അമുല്‍ മാതൃകയിലുള്ള ക്ഷീരോല്‍പ്പാദക സഹകരണസംഘം വേണമെന്നു തമിഴ്‌നാട്ടില്‍ ആവശ്യമുയരുന്നു

moonamvazhi

തമിഴ്‌നാട്ടില്‍ ഗുജറാത്തിലെ അമുല്‍ ( ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് ) മാതൃകയിലുള്ള സഹകരണ ക്ഷീരോല്‍പ്പാദക ഫെഡറേഷന്‍ വേണമെന്ന് ആവശ്യമുയര്‍ന്നു. തമിഴ്‌നാട് ക്ഷീരോല്‍പ്പാദക ക്ഷേമ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി. രാജേന്ദ്രനാണു ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ പാല്‍വിപണിയിലേക്കു കടക്കാനുള്ള അമുലിന്റെ നീക്കത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ശക്തിയായി എതിര്‍ക്കുമ്പോഴാണു സംസ്ഥാനത്തിനകത്തുനിന്ന് ഇത്തരമൊരു ആവശ്യമുയര്‍ന്നിരിക്കുന്നത്. തമിഴ്‌നാട് ക്ഷീരവിപണിയില്‍ കടന്നുകയറാനുള്ള അമുലിന്റെ നീക്കത്തെ ചെറുക്കണമെന്നു ഏതാനും ദിവസം മുമ്പു കേന്ദ്ര സഹകരണമന്ത്രി അമിത് ഷായ്ക്കയച്ച കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

്അമുല്‍ മാതൃകയിലുള്ള സഹകരണസംരംഭത്തെ അനുകൂലിക്കുന്നവര്‍ പല നേട്ടങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ കന്നുകാലികള്‍ക്കു ചികിത്സയും സ്ഥിരമായി സൗജന്യമരുന്നുകളും കിട്ടുന്നതു പ്രധാന നേട്ടമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കറവപ്പശുക്കളുടെ ക്ഷേമവും അമുലിനെപ്പോലൊരു സംഘടനയുണ്ടെങ്കില്‍ എളുപ്പമാവുമെന്നു ഇവര്‍ കരുതുന്നു.

മെയ് 25 നാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സഹകരണമന്ത്രി അമിത് ഷായ്ക്കു കത്തയച്ചത്. തമിഴ്‌നാട്ടില്‍നിന്നു പാല്‍ സംഭരിക്കാനുള്ള അമുലിന്റെ നീക്കം തടയണമെന്നതായിരുന്നു സ്റ്റാലിന്റെ ആവശ്യം. സഹകരണസംഘങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ പാല്‍വിപണിയില്‍ കടന്നുകയറുന്നതു സഹകരണത്തിന്റെ അന്തസ്സത്തയ്ക്കു യോജിച്ചതല്ലെന്നു സ്റ്റാലിന്‍ കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ബഹു സംസ്ഥാന ( മള്‍ട്ടി സ്റ്റേറ്റ് ) സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അമുലിനു ഒരു പരിധിവരെ മറ്റു സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം നടത്താനാവും. അമുല്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ചില്ലിങ് യൂണിറ്റുകളും സംസ്‌കരണപ്ലാന്റും സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി സ്റ്റാലിന്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, റാണിപെട്ട്, തിരുപ്പത്തൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കര്‍ഷക ഉല്‍പ്പാദക സംഘടനകളില്‍ നിന്നും ( എഫ്.പി.ഒ ) സ്വാശ്രയസംഘങ്ങളില്‍നിന്നും പാല്‍ സംഭരിക്കാന്‍ അമുലിനു ഉദ്ദേശ്യമുണ്ടെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി സഹകരണാശയവുമായി പ്രവര്‍ത്തിക്കുന്ന ആവിന്റെ ( തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ ) താല്‍പ്പര്യങ്ങളെ ഇതു ഹനിക്കുമെന്നു സ്റ്റാലിന്‍ ആശങ്കപ്പെട്ടിരുന്നു. പാലും പാലുല്‍പ്പന്നങ്ങളും സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സഹകരണസംഘങ്ങള്‍ക്കിടയില്‍ അമുലിന്റെ ഇത്തരം നീക്കം അനാരോഗ്യകരമായ മത്സരങ്ങള്‍ക്കിടയാക്കും – സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

അമുലിന്റെ വരവോടെ തങ്ങളും പാല്‍സംഭരണവില കൂട്ടേണ്ടിവരുമെന്നു ആവിന്‍ കരുതുന്നു. സംഭരണവില കൂട്ടിയില്ലെങ്കില്‍ ആവിനു തങ്ങള്‍ പാല്‍ കൊടുക്കില്ലെന്നു മധുര ജില്ലയിലെ ക്ഷീരോല്‍പ്പാദകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, ഗുജറാത്തിനു പുറത്ത് ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ചെയ്തതുപോലെ തമിഴ്‌നാട്ടില്‍ സഹകരണസംഘം രൂപവത്കരിക്കാന്‍ അമുലിനു കഴിയില്ലെന്നാണ് ആവിനിന്റെ വാദം. ക്ഷീര കര്‍ഷകരുടെ ഉറച്ച പിന്തുണയുള്ളതുകൊണ്ട് അമുലിന്റെ രംഗപ്രവേശം തങ്ങള്‍ക്കു ഭീഷണിയാവില്ലെന്നാണു ആവിന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നത്. മാത്രമല്ല, ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി ആവിന്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നു ഇവര്‍ പറയുന്നു. നല്ല കറവയുള്ള രണ്ടു ലക്ഷം പശുക്കളെ വാങ്ങാനും കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ അമ്പതു ശതമാനം സബിസിഡി നല്‍കാനും കാലിത്തീറ്റയും വൈക്കോലും കൂടുതല്‍ വിതരണം ചെയ്യാനുമുള്ള നടപടികള്‍ ഇവയില്‍പ്പെടും.

അമുലിനെതിരായ തമിഴ്‌നാടിന്റെ നീക്കത്തില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതികരിക്കുകയുണ്ടായി. അമുലും ആവിനും കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതും പ്രൊഫഷണലുകള്‍ നിയന്ത്രിക്കുന്നതുമായ ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളാണെന്നും ഇത്തരം സംഘടനകളുടെ ബിസിനസില്‍ ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥമേധാവിയോ ഇടപെടുന്നത് അഭിലഷണീയമല്ലെന്നുമാണു ‘ അമുലിനെ ആര്‍ക്കാണു പേടി ‘ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതികരിച്ചത്. അമുലിന്റെ തമിഴ്‌നാട്പ്രവേശനം ക്ഷീരോല്‍പ്പാദകരെയോ ഉപഭോക്താക്കളെയോ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ല. അമുലിന്റെ കൂടുതല്‍ ബ്രാന്‍ഡുകള്‍ വരുന്നത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കും. നഷ്ടപ്പെടാനുള്ളത് ഒരുപക്ഷേ, സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനമായ ആവിനു മാത്രമായിരിക്കും – പത്രം വിലയിരുത്തുന്നു. സംസ്‌കരണ പ്ലാന്റുകളും ചില്ലിങ് യൂണിറ്റുകളും സ്ഥാപിക്കാനുള്ള അമുലിന്റെ നീക്കങ്ങളെ മുഖ്യമന്ത്രി സ്റ്റാലിന്‍ സ്വാഗതം ചെയ്യുകയാണു വേണ്ടതെന്നു പത്രം പറയുന്നു.

 

Leave a Reply

Your email address will not be published.