അതിര്‍ത്തി കടക്കുന്ന ധവളവിപ്ലവം: ദേശീയ ക്ഷീര വികസന ബോര്‍ഡ് അനുരഞ്ജനയോഗം വിളിക്കുന്നു

moonamvazhi

രാജ്യത്തെ പാലുല്‍പ്പന്ന വിപണിയിലെ ഒന്നാംസ്ഥാനക്കാരായ അമുല്‍, രണ്ടാം സ്ഥാനക്കാരായ നന്ദിനി എന്നീ ബ്രാന്‍ഡുകള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള പാല്‍ക്കച്ചവടത്തില്‍ തുടങ്ങിയ തര്‍ക്കത്തില്‍ കേരളത്തില്‍നിന്നു മില്‍മയും കക്ഷി ചേര്‍ന്നതോടെ ദേശീയ ക്ഷീര വികസന ബോര്‍ഡ് ( എന്‍.ഡി.ഡി.ബി ) അനുരഞ്ജനനീക്കവുമായി രംഗത്തെത്തി. രാജ്യത്തെ സഹകരണ ക്ഷീര ഫെഡറേഷനുകളുടെ ചെയര്‍മാന്മാരുടെയും മാനേജിങ് ഡയരക്ടര്‍മാരുടെയും യോഗം ഈ മാസാവസാനം വിളിച്ചുചേര്‍ത്തു പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാണു ക്ഷീര വികസന ബോര്‍ഡിന്റെ ശ്രമം.

കേരള പാല്‍വിപണിയിലേക്കു കടന്നുകയറാനുള്ള നന്ദിനി ബ്രാന്‍ഡിന്റെ നീക്കത്തെ മില്‍മ ( കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ) ചെയര്‍മാന്‍ കെ.എസ്. മണി ശക്തമായി എതിര്‍ക്കുകയുണ്ടായി. മഞ്ചേരിയിലും കൊച്ചിയിലും നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറന്നതിനെ മണി വിമര്‍ശിച്ചു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ക്ഷീരകര്‍ഷകരെ അണിനിരത്തി ചെറുക്കുമെന്നും കര്‍ണാടകത്തില്‍നിന്നു പാല്‍ വാങ്ങുന്നതു മില്‍മ അവസാനിപ്പിക്കുമെന്നും മണി മുന്നറിയിപ്പു നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള പാല്‍വിപണനം സഹകരണതത്വത്തിനു എതിരാണെന്നും നിലവിലുള്ള കരാറുകളുടെ ലംഘനമാണെന്നും മണി അഭിപ്രായപ്പെട്ടു. സഹകരണസംഘങ്ങള്‍ തമ്മില്‍ സഹകരിക്കുകയാണു വേണ്ടത് അല്ലാതെ പരസ്പരം മത്സരിക്കുകയല്ല- അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വാരാണസിയില്‍ ചേര്‍ന്ന ദേശീയ സഹകരണ ക്ഷീര വികസന ഫെഡറേഷന്റെ യോഗത്തില്‍ മണി ഉന്നയിക്കുകയും ചെയ്തു. തങ്ങളുടെ വാദങ്ങള്‍ നിരത്തിക്കൊണ്ട് ദേശീയ ക്ഷീര വികസന ബോര്‍ഡിനു വിശദമായ കത്തു നല്‍കിയ മില്‍മ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് ഷാ അനുരഞ്ജനനീക്കവുമായി രംഗത്തെത്തിയത്.

ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( ജി.സി.എം.എം.എഫ് ) കീഴിലുള്ള ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡിന്റെ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അമുല്‍ രാജ്യത്തെ പാലുല്‍പ്പന്നവിപണിയില്‍ ഒന്നാം സ്ഥാനക്കാരാണ്. കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ ( കെ.എം.എഫ് ) പാലുല്‍പ്പന്നങ്ങളാണു നന്ദിനി ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നത്. 2015 മുതല്‍ അമുല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകവിപണിയിലുണ്ട്. ഇരു ബ്രാന്‍ഡുകളും തമ്മില്‍ ചെറുതായി മത്സരമുണ്ടെങ്കിലും അതാരും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, 2022 ഡിസംബറില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസംഗം വിവാദത്തിനിടയാക്കി. ക്ഷീരമേഖലയിലെ പ്രബലരായ അമുലും നന്ദിനിയും പരസ്പരം സഹകരിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണു കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നന്ദിനിയുടെ പ്ലാന്റ് ഉദ്ഘാടനം ചെയ്യവേ അമിത് ഷാ പ്രസംഗിച്ചത്. കര്‍ണാടകത്തിലെ പ്രതിപക്ഷം ഇതേറ്റുപിടിച്ചു. അമുല്‍ നന്ദിനിയെ വിഴുങ്ങാന്‍ പോവുകയാണെന്നും അതിനു കര്‍ണാടകത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും ഇതു വലിയ വിഷയമായിരുന്നു.

‘  അതിര്‍ത്തി കടക്കുന്ന ധവളവിപ്ലവം ‘  എന്ന തലക്കെട്ടില്‍ ‘ മൂന്നാംവഴി ‘ മാസികയുടെ മെയ് ലക്കത്തില്‍ ഈ വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.