപ്രയോഗത്തിനു സര്‍ക്കാര്‍ മുതിരുന്നില്ലെന്നതും കാണേണ്ടതുണ്ട്. ഇതിനര്‍ഥം ഏതെങ്കിലും രീതിയിലുള്ള അനഭിലഷണീയ പ്രവണത സഹകരണസംഘങ്ങളിലുണ്ടാകുമ്പോള്‍ അതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടേണ്ടതില്ല എന്നല്ല. അത്തരം പ്രവണതകള്‍ കണ്ടെത്തുന്നതിനും തിരുത്തുന്നതിനും നടപടിക്കു ശുപാര്‍ശ ചെയ്യുന്നതിനുമാണു സഹകരണവകുപ്പും അതിലെ ഉദ്യോഗസ്ഥരുമുള്ളത്. ആ സംവിധാനം പരാജയമാണെന്ന സമ്മതിക്കല്‍കൂടിയാകും അന്വേഷണത്തിനു പോലീസും വിജിലന്‍സുമൊക്കെ അടങ്ങുന്ന സേനാവിഭാഗത്തെ നിയോഗിക്കാനുള്ള നിര്‍ദേശം. കേരളത്തിലെ സഹകാരികള്‍ ആരോപിക്കുന്നതുപോലുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയനീക്കത്തിനു സഹായം ചെയ്യുന്ന വ്യവസ്ഥകളും കേരളനിയമത്തിലെ നിര്‍ദിഷ്ട ഭേദഗതിയിലുണ്ട്. ഇതെല്ലാം പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള ഭേദഗതിയാണു സഹകരണനിയമത്തില്‍ വരുത്തേണ്ടത്. അല്ലെങ്കില്‍, ജനകീയ സാമ്പത്തിക ബദലായി മാറിയ സഹകരണമേഖലയുടെ തകര്‍ച്ചയ്ക്കു തിരികൊളുത്തുന്ന നടപടിയായിരിക്കും നമ്മളായിത്തന്നെ ചെയ്തുവെക്കുന്നത്.-എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!