ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ ബാങ്കിന് ഉദ്യോഗാര്‍ഥികളുടെ നിവേദനം

adminmoonam

ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങലിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും നിവേദനം നല്‍കി. സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷക്കാലം മലപ്പുറം ജില്ലാ ബാങ്കില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും പ്രോമഷന്‍, റിട്ടയര്‍മെന്റ് തുടങ്ങിയ ഒഴുവുകള്‍ കണ്ടെത്തി പി.എസ്.സിക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജില്ലാ ബാങ്ക് ക്ലര്‍ക്ക്-ക്യഷ്യര്‍ റാങ്ക് ജേതാക്കള്‍ നിവേദനം നല്‍കിയത്.

2017-ല്‍ റാങ്ക് പട്ടിക നിലവില്‍ വന്നതില്‍ അറുപത് പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്. മൂന്നര വര്‍ഷത്തോളം കാലം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ ബ്രാഞ്ചുകള്‍ തുടങ്ങാത്തതും നിലവിലുള്ള ബ്രാഞ്ചുകളുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്താതിരുന്നതും ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായതായി ഇവർ പറയുന്നു. കേരള ബാങ്കില്‍ ലയിക്കാതെ സ്വതന്ത്രമയി നില്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശ പ്രകാരമുള്ള 2021 ഡിസംബര്‍ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് റാങ്ക് ജേതാക്കളുടെ ആവശ്യം. പുതിയ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കഴിഞ്ഞ സെപ്തംബര്‍ 25 നാണ് ഭരണച്ചുമത ഏറ്റെടുത്തത്. നേരത്തെ ഇടതു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദം കേട്ട് 30 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറം ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!