കാലവര്‍ഷം കനക്കും; മഹാരാഷ്ട്രയില്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് മാറ്റി
കാലവര്‍ഷം സജീവമാകുമെന്ന പ്രവചനത്തെത്തുടര്‍ന്നു മഹാരാഷ്ട്രയില്‍ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 വരെ മാറ്റിവെച്ചു. ഇരുനൂറ്റിയമ്പതിലധികം അംഗങ്ങളുള്ള ഭവന സഹകരണസംഘങ്ങള്‍ക്കും ഇതു ബാധകമാണ്.
ജൂണ്‍ 30 നുശേഷം മഴ കനക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പു പ്രക്രിയയെ അതു തടസ്സപ്പെടുത്താനിടയുണ്ടെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 250 അംഗങ്ങളില്‍ കുറവുള്ള സംഘങ്ങള്‍ക്കും തിരഞ്ഞെടുപ്പു നടത്താന്‍ സുപ്രീംകോടതിയോ ഹൈക്കോടതിയോ നിര്‍ദേശിച്ചിട്ടുള്ള സംഘങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാമെന്നു സര്‍ക്കാര്‍നിര്‍ദേശത്തില്‍ പറയുന്നു. ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും തിരഞ്ഞെടുപ്പൊഴികെ ബാക്കിയെല്ലാ നടപടികളും പൂര്‍ത്തിയാക്കിയ സംഘങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാം.
250 ല്‍ത്താഴെ അംഗങ്ങളുള്ളവയെ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്താകെയുള്ളതു 83,000 സഹകരണസംഘങ്ങളാണ്. ഇതില്‍ 49,000 സംഘങ്ങള്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടുണ്ട്.