ആഗോള സാഹചര്യം വിലയിരുത്തിയേ വിദേശപഠനത്തിനു മുതിരാവൂ

[mbzauthor]

വികസിതരാജ്യങ്ങളില്‍ തൊഴില്‍ ലക്ഷ്യമിട്ട് പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. പഠനച്ചെലവിനായി പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യാനാഗ്രഹിച്ചു വിദേശത്തെത്തുന്ന വിദ്യാര്‍ഥികളില്‍ പലര്‍ക്കും യോജിച്ച തൊഴില്‍ കണ്ടെത്താനാവാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ബാങ്കുകളില്‍നിന്നു വലിയ തുക വായ്പയെടുത്തു വിദേശപഠനത്തിന് ഒരുങ്ങുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കി ശ്രദ്ധയോടെവേണം ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങാന്‍ എന്നാണു പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ വിദഗ്ധനായ ലേഖകന്‍ പറയുന്നത്.

ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ കൂടുതലായി വിദേശരാജ്യങ്ങളിലേക്കു പോകുമ്പോള്‍ വികസിത രാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ കുറയുന്നതായാണു പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യു.കെ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളിലും ഇത്തരം പ്രവണത കൂടുതലായി കണ്ടുവരുന്നു. യു.കെ, അയര്‍ലന്റ്, സ്‌കോട്‌ലാന്റ്്, വെയില്‍സ്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, പോളണ്ട്, ഹംഗറി, ലിത്വാനിയ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിസന്ധി തുടങ്ങിയതായി വിദേശപഠനത്തിനെത്തുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ട് ടൈം തൊഴിലിനുള്ള അവസരങ്ങള്‍ കുറയുന്നു. പഠനച്ചെലവിനായി പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യാനാഗ്രഹിച്ചു വിദേശത്തെത്തുന്ന വിദ്യാര്‍ഥികള്‍ക്കു അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം തൊഴില്‍ചെയ്യാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള അവസരങ്ങള്‍ അവര്‍തന്നെ കണ്ടെത്തണമെന്നു സര്‍വകലാശാലകളും കോളേജുകളും നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, യോജിച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കുന്നില്ല. പലപ്പോഴും തൊഴിലിനായി രണ്ടു ഡസനോളം തൊഴില്‍ദാതാക്കളെ സമീപിച്ചു നിരാശരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

പഠനവും
തൊഴിലും

ലഭിക്കുന്ന പാര്‍ട്ട് ടൈം തൊഴിലുകള്‍ കാമ്പസില്‍ നിന്നു വളരെ ദൂരത്തായതിനാല്‍ പലര്‍ക്കും പഠനവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടേണ്ടിവരുന്നു. പാര്‍ട്ട് ടൈം തൊഴിലിനുള്ള വര്‍ധിച്ച സമ്മര്‍ദം മൂലം വേതനത്തിലും കാര്യമായ ഇടിവുണ്ട്. മണിക്കൂറിനു 12 പൗണ്ടിലേറെ ലഭിക്കുമെങ്കിലും അഞ്ചു പൗണ്ടിനും തൊഴില്‍ ചെയ്യേണ്ടിവരുന്ന വിദ്യാര്‍ഥികളുണ്ട്. വിദ്യാര്‍ഥികള്‍ കെയര്‍ഹോമുകളിലും ഓള്‍ഡ് ഏജ് കേന്ദ്രങ്ങളിലും തൊഴിലിനെത്തുന്നു. അവിടെയുള്ള തൊഴില്‍സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ അണുകുടുംബങ്ങളില്‍ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഏറെ ബുദ്ധിമുട്ടേണ്ടിവരും. അവര്‍ സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത കഠിനമായ കൂലിപ്പണികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. പോസ്റ്റ് സ്റ്റഡി തൊഴില്‍വിസയിലും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യു.കെ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഭീമമായ വാടകയാണ് അന്താരാഷ്ട്രവിദ്യാര്‍ഥികളില്‍ നിന്ന്
ഈടാക്കുന്നത്. ജീവിതച്ചെലവും വളരെ കൂടുതലാണ്. യു.കെ.യിലും അയര്‍ലന്റിലും കാമ്പസില്‍ താമസസൗകര്യം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വാടകയും കൂടുതലാണ്. മികച്ച താമസസ്ഥലത്തിനായി അപ്പാര്‍ട്ട്‌മെന്റുകള്‍ തേടിയുള്ള യാത്ര അവരെയെത്തിക്കുന്നതു കാമ്പസില്‍ നിന്നു വളരെ അകലെയായിരിക്കും.

