ഏറനാടന്‍ കാര്‍ഷിക വിജയ ഗാഥയുമായി പുളിക്കല്‍ ബാങ്ക്
ആറു പതിറ്റാണ്ട് മുമ്പു തുടങ്ങിയ മലപ്പുറം പുളിക്കല്‍
സഹകരണ ബാങ്കിലിപ്പോള്‍ അംഗങ്ങള്‍ 23,086. നിക്ഷേപം
100 കോടിയിലധികം. 23 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന
ബാങ്കിനു മൂന്നു ശാഖകളുണ്ട്. ഒമ്പതു വര്‍ഷം മുമ്പു
പുളിക്കല്‍ ബാങ്ക് ആരംഭിച്ച കര്‍ഷക സേവനകേന്ദ്രം
മൂന്നര ഏക്കര്‍ സ്ഥലത്തു കാര്‍ഷിക നഴ്‌സറിയും
വിപണന കേന്ദ്രവുമായി വളര്‍ന്നു പന്തലിച്ചിരിക്കുകയാണ്.
കാര്‍ഷികസമുദ്ധിയുടെ പ്രതീകമായ തനി ഏറനാടന്‍ഗ്രാമമായിരുന്നു പുളിക്കല്‍. പ്രകൃതി കനിഞ്ഞ നെല്‍പ്പാടങ്ങളും താഴ്‌വാരങ്ങളും ചെങ്കുത്തായ കുന്നില്‍പ്രദേശങ്ങളുമൊക്കെ നിറഞ്ഞ ഉള്‍നാട്. ചെങ്കല്‍പ്രദേശങ്ങളില്‍ തണല്‍ വിരിക്കുന്ന കശുമാവുകളും പച്ചപ്പ് നഷ്ടമാവാത്ത പാടങ്ങളോടു ചേര്‍ന്നുകിടക്കുന്ന പറമ്പുകളില്‍ തലയുയര്‍ത്തി നിരനിരയായി നില്‍ക്കുന്ന തെങ്ങും കവുങ്ങും പുളിക്കല്‍ ഗ്രാമത്തിനു ഹരിതാഭ നല്‍കിയ കാലമുണ്ടായിരുന്നു. നെല്ലും വാഴയും കപ്പയും പച്ചക്കറികളുമൊക്കെ വിളയിക്കുന്ന പാടങ്ങള്‍ ഈ നാട്ടുമ്പുറത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു.
കോഴിക്കോട് മലപ്പുറം റോഡില്‍ രാമനാട്ടുകരയ്ക്കും കൊണ്ടോട്ടിയ്ക്കുമിടയില്‍ ആളും അനക്കവുമില്ലാത്ത ചെറിയൊരങ്ങാടി കേന്ദ്രീകരിച്ചായിരുന്നു അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ കാര്‍ഷികചക്രവും ജീവിതചക്രവുമൊക്കെ തിരിഞ്ഞത്. കാലം മാറിയപ്പോള്‍ പഴയ പുളിക്കല്‍ തിരിച്ചറിയാനാവാത്തവിധത്തിലാണു മാറിയത്. ചെറിയൊരു പട്ടണത്തിന്റെ പ്രൗഢിയോടെ പുളിക്കല്‍ വളര്‍ന്നു. ചെറുസംരംഭങ്ങളും വ്യാപാര സ്ഥാപനങ്ങളും പെരുകി. കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ നാടിന്റെ തൊഴില്‍സംസ്‌കാരം മാറ്റിമറിച്ചു. കൃഷി നഷ്ടക്കച്ചവടമായപ്പോള്‍ ഉപജീവനത്തിനു ഗള്‍ഫ്‌നാടുകളില്‍ വിയര്‍പ്പൊഴുക്കിയവര്‍ കെട്ടിപ്പൊക്കിയ വീടുകളും കെട്ടിടങ്ങളും പുളിക്കല്‍ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റി. എന്നാല്‍, കാര്‍ഷികമേഖലയില്‍ വലിയൊരു തിരിച്ചുപോക്കിന്റെ വഴിയിലാണു പുളിക്കല്‍ പ്രദേശത്തുകാരിപ്പോള്‍. അതിനു നേതൃത്വം നല്‍കുന്നത് ആറു പതിറ്റാണ്ടായി സഹകരണ ബാങ്കിങ്‌രംഗത്തും സേവനരംഗത്തും നിറഞ്ഞുനില്‍ക്കുന്ന പുളിക്കല്‍ സര്‍വീസ് സഹകരണ ബാങ്കാണ്. ഒമ്പതു വര്‍ഷം മുമ്പു ബാങ്ക് ചെറിയ തോതില്‍ ആരംഭിച്ച കര്‍ഷക സേവനകേന്ദ്രം മൂന്നര