കയര്‍മേഖലയ്ക്ക് ഉണര്‍വേകാന്‍ കയര്‍ കേരള 2018 ഒക്ടോബറില്‍
വിദേശ-ആഭ്യന്തര വിപണയില്‍ കയറുല്പന്നങ്ങള്ക്ക് ആവശ്യക്കാരെ കൂട്ടിയ ‘കയര്‍കേരള’ അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേള ഈ വര്‍ഷവും നടത്തുന്നതിനുള്ള ഒരുക്കങ്ങളായി. ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെയാണ് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ‘കയര്‍ കേരള 2018’ നടക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആഭ്യന്തര, വിദേശ വ്യാപാരികള്‍ക്കു നേരിട്ട് രജിസ്ട്രേഷന് നടത്താനാകും. എക്സിബിഷനില്‍ പങ്കെടുക്കുന്ന കയര്‍ അനുബന്ധ മേഖലയിലെ കയറ്റുമതി വ്യാപാരികള്‍ക്കും സ്റ്റാളുകള്‍ ഇതുവഴി ബുക്ക് ചെയ്യാം. പ്രദര്‍ശന വിപണന മേളയ്ക്കൊപ്പം കയര്‍ മേഖലയുടെ നവീകരണത്തിന്റെയും ഉത്പന്ന വൈവിധ്യത്തിന്റെയും ഭാഗമായി നടപ്പാക്കുന്ന തൊണ്ട് സംഭരണം, ചകിരി ഉത്പാദനം, കയര്‍ ഭൂവസ്ത്ര വിതാനം തുടങ്ങിവയുടെ അവലോകനവും തുടര്‍ നടപടികളെ സംബന്ധിച്ച ക്രിയാത്മക നിര്‍ദേശങ്ങളും ചര്‍ച്ചയും ഇത്തവണത്തെ കയര്‍ കേരളയോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
മേളയുടെ ഔദ്യോഗിക വെബ് സൈറ്റ് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു. കയര്‍ മേഖലയുടെ നവീകരണവും ഉത്പന്ന വൈവിധ്യവും ലക്ഷ്യമിട്ട് ആരംഭിച്ച ‘കയര്‍ കേരള’ അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേള വന്‍ വിജയമായെന്നും ഇതു കയര്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കിയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കയര്‍ ഉത്പന്ന കയറ്റുമതിയുടെ മൂന്നില്‍ ഒന്നും കേരളത്തിന്റെ സംഭാവനയാണ്. 860 കോടി രൂപയുടെ വിറ്റുവരവാണിത്. 2010ല്‍ ആകെ കയറ്റുമതി 400 കോടിയോളം രൂപയേ ഉണ്ടായിരുന്നുള്ളൂ. എട്ടു വര്‍ഷംകൊണ്ട് ഇരട്ടിയിലേറെ വര്‍ധിച്ചതില്‍ കയര്‍ കേരള വിപണന മേളയ്ക്കു വലിയ പങ്കുണ്ട്. കയര്‍പിരി മേഖലയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ചകിരി നാരിന്റെ ദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ കഴിയണം. കയറിനെ പി.ഡബ്ല്യു.ഡി മാന്വലില്‍ ഉള്‍പ്പെടുത്താനായത് വലിയ നേട്ടമാണ്. റോഡ് നിര്‍മാണത്തിന് കയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരവും പരിസ്ഥിതി സൗഹൃദവുമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ നെസ്റ്റില്‍ നടന്ന വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ കയര്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍. പത്മകുമാര്‍, കയര്‍ കോര്പ്പറേഷന് ചെയര്മാന് ആര്. നാസര്‍, ഫോംമാറ്റിങ്സ് ചെയര്മാന് കെ.ആര്. ഭഗീരഥന്, കയര്‍ യന്ത്രനിര്മാണ ഫാക്ടറി ചെയര്മാന് കെ. പ്രസാദ്, കെ.എസ്.ഡി.പി. ചെയര്മാന് സി.ബി. ചന്ദ്രബാബു എന്നിവരും പങ്കെടുത്തു.
[mbzshare]