അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനം വെള്ളിയാഴ്ച തുടങ്ങുന്നു
കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനം ( CANCON ) ആഗസ്റ്റ് 30 വെള്ളിയാഴ്ച ആരംഭിക്കുന്നു. സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സംവാദം, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ കാന്‍സര്‍ സെന്ററുകളില്‍ നിന്നും എഴുനൂറോളം ഡോക്ടര്‍മാര്‍ പങ്കെടുക്കും. കാന്‍സര്‍ ചികിത്സയില്‍ ഉപരിപഠനം നടത്തുന്ന ഇരുനൂറോളം വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ മൂന്നു ഹാളുകളാണ് സമ്മേളനവേദികള്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇവിടെ അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനം നടക്കുന്നത്.
കാന്‍സര്‍ ആരംഭിച്ച ശരീരാവയവത്തില്‍ നിന്നു മറ്റു ശരീര ഭാഗങ്ങളിലേക്കു അസുഖം പടരുന്നത് തടയുന്നതിനുള്ള നൂതന ചികിത്സാവിധികളും അവയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെ എങ്ങനെ മറികടക്കാം എന്നതുമാണ് ഇത്തവണത്തെ സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാവിഷയമെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടറും പ്രമുഖ കാന്‍സര്‍ ചികിത്സകനുമായ ഡോ. നാരായണന്‍കുട്ടി വാരിയര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ബയോ ടെക്‌നോളജി വിദഗ്ധരും എന്‍ജിനിയര്‍മാരും നാനോ ടെക്‌നോളജി, മോളിക്യുലാര്‍ ടെക്‌നോളജി വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യയിലെ ആദ്യകാല കാന്‍സര്‍ വിദഗ്ധരിലൊരാളും അഡയാര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും പത്മവിഭൂഷണ്‍ ജേത്രിയുമായ ഡോ. വി. ശാന്തയാണ് മൂന്നു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ ഡോ. രാജേന്ദ്ര എ. ബാഡ്‌വേ , നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. രത്ത് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന്റെ സമാപന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും .
നൂതന ചികിത്സാരീതികളെക്കുറിച്ച് വര്‍ക്ക്‌ഷോപ്പ്
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പുകളാണ് സമ്മേളനത്തിന്റെ ഒരു പ്രത്യേകത. ശസ്ത്രക്രിയ, റേഡിയേഷന്‍ തുടങ്ങിയ മേഖലകളിലെ നൂതനവും സങ്കീര്‍ണത ഏറിയതുമായ ചികിത്സാരീതികളെക്കുറിച്ച് വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്യും. വയറിനുള്ളിലെ വലിയ അര്‍ബുദങ്ങള്‍ക്കുള്ള നൂതന ശസ്ത്രക്രിയാ രീതിയായ ഹൈപ്പെക്കിനെക്കുറിച്ചും അതിനുവേണ്ട പ്രത്യേക അനസ്‌തേഷ്യാ സംവിധാനങ്ങളെക്കുറിച്ചും ചികിത്സ കഴിഞ്ഞാലുള്ള തീവ്ര പരിചരണം, ഫിസിയോ തെറപ്പി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും.
കാന്‍സര്‍ ചികിത്സക്കുശേഷം ചിലരില്‍ കാണപ്പെടുന്ന ലിംഫെഡിമ എന്ന അവസ്ഥ തടയുന്നതിനെക്കുറിച്ച് ഫിസിയോതെറപ്പി വിദഗ്ധര്‍ സംസാരിക്കും. കാന്‍സറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. കളുടെ ഒത്തുചേരലും ചര്‍ച്ചകളുമാണ് സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത. കാന്‍സര്‍ രോഗമുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചും ഇവയെ അതിജീവിക്കാന്‍ സ്വീകരിക്കേണ്ട ഇടപെടലുകളെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യും.
കാന്‍സര്‍ രംഗത്ത് രാജ്യത്തിനകത്തും പുറത്തും നടന്നിട്ടുള്ള അമ്പതിലധികം പഠനങ്ങളുടെ ഫലത്തെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തുന്നുണ്ട്.
കാന്‍സര്‍ ചികിത്സകരല്ലാത്ത ഡോക്ടര്‍മാര്‍ക്കുവേണ്ടി അവസാനദിവസമായ ഞായറാഴ്ച പ്രത്യേക സെമിനാറും വര്‍ക്ക്‌ഷോപ്പും നടക്കും. കാന്‍സര്‍ എങ്ങനെ നേരത്തേ കണ്ടുപിടിക്കാം, കണ്ടുപിടിച്ചാല്‍ സമയം കളയാതെ ചികിത്സ തുടങ്ങാന്‍ എന്തു ചെയ്യണം, കാന്‍സര്‍ സെന്ററുകളില്‍ ചികിത്സയെടുത്ത് വീട്ടില്‍ മടങ്ങിയെത്തുന്ന രോഗികള്‍ക്ക് പെട്ടെന്ന് എന്തെങ്കിലും ബുദ്ധിമുട്ടു വന്നാല്‍ സമീപത്തുള്ള ഡോക്ടര്‍മാര്‍ എന്തു ചെയ്യണം തടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയര്‍ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. ഡോ. കെ.വി. സജീവന്‍, ഡോ. ദിലീപ് ദാമോദരന്‍, ഡോ. വിജയഗോപാല്‍ കെ.എസ്. എന്നിവരാണ് പ്രധാന സംഘാടകര്‍.
ഡോ. നാരായണന്‍കുട്ടി വാരിയര്‍ക്കു പുറമേ ഡോ. കെ.വി. സജീവന്‍, ഡോ. ദിലീപ് ദാമോദരന്‍, ഡോ. വിജയഗോപാല്‍ കെ.എസ്, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍, കെയര്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍മാരായ എന്‍. സി. അബുബക്കര്‍, ടി.വി. വേലായുധന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
[mbzshare]