ഏക്കര്‍ സ്ഥലത്തു കാര്‍ഷികനഴ്‌സറിയും വിപണനകേന്ദ്രവുമായി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു. വടക്കന്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഏറ്റവും വലിയ കാര്‍ഷികനഴ്‌സറിയായി ഇതു മാറി. പുളിക്കല്‍ പഞ്ചായത്തിന്റെ കാര്‍ഷികമുന്നേറ്റം നയിക്കുക മാത്രമല്ല മലപ്പുറത്തേയും സമീപജില്ലകളിലേയും കര്‍ഷകര്‍ക്കു ഫലവൃക്ഷ, പഴവര്‍ഗത്തൈകളും നടീല്‍വസ്തുക്കളും ലഭ്യമാക്കി ലക്ഷങ്ങള്‍ വിറ്റുവരവുണ്ടാക്കുകയും നിരവധി പേര്‍ക്കു തൊഴില്‍ നല്‍കുകയും ചെയ്യുന്നുണ്ട് പുളിക്കല്‍ ബാങ്ക്.
ബാങ്കിങ്ങില്‍
മികവ്
1964 ല്‍ ആരംഭിച്ച പുളിക്കല്‍ സഹകരണ ബാങ്ക് സഹകരണബാങ്കിങ് രംഗത്തെ മാതൃകാസ്ഥാപനങ്ങളില്‍ ഒന്നാണ്. ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ഒരുക്കി അടുക്കും ചിട്ടയും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ച് നാട്ടുകാരുടേയും ഇടപാടുകാരുടേയും വിശ്വാസമാര്‍ജിച്ച് മുന്നോട്ടുനീങ്ങുന്ന പുളിക്കല്‍ ബാങ്കില്‍ 23,086 അംഗങ്ങളും 1.69 കോടി രൂപ ഓഹരി മൂലധനവുമുണ്ട്. സഹകരണവകുപ്പിന്റെ റിസര്‍വ് നിബന്ധനകള്‍ കര്‍ശനമാക്കിയപ്പോള്‍ പല സഹകരണ ബാങ്കുകളുടേയും ബാലന്‍സ്ഷീറ്റ് നഷ്ടങ്ങളുടേതായപ്പോഴും കഴിഞ്ഞ 23 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പുളിക്കല്‍ സഹകരണ ബാങ്ക് 20 ശതമാനം വരെ ലാഭവിഹിതം അംഗങ്ങള്‍ക്കു നല്‍കുന്നുണ്ട്. ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയിലുള്ള ബാങ്കില്‍ 100 കോടിയലധികം രൂപ നിക്ഷേപവും 88 കോടിയുടെ വായ്പയുമുണ്ട്. പുളിക്കല്‍ അങ്ങാടിയില്‍ സ്വന്തം കെട്ടിടത്തില്‍ ബാങ്കിന്റെ ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നു. കൊട്ടപ്പുറം, വലിയപറമ്പ്, പുതിയോത്ത്പറമ്പ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. എ.ടി.എം, കോര്‍ ബാങ്കിങ്, മണി ട്രാന്‍സ്ഫര്‍, മൊബൈല്‍ ബാങ്കിങ് തുടങ്ങി ആധുനിക ബാങ്കിങ്‌രീതികളെല്ലാം പുളിക്കല്‍ സഹകരണ ബാങ്ക് ഇടപാടുകാര്‍ക്കു നല്‍കുന്നുണ്ട്. ഭൂമി, വീട്, വാഹനം തുടങ്ങിയവ വാങ്ങാനും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ കൊടുക്കുന്ന ബാങ്ക് വായ്പക്കുടിശ്ശിക പിരിച്ചെടുക്കുന്നതിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ക്കു ലിങ്കേജ് വായ്പ നല്‍കുന്നതിലും മലപ്പുറം ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്ന ബാങ്കുകളില്‍ ഒന്നാണു പുളിക്കല്‍ ബാങ്ക്.
