ഇവന്റ് മാനേജ്‌മെന്റ്  കമ്പനിയുമായി  കെ-ട്രാക്ക്  യുവ സംഘം

moonamvazhi

– ദീപ്തി വിപിന്‍ലാല്‍

കേരളത്തിലുടനീളം സാന്നിധ്യമറിയിക്കുക എന്ന ലക്ഷ്യവുമായാണു
നെയ്യാറ്റിന്‍കര ചിറ്റക്കോട് കേന്ദ്രീകരിച്ച് കെ-ട്രാക്ക് ഇവന്റ്‌സ്
മാനേജ്‌മെന്റ് ആന്റ് സര്‍വീസ് യുവ സഹകരണ സംഘത്തിനു
തുടക്കം കുറിച്ചത്. സ്റ്റേജ് അലങ്കാരം, വീഡിയോഗ്രഫി, ഫുഡ് ആന്റ്
കാറ്ററിംഗ്, ബ്യൂട്ടി ആന്റ് ഡിസൈന്‍സ്, ട്രാവല്‍ എന്നിവ ഉള്‍പ്പെടുന്ന
ഒരു പാക്കേജാണു സംഘത്തിന്റെ ഇവന്റ് സര്‍വീസ്.

 

പുതിയ തലമുറയുടെ സഹകരണ മേഖലയിലേക്കുളള കടന്നുവരവ് വേറിട്ട ആശയങ്ങളുമായാണ്. അത്തരത്തില്‍ ആരംഭിച്ച ഒരു യുവ സഹകരണ സംഘമാണു കെ- ട്രാക്ക് ഇവന്റ്‌സ് ആന്റ് സര്‍വീസ് യുവ സഹകരണ സംഘം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ചിറ്റക്കോട്ട്
പ്രവര്‍ത്തനമാരംഭിച്ച ഈ യുവ സഹകരണ സംഘം വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തിരുവനന്തപുരം പ്രവര്‍ത്തന പരിധിയായുള്ള സംഘത്തില്‍ 28 അംഗങ്ങളാണുള്ളത്.

ജ്യോതിഷ്, അഖില്‍ രാജ്, അഖില്‍, സജിന്‍ എന്നീ യുവാക്കള്‍ കണ്ട സ്വപ്നമാണു കെ- ട്രാക്ക് ഇവന്റ്‌സ് ആന്റ് സര്‍വീസ് യുവ സഹകരണ സംഘമായി മാറിയത്. 2019 ല്‍ ഈ നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കു തുടക്കം കുറിച്ചു. എന്നാല്‍, കൊറോണ ലോകത്തെ പിടിച്ചുലച്ചപ്പോള്‍ ഈ തുടക്കക്കാരെയും അതു ബാധിച്ചു. കൂട്ടംകൂടിയുളള പരിപാടികള്‍ക്കു വിലക്കു വീണതോടെ ആകെ പ്രതിസന്ധിയിലാവുകയും ഒരുപാട് നഷ്ടം നേരിടുകയും ചെയ്തു. ആ സമയത്താണു സഹകരണ വകുപ്പ് 25 യുവ സഹകരണ സംഘങ്ങള്‍ക്കു തുടക്കം കുറിക്കുന്നു എന്ന വാര്‍ത്ത ഇവരിലേക്കെത്തിയത്. തങ്ങളുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കു പുതുജീവന്‍ നല്‍കാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് കെ- ട്രാക്ക് ഇവന്റ്‌സ് ആന്റ് സര്‍വീസ് യുവ സഹകരണ സംഘത്തിനു തുടക്കം കുറിച്ചു.

