എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ യൂണിറ്റ് പാലക്കാട്ടും തുടങ്ങുന്നു

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ഒരു യൂണിറ്റ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പാലക്കാട് എന്‍എച്ച്47 ബൈപ്പാസില്‍ യാക്കര പാലത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് സെന്റര്‍ തുടങ്ങുന്നത്.

ഫെബ്രുവരി 15 തിങ്കളാഴ്ച്ച രാവിലെ പത്തുമണി മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ കേന്ദ്രത്തില്‍ കീമോതെറാപ്പി ഡേ കെയര്‍ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. മെഡിക്കല്‍ ഓങ്കോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസവും ലഭ്യമായിരിക്കും. കൂടാതെ ആഴ്ചയിലൊരു ദിവസം എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ സീനിയര്‍ ഡോക്ടര്‍മാരായ ഡോ. പ്രശാന്ത് പരമേശ്വരന്‍, ഡോ. ദിലീപ് ദാമോദരന്‍ എന്നിവരുടെ സേവനവും ഇവിടെ ഉണ്ടാകുന്നതാണ്.

രോഗികള്‍ക്ക് തുടര്‍ചികിത്സ എന്താണെന്നും എങ്ങനെ വേണമെന്നും എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിന് ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യവുമുണ്ടാവും.

പ്രവര്‍ത്തനം ആരംഭിച്ച് നാലുവര്‍ഷം കൊണ്ടുതന്നെ രാജ്യത്തെ മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി അംഗീകാരം നേടിക്കഴിഞ്ഞ ‘എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ രോഗികളുടെ സൗകര്യാര്‍ത്ഥം വിവിധ ജില്ലകളില്‍ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും കീമോതെറാപ്പിക്കുള്ള ഡേകെയര്‍ സെന്ററുകളും തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുള്ളതായി ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ അറിയിച്ചു. ഇതിലെ ആദ്യ കേന്ദ്രം വയനാട്ടിലെ കല്‍പ്പറ്റയില്‍ ഫാത്തിമാ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

2019 ല്‍ ദുബായില്‍ ആരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ ക്ലിനിക് ഇതിനോടകം തന്നെ പ്രവാസികളായ രോഗികള്‍ക്ക് വളരെ ആശ്വാസകരമായിക്കഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ അന്തിമഘട്ട നിര്‍മാണത്തില്‍ ഇരിക്കുന്ന കേന്ദ്രവും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.