കാര്‍ഷികമേഖലയില്‍
ചുവടുറപ്പിച്ച്
കൃഷിക്കാരെ പ്രോത്സാഹിപ്പിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു കൃഷിവകുപ്പും സഹകരണവകുപ്പും ചേര്‍ന്നു 2014 ല്‍ ആരംഭിച്ച കര്‍ഷക സേവനകേന്ദ്രം പദ്ധതിയുടെ നിര്‍വ്വഹണത്തിനു കൊണ്ടോട്ടി ബ്ലോക്ക്തലത്തില്‍ തിരഞ്ഞെടുത്തതു പുളിക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനെയായിരുന്നു. സേവന കേന്ദ്രത്തിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുകയും 25 അംഗ ഹരിത കര്‍മസേന രൂപവത്കരിച്ച് പരിശീലനം നല്‍കുകയുമുണ്ടായി. കര്‍ഷക സേവനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതോടെ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ബാങ്ക് ഭരണസമിതി തീരുമാനിച്ചു. തുടര്‍ന്നാണു കര്‍ഷകര്‍ക്ക് ആവശ്യമായതെല്ലാം ഒരിടത്തു ലഭ്യമാക്കുക എന്ന പദ്ധതിക്കു തുടക്കമായത്. അന്വേഷിച്ചുനടക്കുന്ന തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കൃഷിക്കാര്‍ക്കു നല്‍കുന്നതിനും അതോടൊപ്പം ജൈവവളങ്ങളും മറ്റും നല്‍കുന്നതിനും കൊട്ടപ്പുറത്ത് മൂന്നര ഏക്കര്‍ സ്ഥലം ബാങ്ക് പാട്ടത്തിനെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള സര്‍ക്കാര്‍, സ്വകാര്യ നഴ്‌സറികളില്‍ നിന്നു ഫലവൃക്ഷങ്ങളുടേയും പഴവര്‍ഗങ്ങളുടേയും തൈകള്‍ ശേഖരിച്ച് വിപണനത്തിനെത്തിച്ചതോടെ നഴ്‌സറിയുടെ വിറ്റുവരവ് വര്‍ധിച്ചു. കര്‍ണാടകത്തില്‍നിന്നു ഗുണമേന്‍മ ഉറപ്പു വരുത്തി വിത്തടക്ക ശേഖരിച്ച് രണ്ടു ലക്ഷത്തോളം കമുങ്ങിന്‍തൈകള്‍ എല്ലാ വര്‍ഷവും ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തുന്നുണ്ട്. ഇന്റര്‍സെ മംഗള, മൊഹിത് നഗര്‍, കാസര്‍ഗോഡന്‍ തുടങ്ങിയ ഇനങ്ങള്‍ക്കു പുറമെ ഹിര ഹള്ളി പോലുള്ള കുള്ളന്‍ കമുങ്ങുകള്‍ക്കും കൂടുതല്‍ ആവശ്യക്കാരുണ്ട്. കുറ്റ്യാടിയില്‍നിന്നു വിത്തുതേങ്ങ സംഭരിച്ച് അമ്പതിനായിരത്തോളം തെങ്ങിന്‍തൈകളും വര്‍ഷംതോറും ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട്. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ അത്യൂല്‍പ്പാദനശേഷിയുളള വിവിധ ഇനത്തില്‍പ്പെട്ട 10,000 കുരുമുളക്‌തൈകളും നല്‍കിവരുന്നുണ്ട്. മുണ്ടേരിയിലെ സര്‍ക്കാര്‍ ഫാമില്‍നിന്നു സംഭരിക്കുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, കാച്ചില്‍ തുടങ്ങിയവ ശേഖരിച്ച് ഫാമില്‍ നട്ടുവളര്‍ത്താറുണ്ട്. മണ്ണുത്തി, അമ്പലവയല്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളില്‍ നിന്നുള്ള തൈകള്‍ മിതമായ നിരക്കില്‍ പുളിക്കല്‍ ബാങ്കിന്റെ നഴ്‌സറിയില്‍ കിട്ടുന്നുണ്ട്. അമ്പതോളം ഇനം മാവിന്‍തൈകളും 20 ഇനം പ്ലാവിന്‍തൈകളും നഴ്‌സറിയിലുണ്ട്.
റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, അബിയു, ഫുലാസാന്‍, ചാമ്പ, ചെറി, പേര, സപ്പോട്ട, ബട്ടര്‍ ഫ്രൂട്ട്, സാന്തോള്‍, മില്‍ക്ക് ഫ്രൂട്ട്, അമ്പഴം, ദുരിയാന്‍, കരമ്പോള, സീതപ്പഴം, അത്തി, ലോംഗന്‍, മിറാക്കിള്‍ ഫ്രൂട്ട്, കെപ്പല്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി അഞ്ഞൂറോളം പഴവര്‍ഗച്ചെടികളുടെ വിവിധ വലിപ്പത്തിലും വിലയിലുമുള്ള തൈകള്‍ നഴ്‌സറിയില്‍ കിട്ടും. നഴ്‌സറിയില്‍ മാതൃവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയതിനാല്‍ ഗുണമേന്മയുള്ള തൈകള്‍ ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലയറിങ് എന്നിവ വഴി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ശീതകാല പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും പതിനായിരത്തിലധികം തൈകളും വളവും കര്‍ഷകര്‍ക്കു സൗജന്യമായി നല്‍കുന്നുണ്ട്. നഴ്‌സറിയോടനുബന്ധിച്ചുള്ള ജൈവവളം വിപണനകേന്ദ്രം പ്രാദേശത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. പ്രമുഖ കമ്പനികളുടെ ജൈവവളവും പ്രദേശികമായി സംഭരിക്കുന്ന ജൈവവളവും വിതരണം നടത്തുന്നുണ്ട്. കര്‍ഷകര്‍ക്കുവേണ്ടി പരിശീലനപരിപാടികളും നഴ്‌സറിയില്‍ സംഘടിപ്പിക്കാറുണ്ട്.
ബാങ്ക് അസി. സെക്രട്ടറി പി.സി. ജയകുമാറിന്റെയും കൃഷിവകുപ്പ് റിട്ട. ജീവനക്കാരന്‍ ടി.പി. ശ്രീധരന്റേയും മേല്‍നോട്ടത്തിലാണു ഫാമിന്റെ പ്രവര്‍ത്തനം. 13 ജീവനക്കാരുണ്ട്. സാധാരണ നഴ്‌സറികളില്‍ നിന്നു വ്യത്യസ്തമായി പ്രൊഫഷണല്‍രീതി പുളിക്കല്‍ സഹകരണ ബാങ്കിന്റെ നഴ്‌സറി നടത്തിപ്പിലുണ്ട്. ചെടികള്‍ നന്നായി സംരക്ഷിക്കുന്നതിനാല്‍ കരുത്തുള്ള തൈകളാണു ലഭിക്കുന്നത്. കാര്‍ഷികജോലികളില്‍ വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരുടെ സേവനം പരമാവധി ഉപയോഗിക്കുകയും മികച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ട്. നടീല്‍ വസ്തുക്കളും തൈകളും സംഭരിക്കുന്നതില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനാല്‍ ഗുണമേന്മ ഉറപ്പു വരുത്താന്‍ കഴിയുന്നു. നഴ്‌സറിയുടെ സാമ്പത്തിക ഇടപാടുകളും ഏറ്റവും സുതാര്യമായി നടത്താന്‍ ബാങ്ക് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇടത്തട്ടും കമ്മീഷന്‍ ഇടപാടുകളും കര്‍ശനമായി ഒഴിവാക്കി സത്യസന്ധമായി നഴ്‌സറി നടത്തുന്നതുകൊണ്ടാണു കര്‍ഷകരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞതെന്നു നഴ്‌സറിയുടെ ചുമതലക്കാര്‍ പറയുന്നു.
നഴ്‌സറിയുടെ സ്ഥലവാടകയിനത്തില്‍ വലിയ തുക പ്രതിമാസം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ അനുയോജ്യമായ മൂന്നേക്കര്‍ സ്ഥലം സ്വന്തമാക്കാന്‍ ബാങ്ക് ശ്രമം നടത്തുന്നുണ്ട്. സാമ്പത്തികനില ഭദ്രമായ പുളിക്കല്‍ ബാങ്ക് സ്ഥലം വാങ്ങാനുള്ള അനുമതിക്കു സഹകരണവകുപ്പിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഭൂമിയുടെ വിലനിര്‍ണയത്തിലെ സാങ്കേതികക്കുരുക്കുകള്‍ മറികടക്കാന്‍ സഹകരണവകുപ്പും സര്‍ക്കാറും കനിയേണ്ടതുണ്ട്. ഒന്നേമുക്കാല്‍ കോടിയോളം രൂപ വിറ്റുവരവുള്ള നഴ്‌സറിക്കു സ്വന്തമായി സ്ഥലം ലഭിച്ചാല്‍ മാത്രമേ സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താനാവൂ. റിവോള്‍വിങ് ഫണ്ട്, ഇന്നൊവേഷന്‍ പ്രോജക്ട് ഫണ്ട് തുടങ്ങിയ ഇനങ്ങളില്‍ 55 ലക്ഷം രൂപ കാര്‍ഷിക സേവനകേന്ദ്രത്തിനും നഴ്‌സറിക്കും സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയിട്ടുണ്ട്. ഈ ഗ്രാന്റിന്റെ ലക്ഷ്യപ്രാപ്തിക്കും സ്വന്തം സ്ഥലം അനിവാര്യമാണ്.
