ആദായനികുതി തര്‍ക്കത്തിന് അറുതിവേണം

[mbzauthor]

കേരളത്തിലെ സഹകരണ സംഘങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന ഇടപെടലിന് അറുതി വരുത്തേണ്ടിയിരിക്കുന്നു. ഇതില്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ കാഴ്ചക്കാരന്റെ റോളില്‍നിന്ന് ആദായനികുതി വകുപ്പിന്റെ നിയമവിരുദ്ധ ഇടപെടലിനെ സഹായിക്കുന്ന നിലയിലേക്ക് മാറിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആദായനികുതി വകുപ്പിലെ 80 (പി ) വകുപ്പനുസരിച്ചുള്ള ഇളവിന് സഹകരണ സംഘങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കേരളത്തിന് പുറത്തുള്ള ഹൈക്കോടതികളും ട്രിബുണലുകളും വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നാണ് ഈ വിധികളുടെ സാരാംശം. അതനുസരിച്ച്, കേരളത്തിന് പുറത്തുള്ള എല്ലാ വിഭാഗം സംഘങ്ങള്‍ക്കും നികുതിയിളവ് ലഭിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കും പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കും മാത്രമാണ് ഇളവ് ലഭിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ സഹകരണസംഘം രജിസ്ട്രാറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കൂടുതല്‍ അന്വേഷണം നടത്താതെ 80 (പി ) വകുപ്പിലെ ഇളവ് അനുവദിക്കണമെന്ന് കേരള ഹൈക്കോടതി 2016 ഫെബ്രുവരി 15ന് നല്‍കിയ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ മറ്റ് സഹകരണ സംഘങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്നില്ലെന്നു മാത്രമല്ല, പ്രാഥമിക സഹകരണ ബാങ്കുകളെ വേട്ടയാടുന്ന രീതിയും ആദായനികുതി വകുപ്പ് സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ‘ ബാങ്ക് ‘ എന്നു പേരിനൊപ്പം ചേര്‍ത്താല്‍ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ നിക്ഷേപത്തില്‍നിന്ന് നികുതി പിടിക്കണമെന്നു നിര്‍ദേശിച്ചത്. ജില്ലാബാങ്കുകളോടും ട്രഷറികളോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ബാങ്ക് എന്നു പേരിനൊപ്പം ചേര്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട അധികാരി ആദായനികുതി വകുപ്പല്ല. അതിന് റിസര്‍വ് ബാങ്ക് അവരെ ചുമതലപ്പെടുത്തിയിട്ടുമില്ല. എന്നിട്ടും , ഇത്തരമൊരു നിര്‍ദേശം ആദായനികുതി വകുപ്പ് നല്‍കുമ്പോള്‍ അത് പാലിക്കേണ്ടതാണോയെന്ന് സര്‍ക്കുലര്‍ ഇറക്കുന്നതിന് മുമ്പ് ട്രഷറി വകുപ്പ് ഡയരക്ടര്‍ ആലോചിക്കേണ്ടതായിരുന്നു. നിക്ഷേപത്തിന്റെ പലിശയ്ക്ക് ഉറവിടത്തില്‍നിന്ന് ആദായനികുതി പിടിക്കണമെന്ന് നിര്‍ദേശിക്കാനും പരിശോധിക്കാനുമുള്ള ചുമതല ആദായനികുതി വകുപ്പിനുണ്ട്. അതില്‍ സഹകാരികള്‍ക്ക് തര്‍ക്കമോ വിയോജിപ്പോ ഇല്ല. പക്ഷേ, നിയമപരമായി അനുവദിക്കപ്പെട്ട നികുതിയിളവ് കിട്ടാന്‍ നിരന്തരം കോടതി കയറുകയും വകുപ്പിനോട് യുദ്ധം ചെയ്യുകയും വേണം എന്നു വരുന്നത് സഹകരണ സംഘങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടും ധനനഷ്ടവും ഉണ്ടാക്കുന്നുണ്ട്. ട്രഷറിയിലും ജില്ലാ ബാങ്കുകളിലുമുള്ള സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന് നികുതി പിടിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇനിയും ഈ ചടങ്ങുകള്‍ ആവര്‍ത്തിക്കും. സംഘങ്ങള്‍ സ്വരൂപിക്കുന്ന പണം ഇനിയും വ്യവഹാരത്തിനായി ചെലവഴിക്കേണ്ടിവരും. കേസ് നടത്തിത്തീര്‍ക്കാനുള്ളതല്ല സഹകരണ സംഘങ്ങളുടെ പണം. തമ്മിലടിച്ച് നിര്‍വൃതിയടയുകയല്ല സര്‍ക്കാര്‍വകുപ്പുകളുടെ പ്രവര്‍ത്തനലക്ഷ്യം. അതിനാല്‍, ഇനിയെങ്കിലും ആദായനികുതി തര്‍ക്കത്തിന് ഒരു പരിഹാരമുണ്ടാക്കണം. അതിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

[mbzshare]

Leave a Reply

Your email address will not be published.