ഇനി ഇലക്ട്രിക് നിസാന്‍ വാഹനമെത്തും; കേരളത്തിലെ ടെക്‌നോളജിയുമായി

[email protected]

പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ നിസാന്‍ കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണവും സാങ്കേതിക വികസനവുമാണ് കേരളത്തില്‍ നടക്കുക. നിസാന്റെ ഡിജിറ്റല്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ തിരുവനന്തപുരത്ത് 30 ഏക്കര്‍ സ്ഥലം അനുവദിച്ചു. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുളള ടെക്‌നോസിറ്റിയിലാണിത്. രണ്ടാംഘട്ടത്തില്‍ 40 ഏക്കര്‍ം സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ ജപ്പാന്‍ കമ്പനിയായ നിസാന് അനുവാദം നല്‍കിയിട്ടുണ്ട്. നിസാന്‍, റെനോള്‍ട്ട്, മിത്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാണ കമ്പനികള്‍ക്കുവേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണ സംരംഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് തുടങ്ങുന്നത്.

സാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ പ്രവണതകളുടെ സങ്കേതകമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ.ടി വകുപ്പ് വിഭാവനം ചെയ്ത നോളജ് സിറ്റി നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ വരവോടെ യാഥാര്‍ഥ്യമാവുകയാണെന്ന് ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. കൂടുതല്‍ ആഗോള കമ്പനികളുടെ വരവിന് ഇത് തുടക്കമാവും. ഈ മാസം അവസാനമോ ജൂലൈ ആദ്യവാരമോ നിസാനുമായുളള ധാരണാപത്രത്തില്‍ ഒപ്പു വെക്കുമെന്നും ഋഷികേശ് നായര്‍ അറിയിച്ചു. .

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗയമുനാ കെട്ടിട സമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാണ് നിസാന്‍ ഉദ്ദേശിക്കുന്നത്. ടെക്‌നോസിറ്റിയിലെ ഐ.ടി. കെട്ടിട സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേര്‍ക്ക് നേരിട്ടും ഇതിന്റെ പത്തിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊഗ്‌നിറ്റിവ് അനലക്ടിസ്, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ടെക്‌നോസിറ്റിയില്‍ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാമേഖലയ്ക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാന്‍ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.

ഐ.ടി. വിദഗ്ധരുടെ സാന്നിധ്യം, മികച്ച ജീവിത സാഹചര്യങ്ങള്‍, വിമാനത്താവളവുമായുളള സാമീപ്യം, ട്രാഫിക് കുരുക്കില്ലാത്ത ഹരിത നഗരം, ഇവിടെനിന്നും വളര്‍ന്നു വിജയിച്ച കമ്പനികളുടെ അനുഭവം, സര്‍ക്കാര്‍ തലത്തില്‍ നിന്നുളള പിന്തുണ തുടങ്ങിയവയാണ് ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പ്രേരണയായതെന്ന് നിസാന്‍ അധികൃതര്‍ അറിയിച്ചു. ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരിസ്, അമേരിക്കയിലെ നാഷ്‌വില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റല്‍ ഹബ്ബുകള്‍ ഉളളത്. ടെക്‌നോളജി വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാനില്‍ നിന്നുളള സംരംഭം കിഴക്കനേഷ്യന്‍ രാജ്യങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിസാനും റെനോള്‍ട്ടും മിത്‌സുബിഷിയും ചേര്‍ന്ന് 2022 നകം 17 ഇലക്ട്രിക് കാറുകളുടെ മോഡല്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 ദശലക്ഷം ഡോളര്‍ വാര്‍ഷിക വില്‍പ്പനയാണ് ലക്ഷ്യം.

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയമാണ് നിസാനെ ബഹുരാഷ്ട്ര കമ്പനിയെ കേരളത്തിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഹൈപവര്‍ ഐ.ടി. കമ്മിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുമാണ് ഇപ്പോള്‍ ഫലം കണ്ടത്. ഇന്‍ഫോസിസ് സഹ സ്ഥാപകരില്‍ ഒരാളായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഐ.ടി. വിദഗ്ധര്‍ അടങ്ങിയ 12 അംഗ സംഘമാണ് ഹൈപവര്‍ ഐ.ടി. കമ്മിറ്റിയിലുളളത്.

2018 മാര്‍ച്ച് 18ന് ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍, കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എം. എബ്രഹാം, സംസ്ഥാന ഐ.ടി. പാര്‍ക്കുകളുടെ സി.ഇ.ഒ. ഋഷികേശ് നായര്‍ തുടങ്ങിയവര്‍ ജപ്പാനിലെ യോക്കോഹാമയിലുളള നിസാന്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ച് നിസാന്‍ അധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് നിസാന്‍ മേധാവികള്‍ തിരുവനന്തപുരത്ത് വന്ന് മുഖ്യമന്ത്രിയുമായും പ്രധാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് വ്യവസായം തുടങ്ങാന്‍ നിസാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!