സേവന
രംഗത്ത്
കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കുമ്പോഴും ആരോഗ്യരംഗത്ത് ഇടപെടാനും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനും പുളിക്കല്‍ സഹകരണ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്തുതന്നെ നീതി ലാബും നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിക്കുന്നതു പുളിക്കല്‍ അങ്ങാടിയിലെത്തുന്നവര്‍ക്കു സഹായകരമാണ്. അത്യാവശ്യമരുന്നുകള്‍ 40 ശതമാനംവരെ വിലക്കുറവില്‍ നല്‍കുന്നതിനാല്‍ ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തില്‍ നിന്നു രോഗികളെ രക്ഷിക്കാന്‍ കഴിയുന്നു. 2014 ല്‍ തുടങ്ങിയ മെഡിക്കല്‍ ഷോപ്പില്‍ രണ്ടു ജീവനക്കാരാണുള്ളത്. 2018 ല്‍ ആരംഭിച്ച നീതി ലാബിനും നല്ല പിന്തുണ നാട്ടുകാരില്‍ നിന്നു ലഭിക്കുന്നുണ്ട്. മൂന്നു ലാബ് ടെക്‌നീഷ്യന്‍മാര്‍ക്ക് ഇവിടെ ജോലി നല്‍കിയിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം പുളിക്കല്‍ ബാങ്ക് ഏറ്റെടുത്തു നടത്തുന്നുണ്ട്. കിടപ്പു രോഗികള്‍ക്കു പ്രതിമാസം 1000 രൂപ വീതം സഹായം നല്‍കുന്ന ബാങ്കിന്റെ സ്വന്തം പദ്ധതിയില്‍ ഇപ്പോള്‍ 48 ഗുണഭോക്താക്കളുണ്ട്. അംഗങ്ങള്‍ക്കു റിലീഫ് ഫണ്ട്, റിസ്‌ക് ഫണ്ട്, ക്ഷേമ പദ്ധതി, മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കു സഹായം തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ പുളിക്കല്‍ പ്രദേശത്ത് ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു വലിയ തുക ബാങ്ക് ചെലവഴിച്ചിട്ടുണ്ട്. സമൂഹ അടുക്കളക്കും വീടുകളില്‍ ഭക്ഷണമെത്തിക്കാനും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് ഭരണസമിതിയും ജീവനക്കാരും മുന്നിട്ടിറങ്ങി. കോവിഡ് കാലത്തു പഠനം മുടങ്ങിയ നിരവധി കുട്ടികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍, ടി.വി സെറ്റ് തുടങ്ങിയവ നല്‍കി. പത്താം ക്ലാസിലും പ്ലസ്ടുവിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കു കാഷ് അവാര്‍ഡും സ്‌കൂളുകള്‍ക്കു പ്രോത്സാഹനവും ബാങ്ക് നല്‍കിവരുന്നു.
പ്രമുഖ സഹകാരി എം.പി. അബ്ദുറഹിമാനാണു ബാങ്കിന്റെ പ്രസിഡന്റ്. കെ. രാജന്‍, പി.വി. ആസിഫ്, എ. അച്യുതന്‍ നായര്‍, ടി.പി. ബീരാന്‍ ഹാജി, യു. വിശ്വനാഥന്‍, എം.സി. മുഹമ്മദ്, കെ.സി. മുഹമ്മദ് ബഷീര്‍, എ. രജ്‌ന, പി.എന്‍. നഫീസ, സി.കെ. റംല, ടി.പി. ഷീബ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ടി. നുസൈബയാണ് സെക്രട്ടറി.
(മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)