ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ഏഴുനിലയില്‍ എത്തിയ വടകര സഹകരണ ആശുപത്രി
ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് മൂന്നര പതിറ്റാണ്ടിനുള്ളില്‍
ഏഴുനില കെട്ടിടത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി
ആശുപത്രിയിലേക്കു വളര്‍ന്ന വടകര സഹകരണ
ആശുപത്രിയുടെ ചരിത്രം വടക്കന്‍ കേരളത്തിലെ
ചികിത്സാരംഗത്തെ കുതിച്ചുചാട്ടത്തിന്റെ ചരിത്രം
കൂടിയാണ്.
– യു.പി. അബ്ദുള്‍ മജീദ്
വടക്കന്‍ പാട്ടിലെ വീരസാഹസിക കഥകളുടെ വേരന്വേഷിക്കുന്നവര്‍ ആദ്യമെത്തുക വടകരയിലായിരിക്കും. സാമൂതിരിരാജ്യത്തു നിന്നു കോലത്ത് നാട്ടിലേക്കു പോകവേ കടക്കേണ്ട നാട് കടത്തുനാട്. പിന്നീട് കടത്തനാടായി അറിയപ്പെട്ട ഈ പ്രദേശത്തിന്റെ കവാടമായിരുന്നു വടകര. കോട്ടക്കല്‍ പുഴയുടെ വടക്കേക്കര നാട്ടുകാര്‍ വടകരയാക്കിയപ്പോള്‍ വെള്ളക്കാര്‍ ബടകര എന്നു വിളിച്ചു. ചുരികത്തലപ്പുകൊണ്ട് കണക്കുതീര്‍ത്ത തച്ചോളി ഒതേനന്റെയും ആരോമല്‍ ചേകവരുടേയും ഉണ്ണിയാര്‍ച്ചയുടെയുമൊക്കെ പിന്‍മുറക്കാര്‍ ആയോധന കലയായ കളരിയഭ്യാസം ചെറുപ്രായം മുതല്‍ പരിശീലിച്ച് ആരോഗ്യം സംരക്ഷിച്ചവരായിരുന്നു. ആരോഗ്യരംഗം കളരിക്കളങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരുകയും ആതുരസേവന മേഖല വികസിക്കുകയും ചെയ്തതോടെ വടകരയും തിരിഞ്ഞുനടന്നില്ല. സഹകരണ കൂട്ടായ്മയില്‍ ചുവട് വെച്ച്, സാധാരണക്കാരെ ചേര്‍ത്തുപിടിച്ച്, ചികിത്സാരംഗത്തെ കച്ചവട താല്‍പ്പര്യക്കാരോട് അങ്കം കുറിച്ച് മൂന്നര പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്നു വടകര സഹകരണാശുപത്രി. ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ഏഴുനില കെട്ടിടത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു വളര്‍ന്ന ജനകീയ ആശുപത്രിയുടെ ചരിത്രം വടക്കന്‍ കേരളത്തിലെ ചികിത്സാരംഗത്തെ കുതിച്ചുചാട്ടത്തിന്റെ ചരിത്രം കൂടിയാണ്.
മലബാര്‍ പ്രദേശത്തെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോഴിക്കോട്ട് കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സ കിട്ടാന്‍ വടകര താലൂക്കിലുള്ളവര്‍ക്കു അറുപതും എഴുപതും കിലോമീറ്റര്‍ യാത്ര ചെയ്യണം. സര്‍ക്കാര്‍ മേഖലയില്‍ വലിയ മുതല്‍മുടക്കി വടകരയില്‍ അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ വിദൂരസ്വപ്നമായി മാറിയപ്പോഴാണു സഹകരണ ആശുപത്രി എന്ന ആശയം രൂപപ്പെട്ടത്. 1987 ല്‍ വടകര ചര്‍ച്ച് റോഡിലുള്ള വാടകക്കെട്ടിടത്തിലെ ഒറ്റമുറിയില്‍ ക്ലിനിക് തുറന്നുകൊണ്ടായിരുന്നു ആശുപത്രി സഹകരണ സംഘത്തിന്റെ പ്രാരംഭ പ്രവര്‍ത്തനം. ഒരു വര്‍ഷം കൊണ്ടുതന്നെ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി മാറാന്‍ കഴിഞ്ഞത് എം.എല്‍.എ. യായിരുന്ന എം. ദാസന്റെ നേതൃത്വത്തിലുള്ള സഹകാരികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 1988 ലാണു കോണ്‍വെന്റ് റോഡില്‍ 60 കിടക്കകളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി സഹകരണാശുപത്രിയുടെ മൂന്നാം ഘട്ട വികസനം യാഥാര്‍ഥ്യമാക്കിയത്.
