എക്‌സ്‌പോ കൊഴുപ്പിക്കാന്‍ സഹകരണ വകുപ്പ്; ടെക്‌നിക്കല്‍ കമ്മിറ്റിക്ക് രൂപംനല്‍കി
സഹകരണ എക്‌സ്‌പോ മികച്ച രീതിയിൽ നടത്തുന്നതിന് മുന്നൊരുക്കവുമായി സഹകരണ വകുപ്പ്. സഹകരണ എക്‌സ്‌പോയുടെ ചരിത്രത്തിൽ മികച്ച വിജയം നേടിയത് 2022-ലെ എക്‌സ്‌പോ ആയിരുന്നു. ഇതിനേക്കാൾ മികച്ച രീതിയിൽ ‘സഹകരണ എക്‌സ്‌പോ 2023’ന്റെ പവലിയൻ ക്രമീകരിക്കാനാണ് തീരുമാനം. സംസ്ഥാന സഹകരണ സംഘങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ സഹകരണ ഉൽപന്നങ്ങൾക്കും ഇത്തവണ ഇടം നൽകിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കേരളത്തിന്റെ സഹകരണ പവലിയന്‍ ശ്രദ്ധേയമായിരുന്നു. 28 സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. ഈ ഉല്‍പന്നങ്ങള്‍ക്ക് ദേശീയതലത്തില്‍ വിതരണം ഏറ്റെടുക്കാന്‍ വിവിധ ഏജന്‍സികള്‍ സന്നദ്ധമായിട്ടുണ്ട്. ഈ സാധ്യതയാണ് കേരള സഹകരണ എക്‌സ്‌പോയിലും സഹകരണ വകുപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ 375 ഉല്‍പന്നങ്ങള്‍ എക്‌സ്‌പോയില്‍ ഉണ്ടായിരുന്നു. എന്നാല്‍, മികച്ച പാക്കിങ്, ഡിസ്‌പ്ലേ, ബ്രാന്‍ഡിങ് എന്നിവയുടെ അഭാവമുണ്ടായി.
എക്‌സ്‌പോയുടെ പ്രചരണത്തിനുള്ള ആസൂത്രണത്തിലും കഴിഞ്ഞതവണ വീഴ്ച വന്നു. സമൂഹമാധ്യമങ്ങളിലടക്കം വേണ്ടത്രരീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞില്ല. കോഓപ് കേരള ബ്രാന്‍ഡ്, കോഓപ് മാര്‍ട്ട് എന്നിവ എക്‌സ്‌പോയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിഞ്ഞില്ല. ഈ പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികളും ഇത്തവണയുണ്ടാകും.
സഹകരണ എക്‌സ്‌പോ 2023ന്റെ പവലിയന്‍ സജ്ജമാക്കുന്നത് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് ഇ-ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫിബ്രവരി ഒന്നിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ഏഴ് അംഗങ്ങള്‍ അടങ്ങിയ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
സഹകരണ സംഘം രജിസ്ട്രാർ അലക്‌സ് വർഗീസാണ് ടെക്‌നിക്കൽ കമ്മിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജോൺസൺ, തിരുവനന്തപുരം പബ്ലിക് ഓഫീസ് ചീഫ് ആർക്കിടെക്റ്റ് പി.എസ്. രാജീവ്, സഹകരണ സംഘം രജിസ്റ്റർ ഓഫീസിലെ അഡീഷണൽ രജിസ്ട്രാർ (ക്രഡിറ്റ്) ആർ.ജ്യോതി പ്രസാദ്, കെപ്പ് പ്രൊജക്ട് ഡയറക്ടർ വി.ജെ.മണിലാൽ, സഹകരണ സംഘം രജിസ്റ്റർ ഓഫീസിലെ ഫിനാൻസ് ഓഫീസർ, സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ലോ ഓഫീസർ എൻ.രാജകുമാർ സമിതിയിലെ അംഗങ്ങൾ.
[mbzshare]