ഇപ്പോള്‍ അണ്ടര്‍ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും വളരെ കുറവാണ്. ഭീമമായ തുക വായ്പയെടുത്താണു രക്ഷിതാക്കള്‍ മക്കളെ വിദേശത്തു പഠിക്കാന്‍ വിടുന്നത്. വിദേശ കാമ്പസ്സുകളിലെത്തിക്കഴിഞ്ഞാലുള്ള ബുദ്ധിമുട്ടുകള്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ അറിയിക്കാറില്ല. വേതനത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര വിദ്യാര്‍ഥികളോടുള്ള അനീതി പലയിടത്തുമുണ്ട്.

ജീവിതച്ചെലവ്
വിലയിരുത്തണം

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ എല്ലാ കാര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാവൂ. പ്ലസ്ടുവിനുശേഷമുള്ള അണ്ടര്‍ഗ്രാജുവേറ്റ് പഠനത്തിനു സ്‌കോളര്‍ഷിപ്പുകള്‍ തീരെ കുറവാണ്. സമാനസ്വഭാവമുള്ള കോഴ്‌സുകള്‍ ഇന്ത്യയില്‍ ചെയ്യുന്നതാണു നല്ലത്. വിദേശപഠനത്തിനായി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ പുത്തന്‍ ഇന്നൊവേറ്റീവ് കോഴ്‌സുകളായിരിക്കണം. ജീവിതച്ചെലവ് പ്രത്യേകം വിലയിരുത്തണം. മികച്ച റാങ്കിങ്ങുള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കണം. സ്‌കോളര്‍ഷിപ്പ്, അസിസ്റ്റന്റ്ഷിപ്പ്, ഫെലോഷിപ്പ് എന്നിവയ്ക്കുള്ള സാധ്യതകള്‍ അറിയണം. അംഗീകാരമില്ലാത്ത ഏജന്‍സികളുടെ തെറ്റായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്. താല്‍പ്പര്യം, അഭിരുചി, പ്രസക്തി, ലക്ഷ്യം, തൊഴില്‍, ഗവേഷണസാധ്യതകള്‍ എന്നിവ വിലയിരുത്തിയേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ. വിദേശപഠനം പൂര്‍ത്തിയാക്കി മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാതെ നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുണ്ട്. വിദേശകാമ്പസുകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തണം. ഏജന്‍സി നിഷ്‌കര്‍ഷിക്കുന്ന കോഴ്‌സുകള്‍ തിരഞ്ഞെടുക്കരുത്. ധൃതി പിടിച്ചു തീരുമാനമെടുക്കരുത്. രക്ഷിതാവിന്റെ സാമ്പത്തികസ്ഥിതി, വായ്പയെടുക്കാനുള്ള ശേഷി എന്നിവ പ്രത്യേകം വിലയിരുത്തണം. യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിനെത്തി പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചു തൊഴില്‍ ചെയ്യുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. ഇതും സുസ്ഥിര തൊഴില്‍മേഖലയിലെത്താന്‍ സഹായിക്കില്ല എന്ന കാര്യം ഓര്‍ക്കണം. ഈയിടെ ചൈനയിലെ (ബെയ്ജിങ്) ടൂറിസ്റ്റ്‌കേന്ദ്രത്തില്‍ ഹോട്ടല്‍ നടത്തുന്ന മലയാളികളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞതു ചൈനയിലെ മെഡിക്കല്‍പഠനം ഉപേക്ഷിച്ചാണ് ഞങ്ങള്‍ ഈ മേഖലയിലെത്തിയത് എന്നായിരുന്നു. റഷ്യയിലും പോളണ്ടിലും സമാനഅവസ്ഥ കണ്ടുവരുന്നുണ്ട്.

സ്‌കോളര്‍ഷിപ്പിനു
ശ്രമിക്കണം

അഡ്മിഷന്‍ ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പിനുവേണ്ടി ഒരു വര്‍ഷം കാത്തിരിക്കുന്നതില്‍ തെറ്റില്ല. ഈ കാലയളവില്‍ നിരവധി സാമ്പത്തിക സ്രോതസ്സുകള്‍ക്കു അപേക്ഷിക്കാം. വിദേശരാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യാഗവണ്മെന്റ് നല്‍കിവരുന്ന നിരവധി സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. പാര്‍ട്ട് ടൈം തൊഴില്‍ ലക്ഷ്യമിട്ടു വിദേശപഠനത്തിനു മുതിരരുത്. എല്ലാ രാജ്യങ്ങളിലും തദ്ദേശീയര്‍ക്കുള്ള മുന്‍ഗണന അനുദിനം വര്‍ധിച്ചുവരികയാണ്. യു.കെ.യില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ അവിടത്തെ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നുണ്ട്. യു.കെ. പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്ക് വന്നതോടെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, യു.കെ. പൗരന്മാര്‍ക്കു തൊഴില്‍മേഖലയിലുള്ള മുന്‍ഗണനാക്രമം ഇപ്പോള്‍ വര്‍ധിച്ചു വരുന്നതായാണു കാണുന്നത്. അതേസമയം, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. അമേരിക്കയില്‍ കുറഞ്ഞ പ്രതിവര്‍ഷശമ്പളം 70,000 ഡോളറായിരിക്കണമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനവും നിലവിലുണ്ട്.

