ഓഡിറ്റ് സര്‍ക്കുലര്‍ തര്‍ക്കം കൊണ്ട് എന്തുനേടി; സംഘങ്ങള്‍ക്ക് കോടികളുടെ നഷ്ടം

moonamvazhi

സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥ തര്‍ക്കം കാരണം സംഘങ്ങള്‍ക്ക് ഉണ്ടാക്കിയത് കോടികളുടെ നികുതി ബാധ്യത. സുപ്രീംകോടതി വരെ കേസ് നടത്തിയാണ് ആദായനികുതി നല്‍കുന്നതില്‍ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ഇളവ് വാങ്ങിയെടുത്തത്. ആ ഇളവ് ഇത്തവണ കിട്ടാനിടയില്ല. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥ തലത്തിലുള്ള തര്‍ക്കം കാരണമാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് സംഘങ്ങളെ എത്തിച്ചത്.

കുടിശ്ശിക കൂടിയതിനാല്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ വ്യാപകമായി നഷ്ടത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. കുടിശ്ശികയായ വായ്പകള്‍ക്കും പലിശയ്ക്കും കരുതല്‍ വെക്കുന്നതിലാണ് പ്രധാനമായും ഇളവ് വരുത്തിയത്. ആഗസ്റ്റ് ഏഴിനാണ് ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയത്. അന്നുമുതല്‍ തര്‍ക്കവും തുടങ്ങി.

സപ്തംബര്‍ 30നകം സഹകരണ സംഘങ്ങളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. ഈ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് സംഘങ്ങള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സപ്തംബര്‍ 30വരെയാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി. സര്‍ക്കുലറിലെ തര്‍ക്കം കാരണം ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇത് സംഘങ്ങള്‍ക്ക് ആദായനികുതി നല്‍കേണ്ട ബാധ്യത ഉണ്ടാക്കുമെന്ന് സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാരുടെ സംഘടനയായ ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ അടക്കം ചൂണ്ടിക്കാട്ടിയതാണ്. ഇതിലൊന്നും ക്രിയാത്മകമായി സഹകരണ വകുപ്പ് ഇടപെട്ടില്ല.

 

ഓഡിറ്റ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലര്‍ സപ്തംബര്‍ 30ന് രജിസ്ട്രാര്‍ തന്നെ പിന്‍വലിച്ചു. നേരത്തെയുണ്ടായിരുന്ന മാനദണ്ഡം അനുസരിച്ച് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കുലറും ഇറക്കി. 54 ദിവസമാണ് സഹകരണ സംഘങ്ങളുടെ ഓഡിറ്റ് അനിശ്ചിതത്വത്തിലായത്. ഇതിനുള്ളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കൃത്യസമയത്ത് റിട്ടേണ്‍ സമര്‍പ്പിക്കുന്ന സഹകരണ സംഘങ്ങള്‍ക്കാണ് ആദായനികുതി വകുപ്പിലെ 80(പി) അനുസരിച്ച് നികുതി ഇളവിന് അര്‍ഹതയുള്ളത്. ഇനി ഈ ഇളവ് കിട്ടാനുള്ള സാധ്യതയില്ല.

ലാഭത്തിന്റെ 30 ശതമാനം സംഘങ്ങള്‍ ഇനി നികുതിയായി നല്‍കേണ്ടിവരും. സഹകരണ മേഖലയില്‍ അതീവ ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ചകാരണം വലിയ സാമ്പത്തിക ചെലവ് സംഘങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. റിട്ടേണ്‍ വൈകിയതിനാല്‍ നികുതി ഇളവ് നിഷേധിക്കുന്നത് ഒഴിവാക്കണമെന്ന് കാണിച്ച് കുറച്ച് സംഘങ്ങള്‍ കോടതിയെ സമീപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇത് എത്രത്തോളം ഗുണകരമാകുമെന്ന് ഉറപ്പില്ല. ഇനി ഇളവ് ലഭിച്ചാലും അത് കേസ് നടത്തിയ സംഘങ്ങള്‍ക്ക് മാത്രമാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇതുവരെ സംഘങ്ങള്‍ക്ക് നികുതി ബാധ്യത ഒഴിവാക്കാനുള്ള ഒരു ഇടപെടലും സഹകരണ വകുപ്പ് നടത്തിയിട്ടില്ല. ഫലത്തില്‍ ഒരു സര്‍ക്കുലറും അതുണ്ടാക്കിയ തര്‍ക്കവും കാരണം സംഘങ്ങള്‍ക്ക് കോടികളുടെ നികുതി ബാധ്യത കൂടി വരുത്തിവെച്ചുവെന്നത് മാത്രമാണ് ഉണ്ടായത്.

Leave a Reply

Your email address will not be published.