ഹൈടെക് ആശുപത്രി
സഹകരണാശുപത്രിയെ ചികിത്സക്ക് ആശ്രയിക്കുന്ന രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ ആശുപത്രി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഭരണ സമിതി. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിച്ച് ഓഹരിയുടമകളാക്കി സാമ്പത്തികാടിത്തറ ശക്തമാക്കി. 4800 – ഓളം പേരാണ് ഇതില്‍ പങ്കാളികളായത്. വടകരയിലെ പുതിയ ബസ് സ്റ്റാന്റിനടുത്ത് 1.55 ഏക്കര്‍ സ്ഥലം വാങ്ങി അഞ്ച് നിലയില്‍ കെട്ടിടമുണ്ടാക്കി 2004 ല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് രണ്ടു നിലകള്‍കൂടി പണിതു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറിയതോടെ നാടിന്റെ അഭിമാനമായി മാറി തലയുയര്‍ത്തി നില്‍ക്കുകയാണു ഈ സഹകരണ സ്ഥാപനം. 400 കിടക്കകളും 67 വിദഗ്ധ ഡോക്ടര്‍മാരുമുള്ള ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗങ്ങളുടെയും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി തിയേറ്റര്‍, കാത്ത്‌ലാബ്, എം.ആര്‍.ഐ. സ്‌കാന്‍, സി.ടി. സ്‌കാന്‍, നവീകരിച്ച ബ്ലഡ്ബാങ്ക്, ലബോറട്ടറി എന്നിവയുടേയും ഉദ്ഘാടനം 2021 നവംബര്‍ നാലിനു മുഖ്യമന്ത്രി നിര്‍വ്വഹിച്ചതോടെ ഒരു ഹൈടെക് ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും വടകര സഹകരണാശുപത്രിയില്‍ ഒരുങ്ങിയിരിക്കുകയാണ്.
ആതുരസേവനത്തിലൂടെ സാമൂഹിക സേവനമെന്നതാണു വടകര സഹകരണാശുപത്രിയുടെ പ്രവര്‍ത്തനലക്ഷ്യം. അതുകൊണ്ടുതന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതില്‍ നിന്നു മാറി ആശുപത്രിയുടെ സേവനം ഗ്രാമങ്ങളിലെ സാധാരണക്കാരില്‍ എത്തിക്കുക എന്ന ദൗത്യമാണു വടകരയിലെ ജനകീയ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കു കിട്ടണമെങ്കില്‍ ഏറെ ഇളവുകളും സൗജന്യങ്ങളും വേണ്ടിവരും. സര്‍ക്കാറിന്റെ കാരുണ്യ പദ്ധതി പോലുള്ള ആരോഗ്യ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിച്ചാണു പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നത്.