കോവിഡാനന്തരമുള്ള ആഗോള സാമ്പത്തികമാന്ദ്യമാണു തൊഴില്‍മേഖലയെ പ്രതികൂലമായി ബാധിക്കുന്നത്. ജര്‍മനിയിലും ഫ്രാന്‍സിലും നെതെര്‍ലാന്‍ഡ്സിലും യു.കെ. യിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ തുടരുന്നു. ജര്‍മനിയില്‍ ജര്‍മന്‍ ഭാഷയില്‍ മികച്ച പ്രാവീണ്യമുള്ളവര്‍ക്കു ( ബി2 / സി1 ) മാത്രമേ പാര്‍ട്ട് ടൈം തൊഴില്‍വരെ ലഭിക്കൂ. റഷ്യന്‍- യുക്രൈന്‍ യുദ്ധം, രാഷ്ട്രീയ അരക്ഷിതാവസ്ഥ എന്നിവ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവരുന്നു. കാര്‍ഷിക, വ്യവസായ, സേവനമേഖലകളിലും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നു. ആഗോളസാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള വ്യക്തമായ തീരുമാനം വിദേശപഠനത്തിനു തയാറെടുക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്വീകരിക്കേണ്ടതാണ്. സാധ്യതകള്‍ വിലയിരുത്തുന്നതോടൊപ്പം ഓരോ രാജ്യത്തെയും സാമ്പത്തികസ്ഥിതി, സുരക്ഷാകാര്യങ്ങള്‍, തൊഴില്‍ലഭ്യത എന്നിവ വിലയിരുത്താന്‍ മറക്കരുത്.

ലോകറാങ്കിങ്
വിലയിരുത്തണം

വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലോകറാങ്കിങ് വിലയിരുത്തി മാത്രമേ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കാവൂ. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍, ഝട റാങ്കിങ്, അങആഅ റാങ്കിങ് എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം. അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളിലുമുണ്ട്. ലോകറാങ്കിങ്ങിലുള്ള സര്‍വകലാശാലകളുടെ സമാനപേരും അവരുടെ പ്രത്യേകതയാണ്. അംഗീകാരമില്ലാത്ത വിദേശ വിദ്യാഭ്യാസ ഏജന്‍സികള്‍, കണ്‍സള്‍ട്ടന്‍സികള്‍ എന്നിവയെ വിശ്വസിക്കരുത്. ആകര്‍ഷകമായ വെബ്‌സൈറ്റ് വിലയിരുത്തി അഡ്മിഷനു മുതിരരുത്.

വിദേശവിദ്യാഭ്യാസത്തിനു ഇടനിലക്കാരുടെ ആവശ്യമില്ല. വിദ്യാര്‍ഥികള്‍ക്ക് അവരിഷ്ടപ്പെടുന്ന രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്തി ഓണ്‍ലൈനായി അപേക്ഷിക്കാം. ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന കോഴ്‌സുകള്‍ക്കല്ല, വിദ്യാര്‍ഥിയുടെ താല്‍പ്പര്യം, അഭിരുചി, പഠിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തിയുള്ള കോഴ്‌സുകളാണു കണ്ടെത്തേണ്ടത്. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയാല്‍ വിസക്കും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസക്കും തടസ്സങ്ങളുണ്ടാകും. വിദേശപഠനത്തിനു വ്യക്തമായ പ്ലാനിംഗ് വേണം. വിദേശപഠനത്തിനു ചെലവും കൂടുതലാണ്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, പാര്‍ടൈം തൊഴില്‍ എന്നിവ ലക്ഷ്യമിട്ട് ഭീമമായ തുക വായ്പയെടുത്തു വിദേശപഠനത്തിനു ശ്രമിക്കരുത്. അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പിനോ ഫെലോഷിപ്പിനോ അസിസ്റ്റന്റ്ഷിപ്പിനോ ശ്രമിക്കണം.

