കയര്‍സംഘങ്ങള്‍ക്ക് ആശ്വസിക്കാം; എല്ലാ ബ്ലോക്കിലും ‘കയര്‍സ്റ്റോര്‍’

Deepthi Vipin lal

ചകരിയുടെ ക്ഷാമവും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതും കയര്‍ സഹകരണ സംഘങ്ങളെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ദിനവും കൂലിയും ഉറപ്പാക്കാനാകാത്ത സ്ഥിതിയിലാണ് സംഘങ്ങള്‍. കോവിഡ് വ്യാപനവും ലോക്ഡൗണും ഇത് കയര്‍മേഖലയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടയില്‍ പ്രതിക്ഷ നല്‍കുന്ന വാര്‍ത്തയാണ് എല്ലാ ബ്ലോക്കുകളിലും കയര്‍ കരകൗശല സ്റ്റോറുകള്‍ തുടങ്ങുന്നത്.

സംസ്ഥാന കുടുംബശ്രീ മിഷനും കയര്‍കോര്‍പ്പറേഷനും കൈകോര്‍ത്താണ് ‘കയര്‍ കരകൗശല സ്റ്റോര്‍’ പദ്ധതി നടപ്പാക്കുന്നത്. കയര്‍സഹകരണ സംഘങ്ങളുടെയും കയര്‍ഫെഡിന്റെയും ഉല്‍പന്നങ്ങളും ഇവിടെയുണ്ടാകും. കയര്‍ ഉല്‍പന്നങ്ങളുടെ വിപണ ശൃംഖല കൂട്ടാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കാതെ വിപണി ഉറപ്പാക്കാനും കഴിഞ്ഞേക്കും.
തുടക്കത്തില്‍ 20 സ്റ്റോറുകള്‍ ആരംഭക്കിനാണ് ഇപ്പോഴത്തെ ശ്രമം. എറണാകുളം ജില്ലയിലെ മരട്, ഫോര്‍ട്ടുകൊച്ചി, കോര്‍പ്പറേഷന്‍ പരിധി, പള്ളിപ്പുറം എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. വാടക കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. സ്റ്റോര്‍ നടത്തിപ്പിന് സഹകരണ സംഘങ്ങളും തയ്യാറായിട്ടുണ്ട്. എറണാകുളത്ത് മാത്രം എട്ട് സഹകരണ സംഘള്‍ ഇതിനകം സ്റ്റോര്‍ തുടങ്ങാനുള്ള നടപടി തുടങ്ങി.

മുഖ്യമന്ത്രിയുടെ 100 ദിന പരിപാടികളുടെ ഭാഗമായാണ് പദ്ധതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും അതിനു ശേഷം വന്ന ലോക് ഡൗണുമാണ് പദ്ധതി വൈകാം കാരണം. 100 മുതല്‍ 500 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ളതായിരിക്കും സ്റ്റോര്‍. കുടുംബശ്രീയും കയര്‍ കോര്‍പറേഷനുമായി ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. കുടുംബശ്രീയുടെയും കയര്‍ കോര്‍പറേഷന്റെയും ഉല്‍പന്നങ്ങള്‍ക്ക് ഒപ്പം കശുവണ്ടി ഉത്പന്നങ്ങളും ലഭിക്കും. കൂടാതെ കേരാഫെഡ്, മില്‍മ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കും. ഷോപ്പിന്റെ വലുപ്പം അനുസരിച്ച് പച്ചക്കറി അടക്കമുള്ളവയും ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് 500 സ്റ്റോറുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നുത്. ഇതില്‍ 300 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് സ്റ്റോറുകള്‍ നടത്താം. ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷനില്‍ നിന്നും 5 ലക്ഷം രൂപ വായ്പ നല്‍കും. 5 വര്‍ഷമാണ് ഇതിന്റെ കാലാവധി. 3 മാസം മൊറട്ടോറിയം ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് 1.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും. മൊറട്ടോറിയത്തിന് ശേഷം ആദ്യം ഒരു വര്‍ഷം കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഓരോ 6 മാസം കൂടുമ്പോള്‍ 50,000 രൂപയും വായ്പയുടെ അവസാനം 50,000 രൂപയുമാണ് സബ്സിഡി.

Leave a Reply

Your email address will not be published.

Latest News