കാര്‍ഷിക വ്യാവസായിക മേഖലകളില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍: കൈത്താങ്ങാകാന്‍ സഹകരണ പങ്കാളിത്തവും

[mbzauthor]

കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കേ, പുതിയ വികസന പദ്ധതികള്‍ വിഭാവനം ചെയ്ത് സര്‍ക്കാര്‍. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വലിയ മുന്നേറ്റം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. സഹകരണ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ കാര്‍ഷിക മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കും. ‘ഉല്‍പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യമാണ് കാര്‍ഷിക മേഖലയില്‍ നടപ്പാക്കുക. ഓരോ വിളയുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും. അഞ്ചു വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉല്‍പാദനം ഇരട്ടിയാക്കും. കൃഷി, ജലസേചനം എന്നീ വകുപ്പുകളുടെ ഇടപെടലുകളെ സഹകരണ മേഖലയുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. ശാസ്ത്രീയ കൃഷിരീതികള്‍ ഏറ്റെടുക്കുന്നതിന് പദ്ധതി തയ്യാറാക്കും. മൂല്യവര്‍ധനവിലും മാര്‍ക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കും.


കൃഷിയുമായി ബന്ധപ്പെട്ട വകുപ്പുതല അനുബന്ധ സംവിധാനങ്ങള്‍ പരിഷ്‌കരിക്കും. കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷി ഭവനുകളാക്കി മാറ്റും. ഇത് കൃഷിക്കാര്‍ക്ക് ലഭിക്കുന്ന അനുബന്ധസേവനങ്ങളുടെ നിലവാരം ഉയര്‍ത്തും എന്നാണ് പ്രതീക്ഷ. കാര്‍ഷിക സര്‍വകലാശാലയുടെയും ബന്ധപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെയും ശേഷി പൂര്‍ണമായും വിനിയോഗിക്കും. 2025ഓടെ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനത്തില്‍ പരമാവധി ലക്ഷ്യം കൈവരിക്കാന്‍ മിഷന്‍ മോഡില്‍ ആയിരിക്കും പ്രവര്‍ത്തനം.

ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്‌കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. റബ്ബറിന്റെയും മറ്റും മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം രൂപീകരിക്കും. വ്യവസായ വികസനം ആസൂത്രണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കും.വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്ങ്, ലോജിസ്റ്റിക്‌സ്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്തും. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണത്തിന് ഊന്നല്‍ നല്‍കും. പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിച്ച് ഓരോ തൊഴിലാളിക്കും കൂടുതല്‍ മൂല്യവര്‍ധനവ് സാധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

വ്യവസായ മേഖലയുമായി സജീവമായി സഹകരിക്കാന്‍ ഐടി അധ്യാപകരേയും വകുപ്പുകളേയും സംയുക്ത ഗവേഷണങ്ങളിലൂടെ പ്രോത്സാഹിപ്പിക്കും. കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളുടെയും പൂര്‍ത്തീകരണം സാധ്യമാക്കും. വ്യവസായ ഇടനാഴിക്കനുബന്ധമായി ഹൈ ടെക്‌നോളജി മാനുഫാക്ചറിങ് അഗ്രോ പ്രൊസസിങ്, ഐടി, ബയോ ടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും. പെട്രോ കെമിക്കല്‍സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പോളിമേഴ്‌സ്, ഫൈബര്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന സംരംഭകര്‍ക്ക് മികച്ച സാധ്യതകള്‍ കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ സാധ്യമാക്കും. എഞ്ചിനീറിങ്, പെട്രോ കെമിക്കല്‍സ്, പോളിമര്‍ ടെക്‌നോളജി,റബ്ബര്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കും.

[mbzshare]

Leave a Reply

Your email address will not be published.