അര്‍ബന്‍ ബാങ്കുകളുടെ വ്യക്തിഗത ഓഹരി അഞ്ചു ശതമാനമാക്കി കുറച്ചു

Deepthi Vipin lal

അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ വ്യക്തികള്‍ക്ക് എടുക്കാവുന്ന ഓഹരിയുടെ പരിധി അഞ്ചു ശതമാനമാക്കി കുറച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി. ഇതിന് സംസ്ഥാന സഹകരണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ഒക്ടോബര്‍ നാലിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. അര്‍ബന്‍ ബാങ്ക് ഒഴികെയുള്ള മറ്റ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഈ വ്യവസ്ഥ ബാധകമാവില്ല.

അര്‍ബന്‍ ബാങ്കുകളില്‍ അടച്ചുതീര്‍ത്ത മൂലധനത്തിന്റെ (പെയ്ഡ് അപ്പ് ഷെയര്‍ ക്യാപ്പിറ്റല്‍ ) അഞ്ചു ശതമാനമായാണ് വ്യക്തിഗത ഓഹരി പരിമിതപ്പെടുത്തിയത്. സംസ്ഥാന സഹകരണ നിയമപ്രകാരം അംഗീകൃത ഓഹരി മൂലധനത്തിന്റെ ( ഓതറൈസ്ഡ് ഷെയര്‍ ക്യാപ്പിറ്റല്‍ ) അഞ്ചിലൊന്നാണ് ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്നത്. അര്‍ബന്‍ ബാങ്കുകളില്‍ ഈ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി റിസര്‍വ് ബാങ്ക് ഇക്കാര്യം ആവര്‍ത്തിച്ചുവരികയായിരുന്നു. ഇപ്പോഴാണ് സംസ്ഥാന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.

അംഗീകൃത ഓഹരി മൂലധനത്തിന്റെ പകുതിപോലും സംഘങ്ങള്‍ പിരിച്ചെടുക്കാറില്ല. അതുകൊണ്ടുതന്നെ വ്യക്തിഗത ഓഹരിയ്ക്ക് പരിധിവരുന്നത് സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ബാധിക്കാറില്ല. എന്നാല്‍, അംഗീകൃത ഓഹരിയല്ല അടച്ചുതീര്‍ത്ത ഓഹരിയാണ് പരിധി കണക്കാക്കുമ്പോള്‍ ബാധകമാകേണ്ടത് എന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. അതുകൊണ്ട് അടച്ചുതീര്‍ത്ത മൂലധനത്തിന്റെ അഞ്ചു ശതമാനമാണ് അര്‍ബന്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരിയുടെ പരിധി. എന്നാല്‍, സര്‍ക്കാര്‍ എടുക്കുന്ന ഓഹരികള്‍ക്ക് പരിധി ബാധകമല്ല. സഹകരണ സംഘം നിയമത്തിലെ 22-ാം വകുപ്പിലാണ് ഭേദഗതി കൊണ്ടുവരുന്നത്.

സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയില്‍നിന്ന് രണ്ടു ശതമാനം വരെ ഓഹരി പിടിക്കാറുണ്ട്. ഇനി അര്‍ബന്‍ ബാങ്കുകള്‍ ഇത്തരത്തില്‍ ഓഹരി പിടിക്കുമ്പോള്‍ അത് മൊത്തം ഓഹരിയുടെ അഞ്ചു ശതമാനത്തില്‍ കൂടിയ തുകയാകാന്‍ പാടില്ല. വായ്പാ ഇടപാട് കൂടിയ ഒരാളെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥ സഹായകമാകും.

ഓഡിറ്റ് സംവിധാനത്തിലെ പരിഷ്‌കരണം, വിജിലന്‍സ് സംവിധാനം ശക്തമാക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആ ഭേദഗതിയും വരുന്ന നിയമസഭാ സമ്മേളനത്തില്‍ വരുമെന്നു സൂചനയുണ്ട്. എന്നാല്‍, ഇതുവരെ അതിനുള്ള ബില്‍ തയ്യാറാക്കി സഹകരണ വകുപ്പ് നിയമസഭയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Latest News