ഇന്ത്യയിലെ ആദ്യ സംഗീത സഹകരണ സംഘം കോഴിക്കോട് ആരംഭിക്കുന്നു.

adminmoonam

ഇന്ത്യയിലെ ആദ്യ സംഗീത സഹകരണ സംഘം കോഴിക്കോട് നിന്നും ശ്രുതി മീട്ടും.സപ്തസ്വരങ്ങൾക്കിനി സഹകരണ താളം. ഇന്ത്യയിലാദ്യമായി പാട്ടുകാർക്കും സംഗീതോപകരണ വിദഗ്ദർക്കും സഹകരണ സംഘം ആരംഭിക്കുന്നു. കോഴിക്കോടാണിതിന് തുടക്കമാവുന്നത്. കേരളത്തിലെ സംഗീതജ്ഞരുടെ സംഘബോധത്തിന് തുടക്കമിട്ട സംഗീത സംഘടനകളിലൊന്നായ കോഴിക്കോട്ടെ മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) എന്ന സംഘടനയാണ് അതിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഈയൊരാശയം മുന്നോട്ട് വെച്ചത്, ആദ്യം കോഴിക്കോട്ടെ മുഴുവൻ കലാകാരന്മാരേയും ഉൾക്കൊണ്ടു കൊണ്ട് രൂപീകരിക്കുകയും പിന്നീടതിനെ കേരളം മുഴുവൻ വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.

2019 ജൂലൈ 22 ന് കോഴിക്കോട് രജിസ്റ്റർ ചെയ്യപ്പെട്ട് ആഗസ്ത് O2 ന് പ്രഥമ പൊതുയോഗം ചേർന്ന് പ്രവർത്തനമാരംഭിച്ച കോഴിക്കോട് മ്യൂസിഷ്യൻസ് സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി (KMSWCS ) എന്ന സഹകരണ സംഘമാണ് ഇന്ത്യൻ സഹകരണ മേഖലയിൽ സംഗീത ചരിത്രം രചിക്കാൻ ഒരുങ്ങുന്നത്. നിലവിൽ സംഗീത ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു സഹകരണ സംഘം തമിൾ നാട്ടിലെ തഞ്ചാവൂരിൽ ഉണ്ടെന്നല്ലാതെ സംഗീതജ്ഞർക്കായുള്ള ആദ്യ സംഘമായിരിക്കും KMSWCS. അനിശ്ചിതത്വം നിറഞ്ഞ കലാ ജീവിതത്തിൽ സാമ്പത്തികമായ അച്ചടക്കവും മിതവ്യയ ശീലവും സമ്പാദ്യ മനോഭാവവും കലാകാരനിൽ വളർത്തുകയെന്നതാണ് സംഘത്തിന്റെ മുഖ്യ ലക്ഷ്യം. ഹൃസ്വകാല – മധ്യകാല വായ്പകൾ, ചിട്ടികൾ എന്നീ പ്രവർത്തനങ്ങളും സംഘം ലക്ഷ്യമിടുന്നു. ഗാന ഗന്ധർവ്വൻ കെ.ജെ. യേശുദാസ് മുഖ്യരക്ഷാധികാരിയായ MWA എന്ന സംഘടനയുടെ പ്രവർത്തകരാണിതിന് തുടക്കമിട്ടതെങ്കിലും മുഴുവൻ സംഗീത കലാകാരന്മാരേയും ഉൾകൊള്ളാൻ സംഘം ഭരണ സമിതി ഉദ്ദേശിക്കുന്നു. ഭാവഗായകൻ പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര, നിഷാദ് ,ഷഹബാസ് അമൻ, ശ്രീനിവാസ്, മൃദുല വാര്യർ,സംഗീത സംവിധായകൻ ശരത് , നടൻ വിനോദ് കോവൂർ എന്നിവർ സംഘത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നു. ഇന്ന് ഇംഗ്ലണ്ടിലെ Musicians Co-operatives മാത്രമാണ് ഇക്കാര്യത്തിൽ ലോക മാതൃകയായുള്ളത്.

KMSWCS ന്റെ ഔപചാരികമായ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ MP, MLA മാരായ എം.കെ.മുനീർ, എ.പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് അറുപതോളം സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ജനറൽ കൺവീനർ നൗഷാദ് അരീക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!