കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ വായ്പകള്‍ക്ക് റിസ്‌ക് ഫണ്ട് അനുവദിക്കാന്‍ ഇളവ്

moonamvazhi

പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കാന്‍ ചട്ടത്തില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാനം സര്‍ക്കാരിന് ശുപാര്‍ശയായി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ആറ് പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളുടെ അപേക്ഷകളാണ് സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് പരിഗണിച്ചത്. പി.സി.എ.ആര്‍.ഡി.ബി.കളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് സഹകരണ റിസ്‌ക്ഫണ്ട് നിയമാവലി അനുസരിച്ച് ആനുകൂല്യം നല്‍കാന്‍ കഴിയില്ല. ഇതോടെയാണ്, നിയമാവലിയിലെ 13(6) എന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് കാണിച്ച് ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്.

ശാസ്താംകോട്ട കാര്‍ഷിക ഗ്രാമവികസന ബാങ്ക്, വൈക്കം താലൂക്ക് കാര്‍ഷിക വികസന ബാങ്ക്, ആലത്തൂര്‍ കാര്‍ഷിക വികസന ബാങ്ക്, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക്, പാലോട് കാര്‍ഷിക സഹകരണ ബാങ്ക്, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്ക് എന്നിവയിലെ വായ്പക്കാരുടെ അപേക്ഷകള്‍ക്കാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ഒമ്പത് പേര്‍ക്കായി 6.10ലക്ഷം രൂപയുടെ സഹായം ഇവര്‍ക്ക് റിസ്‌ക്ഫണ്ട് പദ്ധതിയില്‍ നിന്ന് ലഭിക്കും.

Leave a Reply

Your email address will not be published.