ഹൃദയ രോഗങ്ങള്‍ക്കു പ്രാധാന്യം
ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്കാണ് അടുത്ത കാലത്തായി വടകര സഹകരണാശുപത്രി ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, ബൈപ്പാസ് സര്‍ജറി തുടങ്ങിയവ വിദഗ്ധ ഡോക്ടര്‍മാര്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്തുന്നതിനാല്‍ മൂന്നു മാസത്തിനകം 110 ബൈപ്പാസ് സര്‍ജറിയും 4300 ആന്‍ജിയോപ്ലാസ്റ്റിയും പതിനായിരത്തിലധികം ആന്‍ജിയോഗ്രാമും ചെയ്തു സഹകരണാശുപത്രി ശ്രദ്ധേയമായി. വാല്‍വ് മാറ്റിവെക്കല്‍, വാല്‍വ് റിപ്പയര്‍, ഹോള്‍ട്ടര്‍ മോണിറ്ററിങ്, പേസ് മേക്കര്‍ ഘടിപ്പിക്കല്‍, ബലൂണ്‍ പ്ലാസ്റ്റി തുടങ്ങി കാര്‍ഡിയോളജി വിഭാഗത്തിലെ പ്രധാന ചികിത്സകളൊക്കെ ഇവിടെയുണ്ട്. എല്ലാ ദിവസവും 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം വടകര ആശുപത്രിയില്‍ ലഭിക്കുന്നത് കൊയിലാണ്ടി, പേരാമ്പ്ര, പയ്യോളി, നാദാപുരം, കുറ്റ്യാടി, കാവിലുംപാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ചികിത്സച്ചെലവില്‍ ഗണ്യമായ കുറവുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നു വടകരയിലെത്തുന്ന രോഗികളുണ്ട്.
ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗത്തില്‍ വിദഗ്ധരായ മൂന്നു ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. ദേശീയപാതയില്‍ കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ അപകടങ്ങള്‍ നിത്യസംഭവമായതും വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ അത്യാഹിതങ്ങളുണ്ടാവുമ്പോള്‍ ആശ്രയിക്കാന്‍ പ്രധാന ആശുപത്രികള്‍ ഇല്ലാത്തതും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രശസ്തരായ ഏഴ് സര്‍ജന്‍മാരുള്ള സര്‍ജറി വിഭാഗം സങ്കീര്‍ണമായ ഏതു ശസ്ത്രക്രിയയും നടത്താറുണ്ട്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലുമുണ്ട് പ്രശസ്തരായ സീനിയര്‍ ഡോക്ടര്‍മാര്‍. പക്ഷാഘാതം വന്ന നൂറുകണക്കിനു രോഗികളെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ വടകര ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. നെഫ്രോളജി, യൂറോളജി, എന്‍ഡോ ക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓങ്കോളജി, ഇന്‍ഫെര്‍ട്ടിലിറ്റി എന്നിവയിലാണു സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലും പരിചയസമ്പന്നരായ ഡോക്ടര്‍മാരും സൗകര്യങ്ങളുമുള്ളതിനാല്‍ വലിയ തിരക്കാണ്. ഓര്‍ത്തോപീഡിക്‌സ്, പള്‍മനോളജി, സൈക്കാട്രി, ഇ.എന്‍.ടി, ഡര്‍മറ്റോളജി, ഓഫ്ത്താല്‍മോളജി, റേഡിയോളജി, പാത്തോളജി, ഡെന്റല്‍ കെയര്‍, ഫിസിയോ തെറാപ്പി, ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലൊക്കെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നു വിരമിച്ച നിരവധി ഡോക്ടര്‍മാര്‍ വടകര സഹകരണാശുപത്രിയിലുണ്ട്.
പാവങ്ങളെത്തേടി നാട്ടിമ്പുറത്തേക്ക്
ആരോഗ്യരംഗത്തു സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനകീയ ഇടപെടല്‍ നടത്തുന്ന നിരവധി പദ്ധതികളാണു വടകര സഹകരണാ ശുപത്രി നടപ്പാക്കുന്നത്. ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയക്കു രോഗം ബാധിച്ചിട്ടും പണമില്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി നിരവധി ക്യാമ്പുകള്‍ നടത്തുകയുണ്ടായി. ആശുപത്രിയുടെ ഭാഗമായ എം. ദാസന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണു ക്യാമ്പുകള്‍ നടത്തുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാന്‍ വലിയ തുക ചെലവ് വരുന്നതിനാല്‍ വിദഗ്ധ ചികിത്സ ലഭിക്കാത്ത പാവപ്പെട്ടവരെ തേടിയാണു സഹകരണാശുപത്രി ഡോക്ടര്‍മാര്‍ നാട്ടുമ്പുറങ്ങളിലേക്കു ചെല്ലുന്നത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇവര്‍ക്കു തുടര്‍ചികിത്സ ആശുപത്രിയില്‍ നല്‍കും. കാരുണ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി സംയോജിപ്പിച്ച് സേവനം നല്‍കുന്നതിനാല്‍ രോഗികള്‍ക്കു പണച്ചെലവ് വരുന്നില്ല. നേത്രരോഗ നിര്‍ണയത്തിനും ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.
