ഇവിടെ സ്ത്രീജീവിതം സുന്ദരം
(2021 മാര്‍ച്ച് ലക്കം)
ആഫ്രിക്കയിലെ ഘാനയില്‍ ഗ്രാമീണ വനിതകളുടെ ദരിദ്രജീവിതം മാറ്റിമറിച്ച രണ്ട് സഹകരണ സംഘങ്ങളെപ്പറ്റി
സഹകരണ സംഘങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച കുറെ ആഫ്രിക്കന്‍ വനിതകളുടെ കഥയാണിത്. ഘാനയില്‍ നിന്നാണ് ഈ വിജയകഥകള്‍. സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടു വനിതാ സംഘങ്ങളെയാണിവിടെ പരിചയപ്പെടുത്തുന്നത്. 2003 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഒജബ വനിതാ ഷിയ ബട്ടര്‍ സഹകരണ സംഘമാണ് ആദ്യത്തേത്. ബയോബാബ് വനിതാ സഹകരണ സംഘമാണ് രണ്ടാമത്തേത്.
ഒജബ കളക്ടീവ് സോഷ്യല്‍ എന്റര്‍പ്രൈസസാണ് ഈ വനിതാ സഹകരണ സംഘങ്ങളുടെ പിറവിക്കു പിന്നില്‍. ആഫ്രിക്കയിലെ ഗ്രാമീണ വനിതകളെയും അവരുടെ സമുദായങ്ങളെയും ശാക്തീകരിക്കുകയാണ് ഒജബ കളക്ടീവിന്റെ ലക്ഷ്യം. ഘാനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിയുന്ന ഈ ഗ്രാമീണ വനിതകളുടെ ജീവിതം കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു. പ്രതികൂല കാലാവസ്ഥയിലും കൃഷിയായിരുന്നു ഇവരുടെ ഏക ആശ്രയം. ചോളവും നിലക്കടലയുമായിരുന്നു പ്രധാന കൃഷി. പക്ഷേ, അതിനു പോലും ആ പാവങ്ങള്‍ക്ക് സൗകര്യമുണ്ടായിരുന്നില്ല. പാറ പോലുള്ള മണ്ണും വല്ലപ്പോഴും മാത്രം കിട്ടുന്ന മഴയും തീരെ അപര്യാപ്തമായ ഗതാഗത സൗകര്യവും കൃഷിയുടെയും അവരുടെ ജീവിതത്തിന്റെയും താളം തെറ്റിച്ചുകൊണ്ടിരുന്നു. പട്ടിണിയില്ലാതെ കഴിഞ്ഞുപോകാനുള്ള വിള പോലും അവര്‍ക്കു ഭൂമിയില്‍ നിന്നു കിട്ടാതായി. ആരോഗ്യ രക്ഷയോ വിദ്യാഭ്യാസമോ ഇല്ലാതെ സ്ത്രീകളും കുട്ടികളും ഗതികെട്ടു. കുട്ടികളെ ബന്ധുക്കളെ ഏല്‍പ്പിച്ച് സ്ത്രീകള്‍ പുറംനാടുകളില്‍ ജോലി തേടിപ്പോയി. വിശപ്പകറ്റാനായി ചിലരെങ്കിലും കുട്ടികളെ വീട്ടുവേലയ്ക്കായി പറഞ്ഞുവിട്ടു. ഈയൊരു ദയനീയാവസ്ഥയ്ക്കാണ് ഒജബ വനിതാ ഷിയ ബട്ടര്‍ സഹകരണ സംഘവും ബയോബാബ് വനിതാ സഹകരണ സംഘവും മാറ്റമുണ്ടാക്കിയത്.
സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഷിയ ബട്ടര്‍ ഷിയ മരത്തിന്റെ കുരുവില്‍ നിന്നാണുണ്ടാക്കുന്നത്. ആഫ്രിക്കയിലെ 21 രാജ്യങ്ങളില്‍ ഷിയ മരം നന്നായി വളരുന്നുണ്ട്. ബുര്‍ഖിന ഫാസോ, കാമറൂണ്‍, ഛാഡ്, എത്യോപ്യ, എറിത്രിയ, ഘാന, ഐവറി കോസ്റ്റ്, മാലി, നൈജര്‍, നൈജീരിയ, സെനഗല്‍, സുഡാന്, ടോഗോ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ഗ്വിനിയ തുടങ്ങിയ രാജ്യങ്ങളില്‍ ധാരാളമായി ഷിയ മരങ്ങള്‍ കാണപ്പെടുന്നുണ്ട്. ഈ മരം ഇന്ത്യയിലുമുണ്ട്. വരണ്ട ചര്‍മം, പൊള്ളല്‍ എന്നിവക്കും ചര്‍മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നു സംരക്ഷിക്കാനും പലതരം ചര്‍മരോഗങ്ങള്‍ക്കും ഷിയ വെണ്ണ ഉപയോഗിക്കുന്നു. ഷിയ വെണ്ണയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ എ, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യ വസ്തുവായും ഷിയ ബട്ടര്‍ ഉപയോഗിക്കുന്നു.
ജീവിതത്തിന്റെ താളം മാറി
സാക്ഷരത, ആരോഗ്യം, ബദല്‍ കാര്‍ഷിക സങ്കേതങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കും ഒജബ വനിതാ ഷിയ ബട്ടര്‍ സംഘത്തിന്റെ പ്രവര്‍ത്തനം നീളുന്നുണ്ട്. 500 ഗ്രാമീണ വനിതകള്‍ ഈ സംഘത്തില്‍ അംഗങ്ങളാണ്. നേരത്തേ ഇവരുടെയൊക്കെ ജീവിതം പരിതാപകരമായിരുന്നു. സഹകരണ സംഘങ്ങളില്‍ അംഗങ്ങളായതോടെ ജീവിതാവസ്ഥയില്‍ പാടെ മാറ്റം വന്നു. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ബട്ടര്‍ ഒജബ കളക്ടീവ് ശേഖരിച്ച് വിപണനം നടത്തുന്നു. അതോടെ, സാമൂഹികമായും സാമ്പത്തികമായും വനിതകള്‍ക്ക് ഉയര്‍ച്ചയുണ്ടായി. പട്ടിണിയും പരിവട്ടവും മാറുക മാത്രമല്ല ഇവര്‍ക്കിപ്പോള്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും കഴിയുന്നു. പരിസ്ഥിത സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങള്‍ നട്ടുവളര്‍ത്താനും സൊസൈറ്റി ശ്രദ്ധിക്കുന്നു. മുന്‍കാലങ്ങളില്‍ കൃഷിയുടെ സീസണ് കഴിഞ്ഞാല്‍ പലര്‍ക്കും വേറെ ജോലി കണ്ടെത്തേണ്ടി വന്നിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ല. എല്ലാ സീസണിലും സംഘത്തില്‍ ജോലിയുണ്ട്. അംഗങ്ങള്‍ക്കു വരുമാനവുമുണ്ട്.
സംഘങ്ങളിലെ അംഗങ്ങളെല്ലാം ഘാനയുടെ ദേശീയാരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഇപ്പോള്‍ അംഗങ്ങളാണ്. ആരോഗ്യ സംരക്ഷണത്തിനു പുറമേ മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരത, കമ്യൂണിറ്റി ക്ലാസുകളും സംഘം നടത്തി വരുന്നുണ്ട്. സംഘബോധം ഒജബ സൊസൈറ്റികളിലെ അംഗങ്ങളെ പുതിയ മനുഷ്യരാക്കിത്തീര്ത്തു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലെ ഗുണങ്ങള്‍ അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ചുമതലകളില്‍ നിന്നൊഴിഞ്ഞു മാറാന്‍ അവരിപ്പോള്‍ ശ്രമിക്കാറില്ല. ഏല്‍പ്പിക്കുന്ന എന്തു ചുമതലയും അവരിപ്പോള്‍ ഏറ്റെടുക്കുന്നു. കാരണം, സംഘത്തിലെ എല്ലാവരും തനിക്കൊപ്പമുണ്ടെന്ന ബോധം അവരില്‍ ഉണര്‍ന്നുകഴിഞ്ഞു. പതിനെട്ടു വയസ്സു കഴിഞ്ഞവര്‍ക്കാണ് സംഘത്തില്‍ അംഗത്വം.
