കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അന്തരിച്ചു

moonamvazhi

പ്രമുഖ സഹകാരിയും എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റുമായ സി.കെ. റെജി (51) അന്തരിച്ചു. പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തിനുള്ള സഹകരണവകുപ്പിന്റെ പുരസ്‌കാരം 2021-22 ലും 2020-21 ലും ഈ ബാങ്കിനായിരുന്നു. 2019-20 ല്‍ രണ്ടാംസ്ഥാനത്തിനുള്ള പുരസ്‌കാരവും നേടി. പുരസ്‌കാരാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈയെടുത്തതും നേതൃത്വം നല്‍കിയതും റെജിയായിരുന്നു. ബാങ്കിന്റെ ചരിത്രത്തെയും റെജിയുടെ നേതൃത്വത്തില്‍ നടത്തിയ മികച്ചപ്രവര്‍ത്തനങ്ങളെയുംകുറിച്ച് ഏതാനും വര്‍ഷംമുമ്പു ‘  മൂന്നാംവഴി ‘  സഹകരണമാസിക ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.

കളമശ്ശേരി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കു ജൂണില്‍ സൗജന്യമായി ആടുകളെ നല്‍കുന്ന എനിക്കുമുണ്ടൊരു കുഞ്ഞാട് പദ്ധതി നടപ്പാക്കിയതും ബാങ്ക് ഉല്‍പ്പാദിപ്പിക്കുന്ന മഞ്ഞള്‍പ്പൊടി മേയില്‍ വിപണിയിലിറക്കിയതുമാണു റെജിയുടെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയപ്രവര്‍ത്തനങ്ങള്‍. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സഹകരണഎക്‌സ്‌പോയില്‍ സഹകരണമന്ത്രി വി.എന്‍. വാസവനാണ് മഞ്ഞള്‍പ്പൊടി വിപണിയിലിറക്കിയത്. 2024 ല്‍ ബാങ്ക് 75 -ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി 1000 രോഗികള്‍ക്കു സൗജന്യഡയാലിസിസ് നല്‍കുന്നതടക്കമുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടന്നുവരവെയാണ് റെജിയുടെ അന്ത്യം. സി.പി.എം. തൃപ്പൂണിത്തുറ ഏരിയാകമ്മറ്റിയംഗം, കേരള കര്‍ഷകസംഘം എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രി വൈസ് ചെയര്‍മാന്‍, ആരക്കുന്നം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുളന്തുരുത്തി ചിറ്റേത്ത് വീട്ടില്‍ കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: കിരണ്‍, കെസിയ. ശവസംസ്‌കാരം വെള്ളിയാഴ്ച ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published.