ലോജിസ്റ്റിക്‌സ്  കോഴ്‌സുകള്‍ക്ക് സാധ്യത  കൂടുന്നു

അടുത്തകാലത്തായി ലോജിസ്റ്റിക്‌സ് കോഴ്‌സുകള്‍ക്കു സാധ്യതയേറിവരികയാണ്. ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ആവശ്യക്കാരിലെത്തിക്കുന്ന പ്രക്രിയയാണു ലോജിസ്റ്റിക്‌സ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഉള്‍പ്പെടുന്ന മേഖലയാണിത്. ലോകത്തെമ്പാടുമുള്ള ഷിപ്പിംഗ്, എയര്‍ലൈന്‍, റോഡ്ഗതാഗതം, ഫ്രൈറ്റ് ഫോര്‍വേഡിങ്, കയറ്റുമതി, ഇറക്കുമതി, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓഫീസ് നിര്‍വഹണം, കസ്റ്റമര്‍ സര്‍വീസ്, ഡോക്യൂമെന്റേഷന്‍ എന്നിവയെല്ലാം ലോജിസ്റ്റിക്‌സില്‍പ്പെടുന്നു. ഇതിനായി ലോജിസ്റ്റിക് മാനേജ്‌മെന്റ് വിദഗ്ധരുടെ ആവശ്യകതയേറെയാണ്. രാജ്യത്തു പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ലോജിസ്റ്റിക്‌സ് വിദഗ്ധരെ ആവശ്യമുണ്ട്. വ്യാപാര വിനിമയ രംഗത്ത് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ലോജിസ്റ്റിക് വിദഗ്ധര്‍ക്കാകും.

രാജ്യത്തിനകത്തും വിദേശത്തും ലോജിസ്റ്റിക് കോഴ്‌സുകള്‍ക്കു സാധ്യത വര്‍ധിക്കുന്നുണ്ട്. ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്‌സുകള്‍ക്കാണു സാധ്യത കൂടുതല്‍. രാജ്യത്തെ ലോജിസ്റ്റിക് കമ്പനികള്‍ക്ക് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സില്‍ മികച്ച തൊഴില്‍ നൈപുണ്യമുള്ളവരെ ആവശ്യമുണ്ട്. നിരവധി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഡിപ്ലോമാ പ്രോഗ്രാമുകള്‍ ലോജിസ്റ്റിക്‌സ് മേഖലയിലുണ്ട്. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കു ബി.ബി.എ /ബി.കോം ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിനു ചേരാം. ഇതില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ബിരുദധാരികള്‍ക്ക് എം.ബി.എ /പി.ജി. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിനു ചേരാം. കൂടാതെ, നിരവധി ഹ്രസ്വകാല സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളുമുണ്ട്. ഇന്റര്‍നാഷണല്‍ ഓഷ്യന്‍ ഫ്രൈറ്റ് ലോജിസ്റ്റിക്‌സ് പ്രൊഫഷണല്‍ ഒരു മാസത്തെ മികച്ച സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ്. ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ മികച്ച ലോജിസ്റ്റിക് പ്രോഗ്രാമുണ്ട്. കൊച്ചിയിലെ ഫിഷറീസ് സര്‍വകലാശാല, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സുകളുണ്ട്. കളമശ്ശേരിയിലെ എസ്.സി.എം. ഹബ്ബിലും മികച്ച കാമ്പസ് പ്ലേസ്‌മെന്റുണ്ട്. ലോജിസ്റ്റിക് മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയവര്‍ക്കു അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച അവസരങ്ങളുണ്ട്. ഉപരിപഠന സാധ്യതകളേറെയുള്ള മേഖല കൂടിയാണിത്. രാജ്യത്തു പോര്‍ട്ടുകളും വിമാനത്താവളങ്ങളും കാര്‍ഗോ സിസ്റ്റവും കൂടുതലായി രൂപപ്പെടുമ്പോള്‍ മികച്ച സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്‌രീതി പ്രാവര്‍ത്തികമാക്കാന്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് വിദഗ്ധര്‍ക്കാകും.

