കാര്‍ഷിക സഹകരണ സംഘങ്ങള്‍ പഞ്ചായത്ത് ഭരണത്തിന് കീഴിലാക്കാന്‍ ശുപാര്‍ശ

moonamvazhi

ഒരു പഞ്ചായത്തില്‍ ഒരു കാര്‍ഷിക വായ്പ സഹകരണ സംഘം എന്ന നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ അതിനനുസരിച്ച് പ്രവര്‍ത്തനത്തിലും മാറ്റം കൊണ്ടുവരണമെന്ന് ശുപാര്‍ശ. പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ സഹകരണ സംഘങ്ങളെ മാറ്റണമെന്നാണ് കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് സഹകരണ മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. ദേശീയ സഹകരണ നയം വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ചട്ടക്കൂട്ടില്‍ രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഒരു പഞ്ചായത്തില്‍ ഒരു കാര്‍ഷിക വായ്പ സഹകണ സംഘം എന്നതാണ് മാതൃക ബൈലോയുടെ കരടില്‍ കേന്ദ്രസഹകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ചുള്ള മാറ്റമാണ് പ്രവര്‍ത്തനത്തിലും വേണമെന്ന് പഞ്ചായത്ത് രാജ് വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രാദേശിക ഗ്രാമീണ സ്ഥാപനങ്ങള്‍ വരെ പഞ്ചായത്തുകള്‍ക്ക് വലിയ അധികാരം നല്‍കുകയും സഹകരണ പ്രസ്ഥാനങ്ങളില്‍ അതിന്റെ എല്ലാ തലങ്ങളിലും നേതൃപരമായ പങ്ക് വഹിക്കുകയും വേണം. സഹകരണ സംഘങ്ങള്‍ക്ക് പൊതുവെയും സഹകരണ വായ്പാ സംഘങ്ങളിലേക്കുള്ള ഓഹരി മൂലധന വിതരണം ഉള്‍പ്പെടെയുള്ളകാര്യങ്ങള്‍ പഞ്ചായത്തുകള്‍ നടത്താന്‍ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് ശുപാര്‍ശ.

പദ്ധതി നിര്‍വഹണത്തിന് മാത്രമല്ല, ആസ്തി വികസനത്തിലും സഹകരണ സംഘങ്ങളെ പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണം. ഇതിനായി, തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണത്തില്‍ സഹകരണ പങ്കാളിത്ത പദ്ധതി ഉള്‍പ്പെടുത്താനാകണം. വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍, ദീര്‍ഘകാല ആസ്തി സമ്പാദനം എന്നിവയാണ് പഞ്ചായത്ത് രാജ് വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘പ്രമോഷണല്‍ ക്യാപ്പിറ്റല്‍’ എന്ന രീതി തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുവരണമെന്നാണ് ശുപാര്‍ശ.

പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാട് നടത്തുന്ന ഔദ്യോഗിക സ്ഥാപനമായി സഹകരണ വായ്പ സംഘങ്ങളെ മാറ്റണമെന്ന് കേരളം പ്രഖ്യാപിച്ച സഹകരണ നയത്തിലും പറയുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന സഹകരണ കോണ്‍ഗ്രസിലാണ് സഹകരണ നയം പ്രഖ്യാപിച്ചത്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഔദ്യോഗിക ധനകാര്യ സ്ഥാപനമെന്ന നിലയിലേക്ക് സഹകരണ സംഘങ്ങളെ മാറ്റാന്‍ ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക സഹകരണ ബാങ്ക് എന്ന ക്രമത്തില്‍ സഹകരണ ഘടന മാറേണ്ടതുണ്ടെന്ന് കേരളബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!