ഇഫ്‌കോയുടെ ആദിത്യ യാദവ് ഐ.സി.എ. ഡയരക്ടര്‍ ബോര്‍ഡില്‍

Deepthi Vipin lal

ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവിലെ ( ഇഫ്‌കോ ) ആദിത്യ യാദവ് അന്താരാഷ്ട്ര സഹകരണ സഖ്യം ( ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് – ഐ.സി.എ ) ഡയരക്ടര്‍ ബോര്‍ഡംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡിലേക്കു ജയിച്ച 15 പേരില്‍ ഏറ്റവുമധികം വോട്ടു ലഭിച്ചവരില്‍ രണ്ടാമനാണു ഉത്തര്‍പ്രദേശുകാരനായ ആദിത്യ യാദവ്.

യു.പി. രാഷ്ട്രീയത്തിലെ പ്രബലനും മുന്‍ മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ സിങ് യാദവിന്റെ മകനായ ആദിത്യ യാദവ് ഏറെക്കാലമായി സഹകരണ രംഗത്തു സജീവമാണ്. ഇഫ്‌കോ ബോര്‍ഡംഗമായ ആദിത്യ പി.സി.എഫ്. ചെയര്‍മാനുമാണ്.

ഐ.സി.എ.യുടെ 15 അംഗ ബോര്‍ഡിലേക്കു വിവിധ രാജ്യങ്ങളില്‍ നിന്നായി 22 പേരാണു മത്സരിച്ചത്. ഇന്ത്യ, ബ്രസീല്‍, ഇറ്റലി, കെനിയ, സ്‌പെയിന്‍, ചൈന, അമേരിക്ക, ജപ്പാന്‍, ഇറാന്‍, കൊളംബിയ, ബള്‍ഗേറിയ, മലേഷ്യ, പരാഗ്വേ, ഫിന്‍ലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു ജയിച്ചത്. ബ്രസീല്‍ പ്രതിനിധിക്കാണു ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത്. രണ്ടാമത് ഇന്ത്യയില്‍ നിന്നുള്ള ആദിത്യ യാദവിനും.

സ്‌പെയിനിലെ സിസിലെയില്‍ ചേര്‍ന്ന ഐ.സി.എ. പൊതുസഭയിലാണു വോട്ടെടുപ്പു നടന്നത്. സംഘടനയുടെ പ്രസിഡന്റായി അര്‍ജന്റീനക്കാരനായ ഏരിയല്‍ ഗ്വാര്‍ക്കെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.