അംഗീകാരമുള്ളിടത്തേ
പഠിക്കാവൂ

വിഴിഞ്ഞം പോര്‍ട്ട് ആരംഭിക്കുന്നതോടെ പോര്‍ട്ട് മാനേജ്‌മെന്റിനോടൊപ്പം ലോജിസ്റ്റിക്‌സ് തൊഴിലുകള്‍ക്കും സാധ്യതയേറും. ഉപരിതല ഗതാഗതമേഖലയിലും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലും ലോജിസ്റ്റിക്‌സിന് അനന്തസാധ്യതകളുണ്ട്. ജലഗതാഗത സാധ്യതകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ താല്‍പ്പര്യം, അഭിരുചി എന്നിവ പ്രത്യേകം വിലയിരുത്തണം. അംഗീകാരമുള്ള ലോജിസ്റ്റിക് സ്‌കൂളുകളില്‍ മാത്രമേ ചേരാവൂ. പ്ലേസ്‌മെന്റ്, യോഗ്യരായ അധ്യാപകര്‍, ഭൗതികസൗകര്യം, വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം.

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിന് ആഗോളഭൂപടത്തില്‍ വലിയ സ്ഥാനമാണുണ്ടാകാന്‍ പോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍ഷിപ്പ്‌മെന്റ് കണ്ടൈനര്‍ ടെര്‍മിനലാകും വിഴിഞ്ഞം പോര്‍ട്ട്. അന്താരാഷ്ട്ര കപ്പല്‍ഗതാഗത റൂട്ടില്‍ ഇന്ത്യന്‍ കടലോരത്തു മധ്യഭാഗത്തു വരുന്ന പോര്‍ട്ട് ആഗോളറൂട്ടുമായി ഏറ്റവുമടുത്താണു സ്ഥിതിചെയ്യുന്നത്. സാങ്കേതികവിദ്യ, യന്ത്രവത്കരണം എന്നിവയില്‍ വിഴിഞ്ഞം പോര്‍ട്ടിന് ഏറെ പ്രത്യേകതകളുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമായാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണു വരാനിരിക്കുന്നത്. ലോകത്ത് ഉപരിതല, വ്യോമ ഗതാഗതത്തെ അപേക്ഷിച്ചു കടല്‍വഴിയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍തല തൊഴിലുകള്‍ രൂപപ്പെടും. മാരിടൈം മേഖലയില്‍ സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, സ്‌കില്‍ വികസനം എന്നിവ കൈവരിച്ചവരുടെ എണ്ണം വളരെ കുറവാണ്. തൊഴില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ ലഭ്യമായതും ആവശ്യമായതും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ഈ രംഗത്തു തൊഴില്‍നൈപുണ്യമുള്ളവരുടെ എണ്ണം ആകെ ആവശ്യമുള്ളതിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കു സാങ്കേതികമേഖലയില്‍ യഥേഷ്ടം അവസരങ്ങള്‍ ലഭിക്കും.

ഷിപ്പിംഗ് കമ്പനികളില്‍
അവസരം

ലോജിസ്റ്റിക് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, മാരിടൈം എഞ്ചിനീയറിംഗ്, ഷിപ്പ് ബില്‍ഡിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്കു നിരവധി തൊഴിലവസരങ്ങളാണു വിഴിഞ്ഞം പോര്‍ട്ടിലുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗോളതലത്തില്‍ വിദേശ, ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികളില്‍ അവസരങ്ങള്‍ ലഭിക്കും. അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ബിസിനസ് എക്കണോമിക്‌സ്, ഡാറ്റാ മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാര വിനിമയ കോഴ്‌സുകള്‍, ഫിഷറീസ് ടെക്‌നോളജി, സംസ്‌കരണം, വിപണനം, ഗുണനിലവാരം ഉറപ്പുവരുത്തല്‍, കയറ്റുമതി എന്നിവയില്‍ മികച്ച അവസരങ്ങള്‍ മലയാളികള്‍ക്കു ലഭിക്കും. ഓസ്‌ടേലിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലും അമേരിക്കയിലും മികച്ച തൊഴിലവസരങ്ങള്‍ ഷിപ്പിംഗ് ആന്റ്് ലോജിസ്റ്റിക് സാങ്കേതികമേഖലയിലാണെന്ന് അറിയണം.. മാരിടൈം നിയമം, ഫിഷറീസ് ആന്റ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കല്‍ സ്റ്റഡീസ്, കാലാവസ്ഥാവ്യതിയാനം, പോര്‍ട്ട് മാനേജ്‌മെന്റ്, പോര്‍ട്ട് ഓപ്പറേഷന്‍സ്, മാരിടൈം സപ്ലൈ ചെയിന്‍ മാനേജമെന്റ്, ബി.ബി.എ, എം.ബി.എ. പ്രോഗ്രാമുകള്‍ തുടങ്ങി 10, 12 ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദധാരികള്‍ക്കും ചെയ്യാവുന്ന നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളുണ്ട്. ബിരുദധാരികള്‍ക്കു ചെയ്യാവുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്. സുസ്ഥിര വികസനത്തില്‍ ഏറെ ഗവേഷണ സാധ്യതകളുമുണ്ട്