വൈവിധ്യമാര്‍ന്ന
സേവനങ്ങള്‍

2021 നവംബര്‍ ഒന്നിന് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലുടനീളം തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്റ്റേജ് ഡെക്കറേഷന്‍, വീഡിയോഗ്രഫി, ഫുഡ് ആന്റ് കാറ്ററിംഗ്, ബ്യൂട്ടി ആന്റ് ഡിസൈന്‍സ്, ട്രാവല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പാക്കേജാണു സംഘത്തിന്റെ ഇവന്റ് സര്‍വീസ്. ഇ- ഇന്‍ഡിജിനെസ് ഉല്‍പ്പന്നങ്ങള്‍, ഫാം ഫ്രഷ്, ഹാന്‍ഡ്‌ലൂം എന്നിവ ഉള്‍പ്പെടുന്ന പ്രൊഡക്ട് സര്‍വീസ്, വാഷിംഗ് ആന്റ്് അയണിംഗ്്, ടിക്കറ്റിംഗ്, ബാങ്കിംഗ് എന്നിവ ഉള്‍പ്പെടുന്ന ഡെലിവറി സര്‍വീസ് എന്നിവയിലൂടെ സേവന മേഖലയെ ത്വരിതപ്പെടുത്താന്‍ സംഘം ഉദ്ദേശിക്കുന്നു. നൂതന സാങ്കേതിക വിദ്യ വഴി വിവിധ സേവനങ്ങള്‍ നടപ്പാക്കുക, വിവിധ സേവന സംരംഭങ്ങളില്‍ സംഘത്തിന്റെ തനതു പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്യുക എന്നിവയാണ് ഈ യുവജന സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഇവന്റ്സ്, ഐ.ടി. മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കാണ് എ. ക്ലാസ് മെംബര്‍ഷിപ്പ് നല്‍കുന്നത്. നിലവില്‍ മൂന്നു ലക്ഷം രൂപയാണു സംഘത്തിന്റെ നിക്ഷേപം. എന്നാല്‍, ഭാവിയില്‍ അതു വര്‍ധിപ്പിക്കുമെന്നും ഇപ്പോള്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതു സംഘത്തിന് ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുക എന്നതിലാണെന്നും സംഘം പ്രസിഡന്റ് ജ്യോതിഷ് പറഞ്ഞു. കേരളത്തിലുടനീളം സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു തീരുമാനം. അതിനായി ഒരു മൊബൈല്‍ ആപ്പ് രൂപവത്കരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ആപ്പ് വഴി സംഘത്തിന്റെ സര്‍വീസ് എല്ലാവര്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സര്‍വീസ് പ്രൊവൈഡറായിട്ടാണ് ഈ ആപ്പിനു രൂപം നല്‍കുന്നത്. പുതിയ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍, ഫാം ഫ്രഷ്, ഹാന്‍ഡ്‌ലൂം, ഡെലിവറി സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു മള്‍ട്ടി പര്‍പ്പസ് ഫുള്‍ ആപ്ലിക്കേഷനായിട്ടാണ് ഇതു തയാറാക്കുന്നത്. സംഘത്തിന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങുക എന്നതാണു ഭാവിപരിപാടി. പ്രധാനമായും കര്‍ഷകര്‍ക്കു മുന്‍തൂക്കം നല്‍കിയായിരിക്കും യൂണിറ്റ് ആരംഭിക്കുക. അതിലൂടെ നിരവധി യുവാക്കള്‍ക്കു ജോലി നല്‍കാനും സാധിക്കും. ഒപ്പം, യുവാക്കളെ കൂടുതലായി സഹകരണ മേഖലയിലേക്കു കൊണ്ടുവരാനും ശ്രമിക്കുന്നു.

ജ്യോതിഷ് ആര്‍. വി (പസിഡന്റ്), ജിഷ എസ്.എല്‍ (വൈസ് പസിഡന്റ്), ജിജോ. സി.എം (ഓണററി സെക്രട്ടറി), സൂരജ് എസ്.എല്‍, അഖില്‍ രാജ്്. ഡി, രഞ്ജിത്ത് പി.എസ്, ആനി ബി.ആര്‍, ഗ്രീഷ്മ. ജെ. എന്നിവരാണു ഭരണസമിതി അംഗങ്ങള്‍.

ഇക്കഴിഞ്ഞ ഏപ്രിലില്‍ എറണാകുളത്തു നടന്ന സഹകരണ എക്‌സ്‌പോ – 2022 ലെ ഫുഡ് കോര്‍ട്ടില്‍ സജീവ സാന്നിധ്യമായിരുന്നു കെ- ട്രാക്ക് ഇവന്റ്‌സ് ആന്റ് സര്‍വീസ് യുവ സഹകരണ സംഘം. ഇവരുടെ രണ്ടു സ്റ്റാളുകളാണ് എക്സ്പോയിലുണ്ടായിരുന്നത്. സംഘത്തിന്റെ ആദ്യത്തെ ഏറ്റവും വലിയ ഇവന്റായിരുന്നു എക്സ്പോ. മികച്ച പ്രതികരണമാണ് എട്ടു ദിവസം നീണ്ട എക്സ്പോയില്‍ നിന്നു ലഭിച്ചത്.

Leave a Reply

Your email address will not be published.