ഓര്‍ഡിനന്‍സ് ഒരുങ്ങുന്നു; കേരളബാങ്ക് പേരിലൊതുങ്ങും

[email protected]

കേരളബാങ്ക് ഓണസമ്മാനമായി നല്‍കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിക്കാത്തതാണ് ഇതിനുള്ള തടസ്സം. എങ്കിലും ഒണസമ്മാനമെന്ന വാക്കുപാലിക്കാന്‍ കേരളബാങ്ക് പ്രഖ്യാപനം ഉടനുണ്ടായേക്കും. ഇതിനായി ഓര്‍ഡിനന്‍സ് തയ്യാറായതായാണ് വിവരം.

കേരളത്തിലെ സഹകരണ വായ്പാമേഖല രണ്ടുതട്ടിലേക്ക് മാറ്റുന്നതാകും ഓര്‍ഡിനന്‍സ്. ഇതനുസരിച്ച് 14 ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കണം. സംസ്ഥാന സഹകരണ ബാങ്ക് കേരളബാങ്ക് എന്നപേരില്‍ പ്രവര്‍ത്തിക്കും. കേരളബാങ്കും താഴേത്തട്ടില്‍ പ്രാഥമിക സഹകരണ ബാങ്കുകളുമെന്ന നിലയില്‍ കേരളത്തിലെ സഹകരണ ഹ്രസ്വകാല വായ്പാമേഖല മാറും. പക്ഷേ, ലയനം എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ മാത്രമാണ് അനിശ്ചിതത്വമുള്ളത്. ജില്ലബാങ്കുകളുടെ ലയനം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും തീരുമാനം. അതിനുമുമ്പുതന്നെ സംസ്ഥാന സഹകരണ ബാങ്കിന്റെ ബോര്‍ഡ് കേരളബാങ്ക് (കേരള സഹകരണ ബാങ്ക്)എന്നാക്കി മാറ്റി ‘ഓണസമ്മാനം’ നല്‍കും. ഇതിനുള്ള വഴികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഘടനാമാറ്റം വരുത്തുന്നതിന് സര്‍ക്കാരിന് അവകാശമുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ പരിഗണനയിലുള്ള കാര്യവുമല്ല. പക്ഷേ, നിലവില്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ലയിപ്പിക്കണമെങ്കില്‍ മാത്രമാണ് ആര്‍.ബി.ഐ.യുടെ അനുമതി വേണ്ടത്. ഇതിനുള്ള അപേക്ഷയാണ് റിസര്‍വ് ബാങ്കിന് നല്‍കി സര്‍ക്കാര്‍ കാത്തുനില്‍ക്കുന്നതും. ആര്‍.ബി.ഐ. അനുമതി കിട്ടുന്നമുറയ്ക്ക് ജില്ലബാങ്കുകളുടെ ലയനം നടത്താമെന്നതാകും സഹകരണ വകുപ്പിന്റെ കണക്ക് കൂട്ടല്‍.

ഒക്ടോബര്‍ പത്തിന് ജില്ലാബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാകും. 2017 ഏപ്രിലിലാണ് ജില്ലാസഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. ഒരുവര്‍ഷമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി. ഇത് പൂര്‍ത്തിയായപ്പോള്‍ ആറുമാസം കൂടി നീട്ടി നല്‍കി. ഇതാണ് ഒക്ടോബറില്‍ അവസാനിക്കുന്നത്. ഇതിനിടയില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അവസാനിക്കുന്നതിന് കേരളബാങ്ക് രൂപവ്തകരിച്ചില്ലെങ്കില്‍ അത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നാല്‍ മലപ്പുറം, വയനാട് പോലുള്ള ജില്ലാബാങ്കുകള്‍ യു.ഡി.എഫ്. നിയന്ത്രണത്തിലാവാനാണ് സാധ്യത. ഇവര്‍ കേരളബാങ്കിന് എതിര്‍ത്ത് കോടതിയെ സമീപിച്ചാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകും. കേരളബാങ്ക് രൂപവത്കരണത്തിന് എതിരായുള്ള കോടതി നടപടികളുണ്ടാകാരുതെന്നാണ് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചപ്പോള്‍ നബാര്‍ഡ് നിര്‍ദ്ദേശിച്ചത്.

ഈ പ്രശ്‌നത്തിനും ഓര്‍ഡിനന്‍സിലൂടെ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കും. ദ്വിതല ഘടനയിലേക്ക് മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇറങ്ങിയാല്‍, പിന്നെ ജില്ലാബാങ്കുകളിലെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവരില്ല. ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടി തുടങ്ങിയതായി ഹൈക്കോടതിയെ അറിയിച്ചാല്‍ നേരത്തെയുള്ള നിര്‍ദ്ദേശം മറികടക്കാനാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍, ഓണസമ്മാനമെന്ന വാക്കുപാലിക്കാനുള്ള ശ്രമമെന്ന പേരുദോഷം കേട്ടാലും കേരളബാങ്ക് രൂപവത്കരിക്കാനുള്ള തുടര്‍നടപടികള്‍ക്ക് ഓര്‍ഡിനന്‍സ് സര്‍ക്കാരിന് സഹായമാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!