ഗ്ലോബല്‍ സ്‌കില്‍സ്  റിപ്പോര്‍ട്ടും  എന്‍.ഐ.ആര്‍.എഫ്  റാങ്കിങ്ങും

ഈയിടെയാണു ഗ്ലോബല്‍ സ്‌കില്‍സ് -2023 ഉം എട്ടാമത് എന്‍.ഐ.ആര്‍.എഫ.് റാങ്കിങ്ങും പുറത്തിറങ്ങിയത്. ഡിജിറ്റലൈസേഷന്‍, ഓട്ടോമേഷന്‍, ആഗോളവത്കരണം എന്നിവയുടെ പശ്ചാത്തലത്തില്‍ തൊഴില്‍മേഖലയില്‍ നൈപുണ്യവികസനത്തിനു പ്രസക്തിയേറുന്നുവെന്നാണു 2023 ലെ ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അപ് സ്‌കില്ലിങ്, റീ സ്‌കില്ലിങ് എന്നിവയ്ക്കു പ്രസക്തി കൂടുന്നു. ലോക സാമ്പത്തികഫോറത്തിന്റെ റിപ്പോര്‍ട്ടിലും 60 ശതമാനം തൊഴിലാളികള്‍ക്കു 2027 നുള്ളില്‍ തുടര്‍പരിശീലനം ആവശ്യമായി വരുമെന്നു പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളില്‍ നിന്നുള്ള 124 ദശലക്ഷം പഠിതാക്കളില്‍ നിന്നുള്ള ഡാറ്റ വിലയിരുത്തിയാണു ഗ്ലോബല്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

തൊഴില്‍മേഖലയില്‍ ആവശ്യമായ സ്‌കില്‍ എത്രത്തോളമുണ്ട്, ഏറ്റവും കൂടുതലായി നിലവിലുള്ള സ്‌കില്ലുകള്‍ ഏതൊക്കെയാണ്, തൊഴില്‍മേഖലയില്‍ ഡിജിറ്റല്‍ സ്‌കില്ലുകള്‍ എത്രത്തോളം ആവശ്യമുണ്ട് എന്നീ കാര്യങ്ങള്‍ക്കാണു റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവയാണ് : സാമ്പത്തികവളര്‍ച്ച സ്‌കില്‍ പ്രാവീണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനം സാമ്പത്തികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബിരുദാനന്തര യോഗ്യതയുള്ളവരാണ് എ.ഐ. അധിഷ്ഠിത സ്‌കില്ലുകള്‍ സ്വായത്തമാക്കുന്നത്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ താല്‍പ്പര്യപ്പെടുന്നു.

ബിസിനസ്, ടെക്‌നോളജി, ഡാറ്റ സയന്‍സ് സ്‌കില്ലുകള്‍ക്കാണു ലോകമെങ്ങും പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡര്‍ഷിപ്പ് മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, സ്ട്രാറ്റജി ആന്റ് ഓപ്പറേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സ്‌കില്ലുകള്‍ക്ക് ആവശ്യകതയേറുന്നു. ഓഡിറ്റിംഗ്, പീപ്പിള്‍ മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ് എന്നിവ ഇവയില്‍പ്പെടുന്നു. ടെക്‌നോളജി സ്‌കില്ലുകളില്‍ ക്ളൗഡ് കമ്പ്യൂട്ടിങ്, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ഡാറ്റാബേസ്, മൊബൈല്‍ ഡവലപ്‌മെന്റ്, ഓപ്പറേഷന്‍സ് സിസ്റ്റംസ്, സെക്യൂരിറ്റി എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, വെബ് ഡവലപ്‌മെന്റ് എന്നിവയ്ക്കു പ്രാധാന്യം കൂടിവരുന്നു. സൈബര്‍ സെക്യൂരിറ്റി, ആന്‍ഡ്രോയിഡ് ഡവലപ്‌മെന്റ്, സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചര്‍, അല്‍ഗൊരിതംസ് എന്നിവയ്ക്കാണു സാധ്യതയേറുന്നത്. ഡാറ്റ സയന്‍സില്‍ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷന്‍, മെഷീന്‍ ലേണിംഗ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, എപ്പിഡെമിയോളജി എന്നിവ ഉള്‍പ്പെടുന്നു.

ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് ഡവലപ്‌മെന്റ്, സപ്ലൈ ചെയിന്‍ സിസ്റ്റംസ്, ബജറ്റ് മാനേജ്മെന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, സ്ട്രാറ്റജി ആന്റ് ഓപ്പറേഷന്‍സ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴില്‍ നൈപുണ്യമേഖലകളാണ്. രാജ്യത്തു പശ്ചിമ ബംഗാള്‍ ഡാറ്റ സയന്‍സ് സ്‌കില്ലില്‍ ഒന്നാം സ്ഥാനത്താണ്. കേരളം സെക്യൂരിറ്റി എഞ്ചിനിയറിങ്ങില്‍ മുന്നിലാണ്.

ഗുണനിലവാരത്തിന്റെ
അളവുകോല്‍

ഈയിടെ പ്രസിദ്ധീകരിച്ച എട്ടാമത് എന്‍.ഐ.ആര്‍.എഫ് – ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് – ഫ്രെയിം വര്‍ക്കിനെക്കുറിച്ചു ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. സ്ഥാപനങ്ങളുടെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ് ഗുണനിലവാരത്തിന്റെ
അളവുകോലാണ്. എന്‍.ഐ.ആര്‍.എഫി ല്‍ സര്‍വകലാശാലകള്‍, കോളേജുകള്‍, ഗവേഷണസ്ഥാപനങ്ങള്‍, ഇന്നോവേഷന്‍ സ്ഥാപനങ്ങള്‍, മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍പ്പെടുന്ന സ്ഥാപനങ്ങളെയാണു വിലയിരുത്തുന്നത്. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, അഗ്രിക്കള്‍ച്ചര്‍, അലൈഡ് അഗ്രിക്കള്‍ച്ചര്‍, നിയമം, ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് മേഖലയില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. അധ്യാപനം, പഠനവും ആവശ്യമായ വിഭവങ്ങളും, പഠിച്ചിറങ്ങുന്ന ബിരുദവിദ്യാര്‍ഥികള്‍, ഗവേഷണമികവ്, വിജ്ഞാനവ്യാപനം മുതലായവയാണു വിലയിരുത്തപ്പെടുന്നത്. രാജ്യത്തു 2021 ലെ കണക്കനുസരിച്ച്് 1113 സര്‍വകലാശാലകളും 43,796 കോളേജുകളുമുണ്ട്.
എന്നാല്‍, 12.8 ശതമാനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേ എന്‍.ഐ.ആര്‍.എഫിനു അപേക്ഷിച്ചിട്ടുള്ളൂ. ഇവയില്‍ ഗ്രാമീണമേഖലയിലെ സ്ഥാപനങ്ങള്‍ തീരെ കുറവാണ്. രാജ്യത്ത് 43 ശതമാനം സര്‍വകലാശാലകളും 61.4 ശതമാനം കോളേജുകളും ഗ്രാമീണമേഖലയിലാണ്.

എന്‍.ഐ.ആര്‍.എഫ് – 2023 ലെ ആദ്യത്തെ 100 റാങ്കിങ് സ്ഥാപനങ്ങളില്‍ 35 സ്ഥാപനങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും 32 എണ്ണം ഡല്‍ഹിയില്‍ നിന്നുമുണ്ട്. കേരളത്തില്‍ നിന്നുള്ള 14 സ്ഥാപനങ്ങള്‍ ആദ്യത്തെ 100 റാങ്കിങ്ങിലുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുള്ള യു.പി, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ തീരെ കുറവായിരുന്നു. 81 ശതമാനത്തോളം ഗുണനിലവാരത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മേല്‍സൂചിപ്പിച്ച സംസ്ഥാനങ്ങളിലെ മികച്ച സ്ഥാപനങ്ങള്‍ റാങ്കിങ് സര്‍വേയില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍, ആവശ്യമായ അധ്യാപക- വിദ്യാര്‍ഥി അനുപാതത്തില്‍ ആദ്യറാങ്കിങ്ങില്‍പ്പെട്ട സ്ഥാപനങ്ങളും പിറകിലാണ്. ശരാശരി അധ്യാപകരുടെ എണ്ണം ആദ്യത്തെ 100 റാങ്കിങ്ങില്‍പ്പെട്ട സ്ഥാപനങ്ങളില്‍ 645 ആണ്. എന്നാല്‍, മറ്റു സര്‍വകലാശാലകളിലിത് 242 ആണ്. 33.98 ശതമാനം എഞ്ചിനീയറിംഗ് കോളേജുകളില്‍ മാത്രമേ എ.ഐ.സി.ടി.ഇ. നിഷ്‌കര്‍ഷിക്കുന്ന 1 :20 അധ്യാപക -വിദ്യാര്‍ഥി അനുപാതം നിലവിലുള്ളൂ. മികവുറ്റ, ഇംപാക്ട് ഫാക്ടറുള്ള ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ കാര്യത്തില്‍ സ്ഥാപനങ്ങള്‍ ഏറെ പിറകിലാണ്. സര്‍വേയില്‍ പങ്കെടുത്ത 12.3 ശതമാനം സ്ഥാപനങ്ങളില്‍ നിന്നാണു 90 ശതമാനത്തോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ആഗോള ശാസ്ത്രപ്രസിദ്ധീകരണങ്ങളില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ സംഭാവന ചെയ്യുന്നത് 4 .81 ശതമാനം മാത്രമാണ്. അതേസമയം, ചൈനയുടെ വിഹിതം 26 ശതമാനമാണ്. മാത്രമല്ല, ചൈനയില്‍ സര്‍വകലാശാല, ഗവേഷണ ഫാക്കല്‍റ്റി എന്നിവയുടെ എണ്ണത്തില്‍ യഥാക്രമം 140 ശതമാനം, 69 ശതമാനം വര്‍ധനയുണ്ട്. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണത്തിനുള്ള ബജറ്റ്‌വിഹിതം തീരെ കുറവാണ്. ഗവേഷണത്തിനു പ്രാമുഖ്യം നല്‍കാന്‍ ഈയിടെയാണു കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍- 2023 നു രൂപം കൊടുത്തത്.