കോവിഡിനു ശേഷം വരുന്ന രോഗങ്ങള്‍ നിര്‍ണയിച്ച് തുടര്‍ചികിത്സ നടത്താനും സഹകരണാശുപത്രി ഗ്രാമങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഇതിനുള്ള ടെസ്റ്റ് സൗജന്യമായാണു നടത്തുന്നത്. വടകര താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ ഇതിനകം നടത്തി. അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ നടത്തുന്നതിനു ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനത്തിനുള്ള വിപുലമായ പദ്ധതി ആശുപത്രി നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ വടകരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുള്‍പ്പെടെ നാനൂറോളം പേര്‍ക്കു സൗജന്യ പരിശീലനം നല്‍കി. ആധുനിക സൗകര്യങ്ങളുള്ള രക്തബാങ്ക് പരിസര പ്രദേശങ്ങളിലെ ആശുപത്രികള്‍ക്കും ആശ്രയമാണ്. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ രക്തദാന ക്യാമ്പുകള്‍ നടത്താറുണ്ട്.
കോവിഡ് രോഗികള്‍ക്കു 60 കിടക്കകള്‍
സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുള്ള ആശുപത്രിയില്‍ കോവിഡ് കാലത്ത് 60 കിടക്കകളാണു രോഗികള്‍ക്കു പ്രത്യേകം ഒരുക്കിയത്.
ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും അവരുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആശുപത്രി ശ്രദ്ധിക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിലെ ശുചീകരണം, ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയവ ജീവനക്കാരുടെ സഹകരണത്തോടെ നടത്തുന്നുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ സജീവമാണ്. ആശുപത്രിയുടെ ഓഹരിയുടമകള്‍ക്കു ഹെല്‍ത്ത് ചെക്കപ്പ്, ചികിത്സ എന്നിവക്കു പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്.
ആശുപത്രിയുടെ കീഴില്‍ 2006 ല്‍ ആരംഭിച്ച നഴ്‌സിങ് കോളേജില്‍ 30 പേര്‍ക്ക് ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നു. ഇവരുടെ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായ സേവനം ആശുപത്രിക്കു ലഭിക്കുന്നു. നഴ്‌സിങ് കോളേജില്‍ 10 ജീവനക്കാരുണ്ട്. ആശുപത്രിയുടെ ഭാഗമായ ഫാര്‍മസിയില്‍ എല്ലാ മരുന്നുകളും ന്യായവിലയ്ക്കു ലഭിക്കുന്നു. രോഗനിര്‍ണയത്തിനും പരിശോധനക്കും ആവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും ലാബും സഹകരണാശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളും മൊബൈല്‍ ഐ.സി.യു, മൊബൈല്‍ മോര്‍ച്ചറി എന്നീ സൗകര്യവുമുണ്ട്
ആര്‍. ഗോപാലന്‍ സഹകരണാശുപത്രിയുടെ പ്രസിഡന്റും കെ. ശ്രീധരന്‍ വൈസ് പ്രസിഡന്റുമാണ്. അഡ്വ. ഇ.കെ. നാരായണന്‍, കെ. വത്സലന്‍, പി.കെ. ദാമോദരന്‍, എം.കെ. രാഘവന്‍ മാസ്റ്റര്‍, മുഹമ്മദ് ചാലില്‍, ടി.കെ.ശാന്ത ടീച്ചര്‍, എം.എം. നാരായണി ടീച്ചര്‍, കെ. പുഷ്പജ എന്നിവര്‍ ഡയരക്ടര്‍മാരും പി.കെ. നിയാസ് സെക്രട്ടറിയുമാണ്. ഡോ.കെ.സി. മോഹന്‍ കുമാറാണു മെഡിക്കല്‍ സൂപ്രണ്ട.
[mbzshare]