7-15 മീറ്റര്‍ ഉയരമുള്ള ഇലപൊഴിയും മരമാണ് ഷിയ. ഷിയ പഴങ്ങളുടെ വിളവെടുപ്പ് മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ്. ഷിയ ബട്ടറുണ്ടാക്കാന് മണിക്കൂറുകളോളം കഠിനാധ്വാനം ആവശ്യമാണ്. ആദ്യം പഴങ്ങളില്‍ നിന്നു കുരു ശേഖരിക്കുന്നു. അവ നന്നായി കഴുകുന്നു. തുടര്‍ന്ന് വെള്ളത്തില്‍ തിളപ്പിച്ച ശേഷം വെയിലത്ത് ഉണക്കാനിടുന്നു. പിന്നെ ക്രഷിങ്് മെഷീനിലിട്ട് നുറുക്കിയെടുക്കുന്നു. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെള്ളമൊഴിച്ച് നന്നായി കൈകൊണ്ട് കുഴയ്ക്കുന്നു. ജലാംശം വറ്റുന്നതോടെ വെണ്ണ റെഡി. ബോഡി ക്രീം, ഹെയര്‍ ഓയില്‍, മോയ്സ്ചുറൈസര്‍, ബോഡി ലോഷന്‍, മസാജ് ബാം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഷിയ ബട്ടറില്‍ നിന്നു സംഘം ഉണ്ടാക്കുന്നുണ്ട്. ഇവയ്ക്ക് ലോകത്തെവിടെയും വന്‍ ഡിമാന്റാണ്. ഷിയ ബട്ടര്‍ കയറ്റിയയയ്ക്കുന്ന രാജ്യങ്ങളില്‍ ഘാനയാണ് ഒന്നാം സ്ഥാനത്ത്. ഘാനയില്‍ മാത്രം ഒരു കൊല്ലം 1,30,000 ടണ്‍ ഷിയാ ബട്ടറാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 30 ലക്ഷം സ്ത്രീകള്‍ ബട്ടര്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നു.
ബയോബാബ് എണ്ണ ഉല്‍പ്പാദക സംഘം
ഒജബ കളക്ടീവിന്റെ സഹായത്തോടെ 2013 ല്‍ രൂപം കൊണ്ട സംഘമാണ് ബയോബാബ് വനിതാ സഹകരണ സംഘം. ബയോബാബ് മരത്തിന്റെ കുരുവില്‍ നിന്നു എണ്ണയുണ്ടാക്കുന്ന സംഘമാണിത്. ഷിയ ബട്ടര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പ്രദേശത്തു തന്നെയാണ് ഈ സംഘവും. ബയോബാബ് സംഘത്തില്‍ 300 വനിതകളാണ് വിത്ത് ശേഖരിക്കുന്നത്. 17 പേര് എണ്ണയുണ്ടാക്കുന്നു. ഒജബ കളക്ടീവാണ് ഇവര്‍ക്കാവശ്യമായ യന്ത്ര സാമഗ്രികളും പരിശീലനവും നല്‍കുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസണിലാണ് ബയോബാബിന്റെ വിളവെടുപ്പ്.
2003 ല്‍ ജോഹാനും ട്രേസി വള്ഫേഴ്സും ചേന്നു സ്ഥാപിച്ച ഒരു സാമൂഹിക സംരംഭമാണ് ഒജബ കളക്ടീവ്. 2018 ല്‍ സംഘടനയുടെ ആസ്ഥാനം അമേരിക്കയില്‍ നിന്നു ഫിന്‍ലന്‍ഡിലേക്ക് മാറ്റി. ഘാനയിലെ ഗ്രാമീണ വനിതാ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഒജബ കളക്ടീവ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ ആഫ്രിക്കന്‍ ഗ്രാമീണ വനിതകളുടെ ശാക്തീകരണമാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണ വനിതകളുമായി ഒജബ കളക്ടീവ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് വൈദ്യുതിയും ശുദ്ധജലവും എത്തിക്കാനും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഒരുക്കാനും സംഘടന മുന്‍പന്തിയിലുണ്ട്.
[mbzshare]