കേരളം
പിറകോട്ട്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ കണ്ടുവരുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിക്കുന്ന പ്രവണത സംസ്ഥാനത്തു വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍.ഐ.ആര്‍.എഫില്‍ കേരളത്തെക്കാള്‍ പിറകിലായിരുന്ന സംസ്ഥാനങ്ങള്‍ മുന്നേറിയതായി കാണാം. 2020 വരെ കേരളം ക്രമമായി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും 2023 ആയതോടെ പിറകോട്ടുപോയി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിലെ കോളേജുകള്‍ പിറകോട്ടുപോയിട്ടുണ്ട്. എന്‍.ഐ.ആര്‍.എഫില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള 150 സ്ഥാപനങ്ങളില്‍ കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകളുടെ റാങ്കിങ് യഥാക്രമം 24, 31, 37, 70 സ്ഥാനത്തായിരുന്നു. 100 ല്‍ 20 കോളേജുകള്‍വരെ 2020 ല്‍ മുന്നേറിയെങ്കിലും തുടര്‍ന്നങ്ങോട്ട് വീണ്ടും പിറകിലായി.

അക്കാദമിക് കൗണ്‍സിലുകളും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും ലക്ഷ്്യം വിലയിരുത്തി പ്രവര്‍ത്തിക്കണം. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇടവരുത്തരുത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നം വിലയിരുത്തിയുള്ള പരിഹാരമാര്‍ഗങ്ങളാണാവശ്യം.. വൈസ് ചാന്‍സലര്‍മാരും ഗവേണിംഗ് ബോഡി അംഗങ്ങളും ഗുണമേന്മ വിലയിരുത്തി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണം. ഇവ രാഷ്ട്രീയത്തിനതീതമായി പുന:സംഘടിപ്പിക്കപ്പെടണം. വ്യവസായസ്ഥാപനങ്ങളുമായുള്ള അക്കാദമികസഹകരണം പ്ലേസ്മെന്റിലും ഗവേഷണത്തിലും ഊര്‍ജിതപ്പെടുത്തണം. സംരംഭകത്വത്തിനു ഊന്നല്‍ നല്‍കുന്നതോടൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ദേശീയ വിദ്യാഭ്യാസനയത്തിലെ മികച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. അധ്യാപകരുടെയും ഗവേഷകരുടെയും ശാസ്ത്ര ലേഖനങ്ങള്‍ ലോകോത്തര നിലവാരമുള്ള ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെടണം. പഠനത്തോടൊപ്പം മനോഭാവത്തിനും തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കണം. ആഗോളതലത്തിലെ മികച്ച മാതൃകകള്‍ കേരളത്തിലും പ്രവര്‍ത്തികമാക്കണം. പ്രശ്‌നാധിഷ്ഠിത, ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. വസ്തുതകള്‍ വിലയിരുത്തി ന്യുനതകള്‍ പരിഹരിച്ചു മുന്നോട്ടുനീങ്ങാന്‍ ഇനിയും വൈകരുത്. എന്നാലേ വിദ്യാര്‍ഥികളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്ക് ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കൂ.

 

 

 

(മൂന്നാംവഴി സഹകരണമാസിക ആഗസ്റ്റ് ലക്കം – 2023)

[mbzshare]

Leave a Reply

Your email address will not be published.