ഓഡിറ്റ് ഡയറക്ടറേറ്റിലെ ഡാറ്റ എന്‍ട്രി തസ്തിക പട്ടികവര്‍ഗ വകുപ്പിലേതിന് സമാനമാക്കി

moonamvazhi

സഹകരണ സംഘം ഓഡിറ്റ് ഡയറക്ടര്‍ ഓഫീസിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് ഉയര്‍ സ്‌കെയില്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പട്ടിക വര്‍ഗ വികസന വകുപ്പിലെ ഡേറ്റ എന്‍ട്രി തസ്തികയ്ക്ക് തുല്യമായ നിലയിലേക്കാണ് ഇത് മാറ്റിയത്. യോഗ്യതയിലെ സമാനത കണക്കിലെടുത്താണ് രണ്ടുവകുപ്പുകളിലെയും തസ്തിക ഏകീകരിച്ച് ഉത്തരവായത്.

സഹകരണ ഓഡിറ്റ് ഡയറക്ടറുടെ ഓഫീസില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമം നടത്തുന്നതിന് സ്‌പെഷല്‍ റൂള്‍ നിലവിലുണ്ടായിരുന്നില്ല. ഇതിനായി ഈ തസ്തികയിലേക്കുള്ള നിയമന രീതിയും യോഗ്യതയും ഇതര സേവന സംബന്ധമായ വിശദാംശങ്ങളും ഉള്‍പ്പെടുത്തി കേരള കോഓപ്പറേറ്റീവ് സബോഡിനേറ്റഡ് സര്‍വീസ് ചട്ടം 2022 ഡിസംബര്‍ ഒന്നിന് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. എന്നാല്‍, ഇതിനുള്ള ശമ്പള സ്‌കെയില്‍ നിശ്ചയിച്ചിരുന്നില്ല.

ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഓണ്‍ലൈന്‍ വേക്കന്‍സി റിപ്പോര്‍ട്ടിങ് സിസ്റ്റത്തില്‍ ശമ്പള ഘടന രേഖപ്പെടുത്തേണ്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വര്‍ഷം ഫിബ്രവരി 18ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. സമാന യോഗ്യതയുടെ അടിസ്ഥാനത്തില്‍ എസ്.ടി. ഡെവലപ്‌മെന്റ് വകുപ്പില്‍ അനുവദിച്ചിട്ടുള്ള ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് തുല്യമായി പരിഗണിക്കാമെന്ന ശുപാര്‍ശയാണ് രജിസ്ട്രാര്‍ നല്‍കിയത്.

ഓഡിറ്റ് ഡയറക്ടറുടെ ഓഫീസിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടറില്‍ സാങ്കേതിക പരിജ്ഞാനവും ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുണ്ടെങ്കിലും അതിലൊന്നും സമാനമായ യോഗ്യതയല്ല നിശ്ചയിച്ചിട്ടുള്ളത്. സമാനതയുള്ളത് പട്ടികവര്‍ഗ വകുപ്പിലുള്ള തസ്തികയ്ക്കാണ്. അതിനാല്‍, സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശ അംഗീകരിക്കാമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.